എസ് പിക്ക് കിട്ടിയ സിഐയ്ക്കെതിരായ പീഡന പരാതി കൈമാറിയത് താനൂര്‍ ഡി വൈ എസ് പിയ്ക്ക്; പരാതി കളവാണെന്ന അന്വേഷണ റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചു; സര്‍വ്വത്ര ദുരൂഹം; ലക്ഷ്യം 'മുട്ടില്‍ മരം മുറി'; ബെന്നിയെ കുടുക്കാന്‍ പുതിയ ആരോപണം

മലപ്പുറത്തെ വിവാദത്തിലേക്ക് പിവി ബെന്നിയും മുട്ടില്‍ മരംമുറിയും

By :  Remesh
Update: 2024-09-06 05:00 GMT

കോഴിക്കോട്: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിലെ ലക്ഷ്യം മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്ന ഡി വൈ എസ് പി എവി ബെന്നി. മുന്‍ എസ് പി സുജിത് ദാസിനെതിരായ ആരോപണത്തിലൂടെ അന്വേഷണം ബെന്നിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അതിനിടെ കേസില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. അതിനിടെ എവി ബെന്നിയും കേസില്‍ പരാതി നല്‍കും.

മുട്ടില്‍ മരം മുറി കേസിലെ അന്വേഷണത്തില്‍ നിന്നും എവി ബെന്നിയെ മാറ്റാന്‍ നിരവധി ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വിജയിച്ചിരുന്നില്ല. വ്യക്തിപരമായ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ നിന്നും മാറ്റണമെന്ന ആവശ്യം ബെന്നിയും ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് സുജിത് ദാസിന്റെ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നുള്ള പുതിയ വെളിപ്പെടുത്തല്‍. പിവി അന്‍വര്‍ എംഎല്‍എയെ കണ്ട ശേഷമാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്ന് ഇരയും പറയുന്നു. ആരോപണം സുജിത് ദാസ് സമ്പൂര്‍ണ്ണമായും നിഷേധിക്കുകയാണ്. സിഐയ്‌ക്കെതിരെ ഇവര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ബെന്നി.

ഒരു എസ്എച്ച് ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണെന്ന് സുജിത് ദാസും പറയുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്-ഏഷ്യാനെറ്റ് ന്യൂസിനോട് സുജിത് ദാസ് പറഞ്ഞത് ഇതാണ്.

ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും സുജിത് ദാസ് പറഞ്ഞു. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെയും എസ്എച്ച്ഒ ആയിരുന്ന വിനോദും ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ ആരോപണം തള്ളുകയാണ് പൊലീസും. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാന്‍ ഡിജിപിക്കും പരാതി നല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2022ല്‍ വീട്ടമ്മ എസ്എച്ച്ഒ വിനോദിനെതിരെ പരാതിയുമായി എസ്പിയെ സമീപിച്ചിരുന്നു. പരാതി അന്വേഷിക്കാന്‍ എസ്പി, ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. വിശദമായ അന്വേഷണത്തില്‍ എസ്എച്ച്ഒക്കെതിരായ ആരോപണം തെറ്റാണെന്ന് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയതാണെന്നുമാണ് പൊലീസ് വിശദീകരണം. അതിന് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ കൊണ്ടും അന്വേഷിച്ചു. ഇതിലും സിഐയ്‌ക്കെതിരെ തെളിവൊന്നും കിട്ടിയില്ല.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്.പി എസ്. സുജിത് ദാസ് പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതിയും അന്‍വറിനെ കണ്ട ശേഷമാണ് ഉയര്‍ത്തിയത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി.

2022ലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം പരാതി നല്‍കിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാല്‍, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവര്‍ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു.

Tags:    

Similar News