സിഗരറ്റ് വാങ്ങി നല്‍കിയില്ല; കടയ്ക്ക് മുന്നില്‍ തര്‍ക്കം; ബംഗളൂരുവില്‍ ടെക്കി യുവാവിനെ പിന്തുടര്‍ന്നെത്തി കാറിടിച്ച് കൊലപ്പെടുത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി; 31കാരന്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ ടെക്കി യുവാവിനെ പിന്തുടര്‍ന്നെത്തി കാറിടിച്ച് കൊലപ്പെടുത്തി

Update: 2025-05-17 14:19 GMT

ബെംഗളൂരു: സിഗരറ്റ് വാങ്ങി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ബംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവില്‍ മേയ് 10ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ സഞ്ജയ് (29) ആണ് കൊല്ലപ്പെട്ടത്. മേയ് 13ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സഞ്ജയ് മരിച്ചത്. സഞ്ജയ്‌ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന ചേതന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ടെക്കികളെ കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചിട്ട് നിര്‍ത്താതെ പോയ പ്രതീകിനെ പൊലീസ് പിടികൂടിയത്.

മെയ് പത്താം തീയതി കനകപുര റോഡിലെ വസന്തപുര ക്രോസിന് സമീപമായിരുന്നു സംഭവം. സഞ്ജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചുകയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന സഞ്ജയും ചേതനും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇതിനിടെ വഴിയരികില്‍ നിര്‍ത്തി ചായ കുടിക്കുന്നതിനിടെ കാറിലെത്തിയ പ്രതീക് (31) സഞ്ജയോട് കടയില്‍നിന്ന് സിഗരറ്റ് വാങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ജയ് ആവശ്യം നിരസിച്ചതോടെ തര്‍ക്കമായി. പ്രതീക് സഞ്ജയിനെ മര്‍ദിക്കുകയുംചെയ്തു. തുടര്‍ന്ന് കടയുടമ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. ബൈക്കില്‍ താമസസ്ഥലത്തേക്കു പുറപ്പെട്ട സഞ്ജയിയെയും ചേതനെയും കാറില്‍ പിന്തുടര്‍ന്നെത്തിയ പ്രതീക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. കനകപുര റോഡിലെ വസന്തപുര ക്രോസില്‍ വച്ചാണ് പ്രതീക് ബൈക്കിലേക്ക് കാര്‍ ഇടിച്ചു കയറ്റിയത്.

പ്രതീക് പകതീര്‍ക്കാനായി വീണ്ടും ഇവരെ കാറില്‍ പിന്തുടരുകയും യുവാക്കളുടെ ബൈക്കിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു. തലയ്ക്ക് ഗുരുതരപരിക്കേറ്റ സഞ്ജയിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പരിക്കേറ്റ സുഹൃത്ത് ചേതന്‍ ഇപ്പോഴും ചികിത്സയിലാണ്.

അപകടം നടന്നതിനു പിന്നാലെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതീകിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് സിഗരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രതി സമ്മതിച്ചത്. ബെംഗളൂരു രാജരാജേശ്വരി നഗര്‍ സ്വദേശിയായ പ്രതീക് സ്വകാര്യ കമ്പനിയില്‍ മാനേജരാണ്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചതോടെയാണ് അപകടമരണമല്ല, മറിച്ച് കൊലപാതകമാണെന്നു തിരിച്ചറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ഭാര്യയോടൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സുബ്രഹ്‌മണ്യപുര പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

Tags:    

Similar News