ചുവന്ന കഫിയ കൊണ്ട് മുഖംമറച്ച് കണ്ണ് മാത്രം പുറത്തേക്ക് കാട്ടുന്ന ഭീകരന്‍; കണ്ണിന്റെ ചിത്രമെടുത്ത് ആയിരക്കണക്കിന് ചിത്രങ്ങളുണ്ടാക്കി മനസ്സിലാക്കാനുള്ള നീക്കം വിജയിച്ചില്ല; റീലും മീമുമായി നിറയുന്ന ഹമാസിന്റെ സൂപ്പര്‍ ഹീറോ; ഇസ്രയേലിന്റെ 'ഓപ്പറേഷന്‍ അബു ഉബൈദ' ഞെട്ടിപ്പിക്കുമ്പോള്‍
ഇസ്രയേലിന്റെ 'ഓപ്പറേഷന്‍ അബു ഉബൈദ' ഞെട്ടിപ്പിക്കുമ്പോള്‍
ചില വില്ലന്‍മാര്‍ അങ്ങനെയാണ്. ഭീകരവാദത്തിനും വിധ്വംസക പ്രവര്‍ത്തനത്തിനും ഉപയോഗിച്ചിരുന്ന അവരുടെ തലച്ചോര്‍, മനുഷ്യപുരോഗതിക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായി എന്ന് നമുക്ക് തോന്നിപ്പോവും. അതുപോലെ ഒരാളാണ്, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ട, ഹമാസിന്റെ അല്‍ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ. കഴിഞ്ഞ 18 വര്‍ഷമായി ഇയാളെ പിടിക്കാന്‍ വിവിധ ടെക്ക്നിക്കുകള്‍ ഇസ്രയേല്‍ പയറ്റിവരികയാണ്. പക്ഷേ രണ്ടു കണ്ണുകള്‍ മാത്രമാണ് അയാളെക്കുറിച്ചുള്ള വിവരങ്ങളായി കിട്ടിയത്!
ആഗസ്റ്റില്‍ നടന്ന ആക്രമണത്തില്‍ അബു ഉബൈദ കൊല്ലപ്പെട്ടുവെന്ന് ഇപ്പോഴാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. ഗാസ തലവന്‍ മുഹമ്മദ് സിന്‍വര്‍ ഉള്‍പ്പെടെ ഉള്ളവരുടെ മരണവും ഈ ആക്രമണത്തിലായിരുന്നു. ഇക്കാര്യങ്ങള്‍ നേരത്തേ ഇസ്രായേല്‍ സേന അവകാശപ്പെട്ടിരുന്നതാണ്. മുഖം മറച്ച് പ്രത്യക്ഷപ്പെട്ടുള്ള വാര്‍ത്താ സമ്മേളനങ്ങളിലൂടെ ശ്രദ്ധേയനാണ് അബൂ ഉബൈദ. ലോകം മുഴവനുമുള്ള മാധ്യമങ്ങള്‍ ഇയാളൂടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നു. റീലും മീമുമായി നിറയുന്ന ഹമാസിന്റെ സൂപ്പര്‍ ഹീറോയായിരുന്നു അബു ഉബൈദ. ഇപ്പോള്‍ കൊല്ലപ്പെട്ടപ്പോള്‍ മാത്രമാണ് അയാളുടെ മുഖം പുറംലോകം കണ്ടത്.
ആ കണ്ണുകളെ തേടിയുള്ള യാത്ര
പട്ടാള യൂണിഫോമില്‍ കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന ചുവന്ന കഫിയ കൊണ്ട് മുഖം മറച്ചാണ് അബു ഉബൈദ മാധ്യമങ്ങളുമായി സംസാരിച്ചിരുന്നത്. ആഗസ്റ്റ് 29നാണ് അബു ഉബൈദയുടെ അവസാന വീഡിയോ പുറത്തുവന്നത്. ഇതിലും ഇസ്രയേല്‍ സേനയെ ഒരു പാഠം പഠിപ്പിക്കാന്‍ അല്‍ ഖസാം സജ്ജമാണെന്നാണ് പറഞ്ഞത്. ഉബൈദയുടെ കണ്ണുകളെക്കുറിച്ച് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം നടത്തിയിരുന്നു. ആ കണ്ണുകളില്‍ നിന്ന് കിട്ടുന്ന ഏകദേശം ചിത്രംവെച്ച് ആയിരിക്കണക്കിന് കമ്പ്യൂട്ടര്‍ ഇമേജറികള്‍ ഉണ്ടാക്കിയെങ്കിലും ഒന്നും വര്‍ക്കായില്ല.
അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ അബു ഉബൈദയുടെ കണ്ണുകള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. വ്യോമാക്രമണത്തിലെ പരിക്കിന്റെ ഭാഗമായാണ് ഇതെന്നാണ് പറയുന്നത്. ഈ വീഡിയോയിലും അദ്ദേഹം കഫിയ്യ കൊണ്ട് മുഖം മറച്ചിട്ടുണ്ടെങ്കിലും കണ്ണുകളുടെ വലിപ്പ വ്യത്യാസം തങ്ങള്‍ കണ്ടെത്തിയെന്നാണ് ഐഡിഎഫ് അവകാശവാദം. സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ഈ മാറ്റം കണ്ടെത്താനാവും. ഒരു കണ്ണ് രണ്ടാമത്തേതിനെക്കാള്‍ വലുതാണ്. അത് അസാധാരണമാണെന്നും ഇസ്രായേല്‍ പ്രതിരോധസേനയെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങള്‍ക്ക് ശേഷം ഇയാള്‍ നിരന്തര മാധ്യമങ്ങള്‍ക്ക് മുന്നിലെത്താറുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ഭീകാക്രമണത്തിനശേഷം അള്ളാഹുവിന് നന്ദി പറഞ്ഞ് അബു ഉബൈദ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിരപരാധികളെ കൊന്ന് കൊലവിളിച്ച ആ സംഭവത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് ഈ ഭീകരന്‍ സംസാരിച്ചത്. അതോടെ എന്ത് വിലകൊടുത്തും, ഈ ഭീകരനെ തീര്‍ക്കുമെന്ന ദൃഡ നിശ്ചയത്തിലായിരുന്നു ഇസ്രയേല്‍. ആശയവിനിമയങ്ങള്‍ തകര്‍ന്ന ഗാസയില്‍ അബു ഉബൈദ നല്‍കുന്ന വിവരങ്ങള്‍ക്കായി അറബ് മാധ്യമങ്ങളും കാത്തിരന്നു.
വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നു
2002ലാണ് അബു ഉബൈദ ഔദ്യോഗികമായി ഹമാസിന്റെ ഭാഗമാവുന്നത്. അല്‍ ഖസാം ബ്രിഗേഡിന്റെ ഫീല്‍ഡ് ഓഫീസറായിരുന്നു. 2005-ല്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ പിന്‍മാറിയശേഷം, അദ്ദേഹം ഖസാം ബ്രിഗേഡിന്റെ വക്താവായി. 2006 ജൂണ്‍ അഞ്ചിനാണ് അദ്ദേഹം ആദ്യമായ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നെ തുടര്‍ച്ചയായ 18 വര്‍ഷം അതുതുടര്‍ന്നു. അയാളെ വകവരുത്താനായി ജുബൈലിയയിലെ വീടിനുനേരെ ഇസ്രയേല്‍ സേന നാലുതവണ വ്യോമാക്രമണം നടത്തി. 2008, 2012, 2014, 2023 വര്‍ഷങ്ങളില്‍ നടന്ന ആക്രമണത്തില്‍ നാലുതവണയും അദ്ദേഹം രക്ഷപ്പെട്ടു.
ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനമുണ്ടായിട്ടും, ഈ ഭീകരനെ കണ്ടെത്താന്‍ ഇസ്രയേലിന് ആയിരുന്നില്ല. ജുബൈലിയയില്‍ താമസിക്കുന്ന ഹുദൈഫ എന്നയാളാണ് ഇദ്ദേഹമെന്നാണ് ഒരുഘട്ടത്തില്‍ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് തെളിവ് നല്‍കാന്‍ ഇസ്രയേലിന് ആയില്ല. നിരന്തരമായി താവളങ്ങള്‍ മാറി അയാള്‍ ഐഡിഎഫിന്റെ കണ്ണുവെട്ടിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മാധ്യമങ്ങളെ കണ്ട് ഇസ്രയേലിനെ വെല്ലുവിളിച്ചു. ഒരുപാട് അന്വേഷിച്ചിട്ടും, അബു ഉബൈദ ആരാണെന്ന് കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
ഹമാസ് അനുകൂലികള്‍ക്കിടയില്‍ സൂപ്പര്‍ ഹീറോ പരിവേഷമായിരുന്നു ഇയാള്‍ക്ക്. ഫലസ്തീനികള്‍, കാറുകള്‍ ഗ്യാരേജുകള്‍ എന്നിവിടങ്ങളില്‍ ഒളിച്ചിരുന്നാണ് ഈ ഭീകരന്റെ വീഡിയോകള്‍ കേട്ടത്. മീമും റീലും ഷോര്‍ട്ട് വീഡിയോകളുമായി ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. അതുകൊണ്ടുതന്നെ ഈ ഭീകരന്റെ മരണം ഹമാസിന് ഭീകര തിരിച്ചടിയുമാണ്. ഇപ്പോള്‍ അല്‍ ഖസാം ബ്രിഗേഡിന് പുതിയ വക്്താവിനെ പ്രഖ്യാപിച്ചിരിക്കയാണ്. അയാളും കണ്ണുമാത്രം പുറത്തുകാട്ടുന്ന അബു ഉബൈദയുടെ അതേ രീതിയാണ് അവലംബിക്കുന്നത്. പേര് വെളിപ്പെടുത്താത്ത പുതിയ വക്താവ് അബു ഉബൈദയുടെ അതേ പേര് തന്നെയാണ് സ്വീകരിക്കുമെന്നും ഹമാസ് അറിയിച്ചു. ഇപ്പോഴും അബു ഉബൈദയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചിട്ടും അയാളെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ്.
2025 ഓഗസ്റ്റ് 31ന് ഗാസ സിറ്റിയില്‍ നടന്ന വ്യോമാക്രമണത്തില്‍ അബു ഉബൈദ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. തുടര്‍ന്ന് 'കുറ്റമറ്റ വധശിക്ഷ' നടത്തിയതിന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഇസ്രായേല്‍ പ്രതിരോധ സേനയെയും ഇസ്രായേലിന്റെ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിനെയും പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹമാസ് ഇപ്പോഴാണ് അബു ഉബൈദയുടെ മരണം സ്ഥിരീകരിക്കുന്നത്.
