ചെറിയ മദ്യപാനം വലിയ രീതിയിലേക്ക് മാറി; ഉപദ്രവവും തുടങ്ങി; ആരും അതുല്യയെ നോക്കാനോ ആരോടും സംസാരിക്കാനോ പാടില്ലായിരുന്നു; പ്രശ്‌നം കോടതി വരെ എത്തി; ഷാര്‍ജയില്‍ ജോലി ലഭിച്ചെങ്കിലും സതീഷ് വിട്ടില്ല; മക്കളെ ഓര്‍ത്ത് എല്ലാം സഹിച്ചു; എല്ലാം ശരിയാകുമെന്ന് കരുതി; ഒടുവില്‍ അതുല്യയുടെ മരണവും

Update: 2025-07-20 00:05 GMT

ചവറ: കഴിഞ്ഞ ദിവസമാണ് എല്ലാവരെയും കണ്ണീരിലാക്കി ഷാര്‍ജില്‍ വിപഞ്ചികയുടെയും വൈഭവിയുടെയും മരണവാര്‍ത്ത അറിയുന്നത്. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യചെയ്യുകയായിരുന്നു അവര്‍. ആ ദുഃഖം മാറുന്നതിന് മുന്‍പാണ് ഇപ്പോഴിതാ മറ്റൊരു മരണവാര്‍ത്ത കൂടി എത്തിയിരിക്കുന്നത്. ഷാര്‍ജില്‍ അതുല്യ തൂങ്ങി മരിച്ചെന്ന വിവരം പുറത്ത് വരുന്നത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് അതുല്യ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചത് എന്നാണ് വിവരം. ഇതിന്റെ തെളിവായി സതീഷ് അതുല്യയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതാ വിവാഹം കഴിഞ്ഞ അന്ന് മുതല്‍ അതുല്യയ്ക്ക് സതീഷ് സമാധാനവും സ്വസ്ഥതയും നല്‍കിയിരുന്നില്ലെന്ന് പറയുകയാണ് ബന്ധു രവീന്ദ്രന്‍ പിള്ള.

സതീഷ് എന്നും മദ്യപിക്കുന്ന ആളാണ്. മദ്യപിച്ച് എത്തി അവളെ ഉപദ്രവിക്കുമായിരുന്നു എന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിന് മുന്‍പ് സതീഷ് മദ്യപിക്കുന്ന ആളാണെന്ന് അറിയില്ലായിരുന്നു. ആദ്യം ചെറിയ രീതിയിലായിരുന്ന മദ്യപാനം പിന്നീട് വലിയ രീതിയിലേക്ക് മാറി. തുടര്‍ന്നാണ് ഉപദ്രവിക്കാനും തുടങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഷാര്‍ജയില്‍ താമസിക്കുന്ന അതുല്യയുടെ സഹോദരി മരണത്തെ പറ്റി ഞങ്ങളെ അറിയിക്കുന്നത്. വിവാഹം കഴിച്ച കാലം മുതല്‍ അതുല്യയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരിക്കലും സ്വസ്ഥത ഉണ്ടായിരുന്നില്ല. സതീഷ് മദ്യപാനിയായിരുന്നു. വിവാഹത്തിന് ശേഷമാണ് അത് ഞങ്ങള്‍ അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലായിരുന്നു മദ്യപാനം. എന്നാല്‍ പിന്നീട് എപ്പോഴും മദ്യപിക്കുന്നത് പതിവായി. പിന്നാലെയാണ് അവളെ മര്‍ദിക്കാന്‍ തുടങ്ങിയത്.

അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവള്‍ക്ക് ചില സ്ഥലങ്ങളില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പോകാന്‍ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവള്‍ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത്'' രവീന്ദ്രന്‍ പറഞ്ഞു. സ്വന്തം വീട്ടുകാരുമായും സതീഷ് അടുപ്പത്തിലല്ലെന്നും രവീന്ദ്രന്‍ പിള്ള പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Tags:    

Similar News