വീട്ടിലെ പ്രസവത്തില്‍ ഭാര്യ മരിച്ചതില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി; മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍; മന്ത്രവാദത്തെ അടക്കം പ്രോത്സാഹിപ്പിക്കുന്ന യുട്യൂബ് ചാനലിനെ കുറിച്ചും അന്വേഷണം
വീട്ടിലെ പ്രസവത്തില്‍ ഭാര്യ മരിച്ചതില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രവാദം അടക്കമുള്ള കാര്യങ്ങളാണ് ഇയാളുടെ യുട്യൂബ് ചാനലില്‍ ഉണ്ടായിരുന്നത്.
അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അസ്മയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടിലുള്ളത്. പ്രസവശേഷം യുവതിക്ക് നേരായ ഒരു വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്ന് അതിദാരുണമായിട്ടാണ് യുവതി മരിച്ചത്. നേരായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ യുവതിക്ക് ജീവന്‍ നഷ്ടപ്പെടില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതിനിടെ, മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ അല്ലെങ്കില്‍ അക്യൂപഞ്ചര്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മലപ്പുറത്തെ വീട്ടില്‍വെച്ചാണ് അസ്മ പ്രസവിക്കുന്നത്. ഒമ്പത് മണിയോടെയാണ് അസ്മ മരിച്ച വിവരം ഭര്‍ത്താവ് സിറാജുദ്ധീന്‍ അറിയുന്നത്. രക്തസ്രാവം ഉണ്ടായിട്ടുപോലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഇടപെടല്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കുന്നു. ശ്വാസം മുട്ടല്‍ ഉണ്ടെന്ന് പറഞ്ഞാണ് ആംബുലന്‍സ് വിളിച്ചത്. ഇതില്‍ മലപ്പുറത്തുനിന്ന് പെരുമ്പാവൂരിലെ അസ്മയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരികയായിരുന്നു. കൊണ്ടുവരുന്ന വഴിക്ക് 12 മണിയോടെയാണ് അസ്മയുടെ ബന്ധുക്കള്‍ മരണവിവരം അറിയുന്നത്.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. ചോരക്കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ അതേ ആംബുലന്‍സില്‍തന്നെ അസ്മയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കെസെടുത്തിരിക്കുന്നത്.
മൃതദേഹവുമായി വീട്ടിലെത്തുമ്പോഴാണ് മരണവിവരം എല്ലാവരും അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് പ്രസവം കഴിഞ്ഞതാണ്. രാത്രി ഒമ്പത് മണിയോടെയാണ് മരണം സംഭവിക്കുന്നത്. പ്രസവിച്ച വിവരമോ മരിച്ചവിവരമോ പെണ്‍കുട്ടിയുടെ വീട്ടുകാരോടോ ബന്ധുക്കളോടോ പറഞ്ഞിരുന്നില്ല. മരണം സംഭവിച്ചതിന് ശേഷം അവിടെനിന്ന് ആംബുലന്‍സ് വിളിച്ച് വീട്ടിലേക്ക് വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്ന് മരിച്ച അസ്മയുടെ അയല്‍വാസി അന്‍സാര്‍ പറഞ്ഞു.
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മൂന്ന് പ്രസവം നടന്നത് വീട്ടിലാണ്. ആലപ്പുഴ സ്വദേശിയാണ് ഭര്‍ത്താവ്. താമസിക്കുന്നത് മലപ്പുറത്ത് വാടക വീട്ടിലാണ്. പതിനൊന്ന് മണിക്ക് ശേഷമാണ് മരിച്ചതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അങ്ങനെയല്ല. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ കൈ ഒക്കെ മരവിച്ചിട്ടുണ്ടായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ആളുകള്‍ പറയുന്നു.
പ്രസവശേഷം മരണവെപ്രാളം കാണിച്ചിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. സ്വന്തം കുട്ടിയോട് വെള്ളം വേണമെന്ന് പറഞ്ഞ് വെള്ളം കൊടുത്തപ്പോഴും മതിയായ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. പ്രസവസമയത്ത് വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. അദ്ദേഹം മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. ഒറ്റപ്പെട്ട വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. അയല്‍വാസികളൊന്നും ഇല്ലാത്തതുകൊണ്ട് ദൂരെനിന്ന് ആളുകളെ വിളിച്ചുവരുത്തിയാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതെന്നും അന്‍സാര്‍ പറയുന്നു.
ചോരക്കുഞ്ഞിനെ പോലും ആശുപത്രിയില്‍ ആക്കിയില്ല. ആ കുഞ്ഞിനേയും കൊണ്ടാണ് കിലോമീറ്ററോളം സഞ്ചരിച്ച് ഇവിടെ എത്തിച്ചത്. പിന്നീട് ഞങ്ങളാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. ഐസിയുവിലാണ് കുഞ്ഞ്. ഒന്നും പറയാറായിട്ടില്ല. സിദ്ധചികിത്സയുമൊക്കെ ആയി നടക്കുന്നയാളാണ് അസ്മയുടെ ഭര്‍ത്താവെന്നാണ് അറിയുന്നത്. ആശുപത്രിയിലെ ചികിത്സയെ ഒക്കെ എതിര്‍ക്കുന്നവരാണ് ഇവരെന്നും അന്‍സാര്‍ വ്യക്തമാക്കി.
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം മനഃപൂര്‍വമായ നരഹത്യയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും പ്രതികരിച്ചു. ആശ വര്‍ക്കര്‍മാരോട് യുവതി മറഞ്ഞു നിന്നാണ് സംസാരിച്ചത്. അവബോധമില്ലാത്തത് കൊണ്ടല്ല മറഞ്ഞിരുന്നത്. അവര്‍ ബോധപൂര്‍വ്വം കാര്യങ്ങള്‍ മറച്ചുവെക്കുകയാണ്. കഴിഞ്ഞ വര്‍ഷം 500 ലധികം പ്രസവങ്ങളാണ് വീടുകളില്‍ നടന്നത്. ആ വര്‍ഷവും ഇതിന്റെ തോതില്‍ കുറവ് വന്നിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലും സമാനരീതിയില്‍ യുവതി രക്തം വാര്‍ന്ന് മരിച്ചിരുന്നു. കഴിഞ്ഞ ഒന്‍പത് മാസത്തനിടെ ഒന്‍പത് കുഞ്ഞുങ്ങളാണ് വിട്ടിലെ പ്രസവത്തിനിടെ മരിച്ചത്. യഥാര്‍ത്ഥ കണക്കുകള്‍ ഇതില്‍ കൂടുതല്‍ വരും. വീടുകളില്‍ പ്രസവം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങളും നവ മാദ്ധ്യമ കൂട്ടായ്‌നകളും സജീവമാണ്. അടുത്തിടെ വീട്ടില്‍ പ്രസവിച്ച കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് ചാനലുകളില്‍ നിറഞ്ഞ നിന്ന ദമ്പതികള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതും ഇതിന്റെ ഭാഗമാണ്.