നീന്തൽ കുളത്തിൽ വെച്ച് വനിതാ സുഹൃത്തുക്കളുടെ ചിത്രങ്ങൾ എടുത്തു; ചോദ്യം ചെയ്ത 21 കാരനെതിരെ പ്രതികാരം; അവധി ആഘോഷിക്കാനെത്തിയ ബി കോം വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്നു; മൂന്നു പേർ പിടിയിൽ
കെംഗേരി: വനിതാ സുഹൃത്തിനൊപ്പം ഫാം ഹൗസിലെത്തി 21 കാരൻ മരിക്കാനിടയായത് ക്രൂര മർദ്ദനത്തിൽ. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വാരന്ത്യ ആഘോഷത്തിനെത്തിയ ബിരുദ വിദ്യാർത്ഥിയെ മർദ്ദിച്ചുകൊന്ന. ക്രൂരമായ മർദ്ദനത്തിനിരയായി ബി കോം വിദ്യാർത്ഥി പുനിതാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ചിക്കനഹള്ളിയിലെ ഫാം ഹൗസിലാണ് സംഭവമുണ്ടായത്. കേസിൽ ഫാം ഹൗസിന്റെ സമീപ വാസികളായ ചന്ദ്രു, നാഗേഷ്, മുരളി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
രണ്ട് വനിതാ സുഹൃത്തുക്കളടക്കം ഏഴ് പേരാണ് സുഹൃത്തിന്റെ പരിചയക്കാരന്റെ ഫാം ഹൗസിൽ അവധി ആഘോഷിക്കാനെത്തിയത്. ദീപാവലിക്കായി കോളേജിന് അവധി നൽകിയ സമയത്തായിരുന്നു സംഘം എത്തിയത്. വിദ്യാർത്ഥികളുമായി ഉണ്ടായ വാക്ക് തർക്കത്തിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബാസവേശ്വര നഗർ സ്വദേശിയും സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയുമായ പുനിതും സുഹൃത്തുക്കളും ഫാം ഹൗസിലെ കുളത്തിൽ നീന്തുന്നതിനിടെ ഇവിടെയെത്തിയ പ്രതികൾ പുനിതിന്റെ വനിതാ സഹപാഠികളുടെ ചിത്രങ്ങൾ എടുത്തതായിരുന്നു പ്രശനങ്ങൾക്ക് തുടക്കം. ഇതുമായി ബന്ധപ്പെട്ട് പ്രതികളുമായി പുനീത് വാക്ക് തർക്കമുണ്ടായി. ഇതോടെ അക്രമി സംഘം സംഭവ സ്ഥലത്ത് നിന്ന് മടങ്ങി.
എന്നാൽ രാത്രി 10.30ഓടെ കൂടുതൽ ആളുകളുമായി ഫാം ഹൗസിലെത്തിയ പ്രതികൾ മടങ്ങി എത്തി പുനീതിനെ മർദ്ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളെയും അധിക്ഷേപിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. വിറക് തടികകൾ കൊണ്ടുള്ള ആക്രമത്തിൽ അവശനായി വീണ 21കാരനെ സുഹൃത്തുക്കൾ കാറിൽ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു.
എന്നാൽ ആരോഗ്യ നില വഷളായ പുനീതിനെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥി സംഘത്തിലെ പരിക്കേറ്റ മറ്റ് രണ്ട് പേരെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ രാമനഗര റൂറൽ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതകം, അതിക്രമിച്ച് കയറൽ, കയ്യേറ്റം അടക്കമുള്ള വകുപ്പുകളടക്കമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.