വെളുത്ത കാറിലെത്തിയ നാലംഗ സംഘം; സുരക്ഷാ സംവിധാനമോ സെക്യൂരിറ്റിയോ ഇല്ലാത്ത എംടിഎമ്മുകളും; 'റോബിന്‍ ഹുഡ്' സിനിമയുടെ വേഗതയില്‍ മോഷണങ്ങള്‍; നഗരത്തിനുള്ളില്‍ ഒരേ റൂട്ടില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍; എല്ലാം പോലീസ് അറിഞ്ഞത് പുലര്‍ച്ചെ; തൃശൂരില്‍ സംഭവിച്ചത്
മാപ്രാണവും കോലഴിയും ഷൊര്‍ണ്ണൂര്‍ റോഡും ഒരേ റൂട്ടിലാണ്. അതായത് വ്യക്തമായ റൂട്ട് മാപ്പിലായിരുന്നു മോഷണം.
തൃശൂര്‍: കേരളാ പോലീസിന് തലവേദനയാകാന്‍ എടിഎം കൊള്ള. സമാനതകളില്ലാ രീതിയിലാണ് മോഷണം നടത്തിയത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് സൂചന. നഗര മധ്യത്തിലാണ് ഈ മോഷണമെന്നതാണ് ഞെട്ടിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെത്തിയ വാഹനം തിരിച്ചറിയുകയാണ് പ്രാഥമിക ലക്ഷ്യം.
വെളുത്ത കാറിലാണ് കൊള്ളസംഘമെത്തിയത്. ഈ സ്ഥലത്ത് യാതൊരു തരത്തിലെ സുരക്ഷാ സംവിധാനങ്ങളോ സെക്യൂരിറ്റിയോ ഉണ്ടായിരുന്നില്ല എന്നത് ഉപയോഗപ്പെടുത്തിയാണ് കൊള്ളസംഘം എടിഎം തകര്‍ത്തത്. കേരളത്തിലെ മിക്ക എടിഎമ്മുകളിലും ഇതാണ് അവസ്ഥ. മുമ്പ് തിരുവനന്തപുരത്ത് എടിഎം കവര്‍ച്ച നടന്നപ്പോള്‍ സുരക്ഷയെ പറ്റി ചര്‍ച്ച നടന്നു. എന്നാല്‍ അതൊന്നും ഫലത്തില്‍ പ്രാവര്‍ത്തികമായില്ല. ഇതാണ് തൃശൂരിലും കൊള്ള സംഘത്തിന് തുണയായത്. മൂന്ന് എടിഎമ്മുകള്‍ കവര്‍ന്നിട്ടും പോലീസും ഒന്നും അറിഞ്ഞില്ലെന്നതും സുരക്ഷാ വീഴ്ചയായി. നഗരമേഖലയിലാണ് മോഷണം. മാപ്രാണവും കോലഴിയും ഷൊര്‍ണ്ണൂര്‍ റോഡും ഒരേ റൂട്ടിലാണ്. അതായത് വ്യക്തമായ റൂട്ട് മാപ്പിലായിരുന്നു മോഷണം.
ആദ്യ മോഷണ സ്ഥലത്തു മോഷണം നടന്നിട്ടും പോലീസ് ഒന്നും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ പദ്ധതിയിട്ടത് പ്രകാരം മറ്റ് രണ്ടിടങ്ങളില്‍ കൂടി അവര്‍ എത്തി. എടിഎമ്മില്‍ സുരക്ഷാ ആലാറം വല്ലതുമുണ്ടായിരുന്നുവെങ്കില്‍ ആദ്യ എടിഎമ്മിലെ മോഷണം തന്നെ പുറംലോകം അറിയുമായിരുന്നു. അങ്ങനെ എങ്കില്‍ പ്രതികളേയും പിടികാന്‍ അതിവേഗം കഴിയുമായിരുന്നു. ഇത് ബാങ്കിന്റെ ഭാഗത്തേയും വീഴ്ചയാണ്. എന്നാല്‍ എസ് എം എസിലൂടെ മോഷണം ജീവനക്കാര്‍ അറിഞ്ഞുവെന്നും സൂചനയുണ്ട്. ഇതര സംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്നാണ് സൂചന.
3 എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. തുക എത്രയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 4 പേരാണ് കവര്‍ച്ച സംഘത്തിലെന്നാണ് നിഗമനം. വെള്ള കാറിലാണ് ഇവരെത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. പിന്നില്‍ പ്രഫഷനല്‍ മോഷ്ടാക്കളാണെനാണ് വിവരം. മുഖംമൂടി ധരിച്ച സംഘം ക്യാമറകളൊന്നും നശിപ്പിച്ചിട്ടില്ല. മലയാളത്തില്‍ റോബിന്‍ ഹുഡ് സിനിമയിലെ ഓപ്പറേഷന് സമാനമാണ് ഈ മോഷണവും.
എടിഎം മോഷണത്തില്‍ കൃത്യമായ ധാരണയുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. തൃശൂരിലെ അതിര്‍ത്തികളിലെല്ലാം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയില്‍ അടക്കം നിരീക്ഷണം ശക്തമാക്കി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയല്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.