പ്രതികളെല്ലാം കൊടുംക്രിമിനലുകള്‍; കരുനാഗപ്പള്ളിയിലെ കൊലയ്ക്ക് കാരണം ഗുണ്ടാ പക തന്നെ; വയനകത്ത് കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല; മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളി; അഞ്ചു പേരുടെ ചിത്രങ്ങള്‍ പുറത്ത്; ആലുവ അതുലിനേയും കൂട്ടരേയും വലവീശി പിടിക്കാന്‍ പോലീസ്
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉള്‍പ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. അതുല്‍, ഹരി, രാജപ്പന്‍, പ്യാരി എന്നിവരുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
താച്ചയില്‍മുക്ക് സ്വദേശി ജിം സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്. വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു. ആലുവയിലെ അതുലിന് പങ്കജ് ക്വട്ടേഷന്‍ നല്‍കുകയായികുന്നു.
പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.എല്ലാവരും വധശ്രമക്കേസ് പ്രതികളാണ്. ഒന്നാം പ്രതി അലുവ അതുല്‍, പ്യാരി എന്നിവര്‍ എംഡിഎംഎ അടക്കമുള്ള കേസുകളില്‍ പ്രതികളാണ്. പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയാകുകയാണ്. വയനകത്ത് കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചിട്ടില്ല. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം.കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്.കൊല്ലപ്പെട്ട സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.2024 നവംബര്‍ 13ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്.മുന്‍പും സന്തോഷിന് നേരെ ആക്രമണമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ആദ്യം മണ്‍വെട്ടി കൊണ്ട് വാതില്‍ തകര്‍ത്തു. സ്‌ഫോടക വസ്തു കത്തിച്ച് എറിഞ്ഞു. തുടര്‍ന്ന് വടിവാള്‍ കൊണ്ട് സന്തോഷിനെ വെട്ടി. കമ്പിവടി കൊണ്ട് കാല്‍ പൂര്‍ണമായും തല്ലി തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന സന്തോഷിന്റെ അമ്മ ഓമന ബഹളം വെച്ചെങ്കിലും പിന്‍മാറാതെ ആക്രമണം തുടര്‍ന്നു. മരിക്കുമെന്ന് ഉറപ്പാക്കിയ ശേഷം വന്നകാറില്‍ പ്രതികള്‍ രക്ഷപ്പെട്ടു. അക്രമികള്‍ വീടിന് പുറത്ത് എത്തിയ വിവരം സന്തോഷ് സുഹൃത്തിനെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്തായ രതീഷ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ അശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം കരുനാഗപ്പള്ളിയില്‍ കൊല്ലപ്പെട്ട സന്തോഷിനുനേരെ ഇതിനുമുമ്പും വധശ്രമം ഉണ്ടായിട്ടുള്ളതായി സന്തോഷിന്റെ അമ്മ പറഞ്ഞു. ഇപ്പോള്‍ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും മകനെ ആക്രമിക്കരുതേ എന്ന് കരഞ്ഞുപറഞ്ഞതായും സന്തോഷിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഓച്ചിറയില്‍ കടയുടെ മുന്നില്‍വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി സന്തോഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. രണ്ട് ആക്രമണങ്ങളും നടത്തിയത് ഒരേസംഘമാണ് എന്ന നിഗമനത്തിലാണ് പോലീസ്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊല്ലം ഓച്ചിറ വവ്വാക്കാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ അനീര്‍ എന്ന യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ടുസംഭവങ്ങളും നടന്നത്. ഓച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വവ്വാക്കാവ് ജംഗ്ഷനിലെ ഒരു കടയുടെ മുന്നില്‍വെച്ചാണ് അനീറിന് വെട്ടേറ്റത്. സന്തോഷിന്റെ വീട്ടില്‍നിന്നും പത്തുമിനിറ്റ് ദൂരം മാത്രമേ അനീര്‍ ആക്രമിക്കപ്പെട്ടയിടത്തേക്ക് ഉള്ളൂ. ഒരേ വാഹനത്തിലാണ് രണ്ട് ആക്രമണങ്ങളും നടത്തിയ സംഘം എത്തിയത്.
എന്നാല്‍ ഈ വാഹനത്തിന്റെ നമ്പര്‍ വ്യാജമാണ്. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിയ ടാക്‌സി കാറാണ് അക്രമികള്‍ ഉപയോഗിച്ചത്. ഈ കാറിന്റെ ഉടമയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മേമന സ്വദേശിയായ ഒരു വ്യക്തിയുടെ ആവശ്യപ്രകാരമാണ് കാറുടമ വാഹനം നല്‍കിയത്. കാര്‍ വാങ്ങാനെത്തിയ ആള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് പറയുന്നു. വാഹനം വേണമെന്ന് മാത്രമേ ഇയാള്‍ പറഞ്ഞുള്ളുവെന്നും എന്ത് കാര്യത്തിനാണ് എന്ന് പറഞ്ഞിരുന്നില്ലെന്നുമാണ് കാറുടമയുടെ മൊഴി. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഈ അന്വേഷണമാണ് ആലുവക്കാരന്‍ അതുലിലേക്ക് എത്തുന്നത്. ഇയാള്‍ക്ക് 22 വയസ്സുമാത്രമേ ഉള്ളൂവെന്നാണ് സൂചന.
അനീറും സന്തോഷും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അനീറും അക്രമിസംഘവും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ എന്ന് മനസിലാക്കിയവരില്‍ കാപ്പ ചുമത്തിയവരടക്കം ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കാറിന്റെ ഉടമയും, വാഹനം ഇയാളുടെ പക്കല്‍നിന്നും വാങ്ങിക്കൊണ്ടുപോയ വ്യക്തിയുമാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിനു താഴെ ഹോട്ടല്‍ ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപയുടെ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയായിരുന്നു അതുല്‍. മൊബൈല്‍ തട്ടിയെടുത്തശേഷം ബ്ലേഡ്‌കൊണ്ട് കഴുത്തിലും കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു അന്ന് അതുല്‍ ചെയ്തത്.