ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരര്‍ ഡ്രോണ്‍ ആക്രമണത്തിനും പദ്ധതിയിട്ടു; ഡ്രോണുകളും റോക്കറ്റുകളും നിര്‍മിക്കുന്നതില്‍ വിദഗ്ധനായ കശ്മീര്‍ സ്വദേശി എന്‍ഐഎ പിടിയില്‍; ചാവേര്‍ ആക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് ഒരു 'ഷൂ ബോംബര്‍' എന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം; കാറില്‍നിന്ന് 'മദര്‍ ഓഫ് സാത്താന്‍' സ്ഫോടകവസ്തു കണ്ടെത്തി

ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരര്‍ ഡ്രോണ്‍ ആക്രമണത്തിനും പദ്ധതിയിട്ടു

Update: 2025-11-17 15:46 GMT

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍. ഭീകരര്‍ അതിവിപുലമായ ആക്രമണത്തിനാണ് പദ്ധതിയിട്ടത് എന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. സ്‌ഫോടനത്തില്‍ ചാവേറായ ഉമര്‍ നബിയുടെ സഹായിയെ എന്‍ഐഎ സംഘം പിടികൂടി. ഡ്രോണുകളും റോക്കറ്റുകളും നിര്‍മിക്കുന്നതില്‍ വിദഗ്ധനായ കശ്മീര്‍ സ്വദേശി കാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷ് എന്നയാളെയാണ് എന്‍ഐഎ സംഘം പിടികൂടിയത്.

രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ചും ഭീകരാക്രമണം നടത്താന്‍ ഉമര്‍ ലക്ഷ്യമിട്ടിരുന്നതായും ഇതിനുള്ള സാങ്കേതിക സഹായം പിടിയിലായ കശ്മീര്‍ സ്വദേശിയില്‍ നിന്നും ഉമറിന് ലഭിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ഡ് സ്വദേശിയായ പ്രതി ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചകരില്‍ ഒരാളായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യപ്രതിയെന്ന് വിലയിരുത്തപ്പെടുന്ന ഉമറുമായി ചേര്‍ന്ന് ഡാനിഷ് ഭീകരാക്രമണം ആസൂത്രണം ചെയ്ന്നതിരുന്നതായാണ് വിവരം. ചാവേര്‍ ആക്രമണത്തിന് തയ്യറായിരിക്കാന്‍ ഉമര്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡ്രോണുകളില്‍ രൂപമാറ്റം വരുത്തിയും റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചും ഡാനിഷ് ഭീകരാക്രമണങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കിയിരുന്നതായി എന്‍ഐഎ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് ദിവസം മുന്‍പ് ഇയാളെ ജമ്മു കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡല്‍ഹി പോലീസ്, ജമ്മു കശ്മീര്‍ പോലീസ്, ഹരിയാണ പോലീസ്, ഉത്തര്‍പ്രദേശ് പോലീസ്, മറ്റ് കേന്ദ്ര യൂണിറ്റുകള്‍ എന്നിവയുമായി ഏകോപിപ്പിച്ച് പഴുതടച്ച അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. ആസൂത്രണം, സാധനസാമഗ്രികള്‍ എത്തിക്കല്‍, ഫണ്ടിങ് എന്നിവ ഉള്‍പ്പെടെ, ആക്രമണത്തിന് പിന്നിലെ വലിയ ശൃംഖലയെ കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

അതിനിടെ ഡോ. ഉമര്‍ മുഹമ്മദ് ഒരു 'ഷൂ ബോംബര്‍' ആയിരുന്നിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത പുതിയ ഫോറന്‍സിക്, ഭൗതിക തെളിവുകള്‍ ഡോ. ഉമറിന്റെ ഐ20 കാറില്‍നിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്വേഷണസംഘം ഇപ്പോള്‍ ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തിന്റെ വലതുവശത്തെ മുന്‍ ടയറിനടുത്തുള്ള ഡ്രൈവിംഗ് സീറ്റിനടിയില്‍നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഷൂ കണ്ടെടുത്തത്. അതിനുള്ളില്‍നിന്ന് ലോഹം പോലെയുള്ള ഒരു വസ്തു കണ്ടെടുത്തിട്ടുണ്ട്.

ഇതുവരെയുള്ള അന്വേഷണമനുസരിച്ച്, സ്ഫോടനം നടത്താന്‍ ഉപയോഗിച്ചത് ഈ വസ്തുവാണെന്നാണ് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നത്. അതിതീവ്ര സ്ഫോടനശേഷിയുള്ള, 'മദര്‍ ഓഫ് സാത്താന്‍' എന്ന് വിളിക്കപ്പെടുന്ന TATP(ട്രയാസിറ്റോണ്‍ ട്രൈപെറോക്സൈഡ്) എന്ന സ്ഫോടകവസ്തുവിന്റെ അംശം കാറിന്റെ ടയറിലും ഷൂവിലും കണ്ടെത്തിയിട്ടുണ്ട്. ഇത്, സ്ഫോടനം നടത്താനായി ഉമര്‍ തന്റെ പാദരക്ഷയില്‍ ഒരു ഉപകരണം ഒളിപ്പിച്ചിരിക്കാമെന്ന സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഒരു വലിയ ആക്രമണത്തിനായി ജയ്ഷെ ഭീകരര്‍ ഗണ്യമായ അളവില്‍ TATP സംഭരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കോട്ട സ്ഫോടനത്തില്‍ TATPയും അമോണിയം നൈട്രേറ്റും ചേര്‍ന്ന മിശ്രിതമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. കാറിന്റെ പിന്‍സീറ്റിനടിയില്‍നിന്ന് ലഭിച്ച തെളിവുകള്‍ അവിടെയും കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു.

അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന്‍ വഴിയാണ് 20 ലക്ഷം രൂപ ഭീകരസംഘത്തിന് കൈമാറിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഡല്‍ഹി സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനുള്ള പണം കൈപ്പറ്റാന്‍ സഹായിച്ചത് ഇവരാണെന്നും ആരോപണമുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍, 2001 ഡിസംബറില്‍ റിച്ചാര്‍ഡ് റീഡ് നടത്തിയ ചാവേര്‍ ബോംബാക്രമണ ശ്രമവുമായി ഈ സംഭവത്തിന് സാമ്യമുള്ളതായി ഏജന്‍സികള്‍ പറയുന്നു. പാരീസില്‍നിന്ന് മയാമിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍വെച്ച് ഷൂസില്‍ ഒളിപ്പിച്ച TATP പൊട്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കുപ്രസിദ്ധനായ 'ഷൂ ബോംബര്‍' ആയിരുന്നു റിച്ചാര്‍ഡ് റീഡ്.

ഈ കേസിലെ സ്ഫോടകവസ്തുക്കളുടെ രീതിക്കും സ്ഥാനത്തിനും റീഡിന്റെ രീതിയോട് സാമ്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചെങ്കോട്ട സ്ഫോടനം നടത്താന്‍ ഉമറും സമാനമായ രീതിയാണ് സ്വീകരിച്ചതെന്നാണ് കരുതുന്നത്. ചെങ്കോട്ടയിലെ ആക്രമണത്തിന് തീവ്രവാദികള്‍ ഉപയോഗിച്ച രീതി മനസിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Tags:    

Similar News