ആശയുടെ പണമിടപാടിനെ കുറിച്ച് അറിയില്ലായിരുന്നു; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പണം വാങ്ങിയ വിവരം അറിയുന്നത്; പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്ന് ഭര്‍ത്താവ് ബെന്നി; 10 ലക്ഷത്തിനു 24 ലക്ഷം നല്‍കണമെന്ന് റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ ആത്മഹത്യാ കുറിപ്പില്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ കുടുംബം
ആശയുടെ പണമിടപാടിനെ കുറിച്ച് അറിയില്ലായിരുന്നു; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പണം വാങ്ങിയ വിവരം അറിയുന്നത്
കൊച്ചി: വടക്കന്‍ പറവൂരില്‍ വട്ടിപ്പലിശക്കാരായ റിട്ട പൊലീസ് ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പലിശക്കാര്‍ക്കെതിരെ യുവതിടെ ഭര്‍ത്താവ്. താനറിയാതെയാണ് ആശ പണമിടപാട് നടത്തിയതെന്നാണ് ഭര്‍ത്താവ് ബെന്നി മാധ്യമങ്ങളോട് പറഞ്ഞത്. ആശയുടെ പണമിടപാടിനെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പണം വാങ്ങിയ വിവരം അറിയുന്നതെന്നും ബെന്നി പറഞ്ഞു. എന്തിനാണ് ആശ പണം കടംവാങ്ങിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.
കോട്ടുവള്ളി സ്വദേശി ആശ ബെന്നിയാണ് ഇന്നലെ പുഴയില്‍ ചാടി ജീവനൊടുക്കിയത്. ഭീഷണിയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി. രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ പത്ത് ലക്ഷം രൂപ, പലിശ സഹിതം 24 ലക്ഷം രൂപ മടക്കി നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് കുറിപ്പില്‍ പറയുന്നു. മുതലിന്റെ മൂന്നിരട്ടിവരെ മടക്കി നല്‍കിയിട്ടും പ്രദീപ്കുമാറും കുടുംബവും ഭീഷണി തുടര്‍ന്നുവെന്നുമാണ് ആശയുടെ കുടുംബത്തിന്റെ ആരോപണം.
'വട്ടിപ്പലിശക്കാര്‍ വന്ന് പ്രശ്‌നമുണ്ടാക്കി, നിങ്ങളെയും മക്കളേയും ജീവിക്കാന്‍ അനുവദിക്കില്ല. പത്തുലക്ഷവും അതിന്റെ ഇരട്ടിയുടെ ഇരട്ടിയും നല്‍കിയിരുന്നു. സ്റ്റേഷനില്‍ നിന്നും വരുന്ന വഴിയാണ് സംഭവമറിഞ്ഞത്, പ്രശ്‌നമുണ്ടാക്കണ്ടല്ലോയെന്നു കരുതി അല്‍പം കഴിഞ്ഞാണ് വീട്ടിലെത്തിയതെന്നും ആശയുടെ ഭര്‍ത്താവ് പറയുന്നു. സ്റ്റേഷനിലും പിന്നീട് വീട്ടിലെത്തിയും ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങളും ആശയുടെ കുടുംബം പുറത്തുവിട്ടു.
ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയില്‍ ചാടി ആശ ജീവനൊടുക്കിയത്. അയല്‍വാസിയായ റിട്ടയേര്‍ഡ് പൊലീസുകാരന്റെ ഭാര്യയുടെ ഭീഷണിക്ക് പിന്നാലെയാണ് ആശ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും അയല്‍വാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്നതാണ് കണ്ടെത്തിയ കുറിപ്പ്.
കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭര്‍ത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് പോലും ബിന്ദുവില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഭീഷണി ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഭീഷണിയെ കുറിച്ച് ആശ ആലുവ റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.
2022 ലാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയത്. പലതവണയായി തുക മുഴുവന്‍ തിരികെ നല്‍കിയതായും പറയുന്നു. എന്നാല്‍, കൂടുതല്‍ തുക നല്‍കാനുണ്ടെന്നും എത്രയും വേഗം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനടക്കം ആശയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.
നാല് ദിവസം മുമ്പ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനു ശേഷം ഇരുകൂട്ടരേയും എസ്പി ഓഫീസില്‍ വിളിച്ചു വരുത്തി ചര്‍ച്ചകളും നടന്നിരുന്നു. ഇനി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തരുതെന്നും തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ ഉദ്യോഗസ്ഥന് പൊലീസ് മുന്നറിയിപ്പും നല്‍കിയതാണ്. വൈകുന്നേരം മൂന്ന് മണിക്കാണ് ആശയുടെ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.