ചതിയന്‍ തൊപ്പി ആയിരം വട്ടം ഇണങ്ങുക വെള്ളാപ്പള്ളിക്ക്; വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും, അത്രമാത്രമായിരിക്കും ഇടപെടല്‍; എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് മറുപടിയുമായി ബിനോയ് വിശ്വം
ചതിയന്‍ തൊപ്പി ആയിരം വട്ടം ഇണങ്ങുക വെള്ളാപ്പള്ളിക്ക്;
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയന്‍ ചന്തുവെന്ന പേര് ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും. അത്രമാത്രമായിരിക്കും ഇടപെടല്‍ ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും അദ്ദേഹത്തെ ചുമതലപെടുത്തിയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു വെള്ളാപ്പള്ളി സിപിഐക്ക് എതിരെ പരിഹാസവുമായി വെള്ളാപ്പള്ളി നടേശന്‍ പ്രതികരണം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐയെ ചതിയന്‍ ചന്തുവെന്നായിരുന്നു വെള്ളാപ്പള്ളി പരിഹസിച്ചത്. പത്ത് വര്‍ഷം സിപിഎമ്മിന്റെ ഒപ്പം നിന്ന് സുഖിച്ച് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു. വിമര്‍ശനം ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, സിപിഐ നേതൃയോഗങ്ങളില്‍ മുഖ്യമന്ത്രിയെ കുറിച്ചുള്ള ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമായിരുന്നു യോഗം ചേര്‍ന്നതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി മാറിനില്‍ക്കണമെന്ന തരത്തില്‍ ചര്‍ച്ചയേ ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ സ്വന്തം ഭാവനയില്‍ നിന്നും കഥകള്‍ സൃഷ്ട്ടിക്കുകയാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന്റെ സമസ്തമേഖലകളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. പരാജയപ്പെട്ടാല്‍ എല്ലാം തീര്‍ന്നുവെന്ന് ചിന്തിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. ജനവിധി അംഗീകരിച്ച് തെറ്റ് തിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും. അതിനുള്ള ആര്‍ജവം ഇടതുപക്ഷത്തിനേ ഉള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മാറാട് കലാപം പോലും ഉണ്ടായില്ലെന്നും പിണറായി സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. വര്‍ഗീയ കലാപം ഉണ്ടായോ? പറയാനാണെങ്കില്‍ എനിക്ക് ഒരുപാട് ഉണ്ട്. വര്‍ഗീയ കലാപകാരികളാണ് ഇപ്പോള്‍ ഇവിടെ നടത്തുന്നത്. കലാപം ഇനിയും ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പണ്ട് ഉണ്ടായിരുന്നില്ലേ? ഇനിയും ഉണ്ടാവണോ?. ഒരു മാറാട് കലാപം ഉണ്ടായില്ലേ. എന്തെല്ലാം കലാപം ഉണ്ടായി. പത്തുവര്‍ഷം ഭരിച്ചിട്ട് വര്‍ഗീയ കലാപം ഉണ്ടായോ? അതുമാത്രം കണ്ടാല്‍ മതി.' - വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
സ്വര്‍ണക്കൊള്ളയില്‍ കൊള്ള നടത്തിയവര്‍ ആരായാലും പിടിക്കട്ടെ. അതില്‍ പിണറായി എന്തുചെയ്തു? കോടതി പറഞ്ഞത് അനുസരിച്ച് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലേ?. ആര് എന്ത് തെറ്റ് ചെയ്താലും അവനെല്ലാം അനുഭവിക്കും.പത്മകുമാര്‍ കള്ളനാണ് എന്ന് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. കൊള്ളക്കാരനാണ്. ഉപ്പും തിന്നവന്‍ വെള്ളം കുടിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
വിവാദ മലപ്പുറം പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രകോപിതനായി. മലപ്പുറത്ത് സ്‌കൂളുകള്‍ തുടങ്ങാന്‍ സമ്മതിക്കുന്നില്ല എന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചപ്പോള്‍ ഇപ്പോള്‍ ഭരിക്കുന്നത് പിണറായി സര്‍ക്കാരല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിലാണ് വെള്ളാപ്പള്ളി നടേശന്‍ കുപിതനായത്. തുടര്‍ന്ന് കുറെ നാളായി തുടങ്ങിയിട്ട് എന്ന് പറഞ്ഞ് മൈക്ക് തട്ടി മാറ്റി വെള്ളാപ്പള്ളി തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചില്ല.
