ഇടയ്ക്ക് വീട്ടിലേക്ക് എന്ന് പറഞ്ഞ് ഹോംനേഴ്‌സ് പോയത് കഠിനംകുളത്ത്; കൊല നടത്തി തിരിച്ചെത്തിയ ജോണ്‍സണ്‍ ഫോട്ടോ പുറത്തു വരാത്തതോടെ പ്രതീക്ഷയിലായി; ടിവിയില്‍ ചിത്രം എത്തിയതും ഒരു കീടനാശിനിയുടെ പേരു പറഞ്ഞിട്ട് അതു കഴിച്ചാല്‍ മരിക്കുമോയെന്ന് ചോദിച്ചു; നാട്ടുകാര്‍ വളഞ്ഞപ്പോള്‍ നിങ്ങള്‍ പോലീസാണോ എന്ന് ആക്രോശം; ജോണ്‍സണെ കുറിച്ചിക്കാര്‍ വലയിലാക്കിയത് ഇങ്ങനെ
കോട്ടയം; തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ക്കടന്ന് വീട്ടമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ ജോണ്‍സണിനെ വിശദമായി ചോദ്യം ചെയ്യാന്‍ കഠിനംകുളം പോലീസ്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് നിഗമനം. എങ്കിലും പോലീസ് വിശദ അന്വേഷണം തുടരും. ജോണ്‍സണ്‍ ഹോംനഴ്‌സായി ജോലി ചെയ്തതു കുറിച്ചി കാലായിപ്പടി ജംക്ഷന്‍ പഞ്ചായത്ത് കുളത്തിനു സമീപത്തെ വീട്ടിലാണ്. പ്ലമ്പിങ് ജോലി ചെയ്തിരുന്ന രാധാകൃഷ്ണന്റെ വീട്ടിലാണു ഹോംനഴ്‌സായി ഇയാള്‍ ജോലി ചെയ്തിരുന്നത്. കിടപ്പിലായ രാധാകൃഷ്ണന്റെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. രാധാകൃഷ്ണന്റെ ഭാര്യയും മകനും നേരത്തേ മരിച്ചു. മകളുടെ വിവാഹം കഴിഞ്ഞതോടെ രാധാകൃഷ്ണന്‍ തനിച്ചായി. അങ്ങനെയാണ് ഹോംനേഴ്‌സിനെ മകള്‍ നിയോഗിച്ചത്. ഡിസംബറിലാണ് എത്തിയത്.
ഇടയ്ക്കു വീട്ടിലേക്കെന്നു പറഞ്ഞു പോവുന്നതും രണ്ടുദിവസം കഴിഞ്ഞു മടങ്ങിവരുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം വന്നശേഷം ഭക്ഷണം ചോദിച്ചുവാങ്ങി കഴിച്ചു. പിന്നീടു രാധാകൃഷ്ണന്റെ അടുത്തുവന്നിരുന്ന ശേഷം, ഒരു കീടനാശിനിയുടെ പേരുപറഞ്ഞിട്ട് അതു കഴിച്ചാല്‍ മരിക്കുമോയെന്നും ചോദിച്ചു. പിന്നാലെയാണ് കഥ മാറി മറിഞ്ഞത്. ടിവിയില്‍ ആതിര കൊലക്കേസ് പ്രതിയുടെ ചിത്രങ്ങളെത്തി. ഇതോടെ രാധാകൃഷ്ണന്റെ മകള്‍ തിരിച്ചറിഞ്ഞു. നാട്ടുകാര്‍ക്കും സംശയം തോന്നി. പിന്നാലെ വാര്‍ഡു മെമ്പറെ അറിയിച്ചു. പൊലീസ് എത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുന്‍പ് ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങി. നാട്ടുകാര്‍ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ജോണ്‍സണെ വിടാതെ അവര്‍ വളഞ്ഞു. പിന്നാലെ പോലീസ് എത്തി കസ്റ്റഡിയിലും എടുത്തു. നാട്ടുകാര്‍ വളഞ്ഞിട്ട് പിടിക്കുമ്പോള്‍ നിങ്ങള്‍ പൊലീസുകാരാണോ എന്നായിരുന്നു ജോണ്‍സണിന്റെ ചോദ്യം. അതായത് താന്‍ കുടുങ്ങിയെന്ന് ജോണ്‍സണ്‍ മനസ്സിലാക്കിയിരുന്നു.
ജോണ്‍സണ്‍ ഔസേപ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രണ്ടാമതും നടത്തിയ പരിശോധനയില്‍ ഇയാളുടെ ഉള്ളില്‍ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നും രണ്ട് ദിവസമെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ തുടരണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ജോണ്‍സണ്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയാണു ജോണ്‍സണ്‍ ഔസേപ്പ് (34). പിടിയിലാകുമ്പോള്‍ എലിവിഷം കഴിച്ചിരുന്നു. പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ച് വയറ് കഴുകി വിഷം ശരീരത്തില്‍ നിന്നും കളഞ്ഞു. അതിന് ശേഷം ചിങ്ങവനത്തേക്ക് കൊണ്ടു പോയി. പിന്നീട് വീണ്ടും ആശുപത്രിയില്‍ എത്തിച്ച് അഡ്മിറ്റാക്കി. ആരോഗ്യം ഗുരുതരാവസ്ഥയില്‍ ആകുന്നില്ലെന്ന് ഉറപ്പിക്കാന്‍ കൂടിയായിരുന്നു ഇതെല്ലാം. കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിച്ചു വന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു 30) ആണു കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു സൗഹൃദമെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എ.നിസ ആശുപത്രിയിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് രാജീവ് ക്ഷേത്ര പൂജാരിയാണ്.
കൊല്ലത്തെ വീട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് ജോണ്‍സണ്‍ ദിവസങ്ങള്‍ക്കു മുന്‍പ് കുറിച്ചിയിലെ വീട്ടില്‍നിന്നു പോയത്. കൊലപാതകത്തിന് 5 ദിവസം മുന്‍പു പെരുമാതുറയിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ കൊല നടത്തിയ ശേഷം രക്ഷപ്പെടുത്തിയത്. 21നാണു കൊലപാതകം. വസ്ത്രങ്ങള്‍ എടുക്കാനെന്നു പറഞ്ഞ് 22ന് കുറിച്ചിയിലെ വീട്ടില്‍ എത്തിയ പ്രതി അവിടെ തങ്ങുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ പ്രതിയെ പോലീസിന് ഉറപ്പിക്കാനായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഫോട്ടോ അടക്കം പോലീസ് പുറത്തു വിട്ടത്. ഫോട്ടോ പുറത്തുവരാന്‍ വൈകിയതോടെ പിടിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ജോണ്‍സണ്‍. എന്നാല്‍ പെട്ടെന്ന് ടിവിയില്‍ തന്റെ ചിത്രമെത്തിയത് ജോണ്‍സണിനേയും ഞെട്ടിച്ചു. നാട്ടുകാരുടെ വിവരം അറിയിക്കലിനെ തുടര്‍ന്നു ചിങ്ങവനം പൊലീസ് പിടികൂടുകയായിരുന്നു.
ആതിരയുമായി ജോണ്‍സന് ഒരു വര്‍ഷമായി അടുപ്പമുണ്ട്. ഭര്‍ത്താവും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനുമുള്ള ആതിരയോട് അവരെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാന്‍ ജോണ്‍സണ്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.