മൃതദേഹവുമായി ആശുപത്രിയില്‍; തൂങ്ങി മരിച്ചെന്ന് പറഞ്ഞത് നുണ: ബിബിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: അച്ഛനും അമ്മാവനും അടക്കം പോലീസ് കസ്റ്റഡിയില്‍

Update: 2024-11-08 05:22 GMT

പീരുമേട്: തൂങ്ങിമരിച്ചെന്നു ബന്ധുക്കള്‍ പറഞ്ഞ യുവാവ് സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിനിടെ ബന്ധുക്കളുടെ മുന്നില്‍വച്ചു തന്നെ ക്രൂരമര്‍ദനമേറ്റു കൊല്ലപ്പെടുകയായിരുന്നെന്നു പൊലീസ് കണ്ടെത്തി. പള്ളിക്കുന്ന് വുഡ് ലാന്‍സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്തു ബാബുവിന്റെ മകന്‍ ബിബിന്‍ (29) ആണു കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. പ്രതികള്‍ ബന്ധുക്കള്‍ തന്നെയാണെന്നാണ് പോലീസ് നിഗമനം. അച്ഛനും അമ്മാവനും, സഹോദരിയുടെ സുഹൃത്തും അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്.

എന്തിനാണ് ബിബിനെ കൊലപ്പെടുത്തിയതെന്നതിന് ഇതുവരെ ഒരു ഉത്തരം പറയാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ചോദ്യം ചെയ്യല്‍ തുടുരുകയാണ്. പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെ പങ്ക് സ്ഥിരീകരിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. സംഭവം നടന്ന വീട്ടില്‍ ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

ബിബിന്റെ സഹോദരി വിനീതയുടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു പുറമേ വിനീതയുടെ പുരുഷ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള സംഘവും വീട്ടിലെത്തിയിരുന്നു. ഇവിടെവച്ചു വാക്കുതര്‍ക്കം പിന്നീട് മര്‍ദ്ദനത്തിലേക്ക് വഴിമാറുകയകയിരുന്നു. ബിബിനെ മര്‍ദ്ദിക്കുന്ന സമയം വീട്ടിലെ ബന്ധുക്കളും ബിബിന്റെ പിതാവും എല്ലാം അടുത്ത് തന്നെ ഉണ്ടായിരുന്നു.

കോയമ്പത്തൂരില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിബിന്‍ ബാബു ദീപാവലി അവധി പ്രമാണിച്ചാണ് വീട്ടില്‍ എത്തിയത്. സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം തിരികെ തമിഴ്‌നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം

ചൊവ്വാഴ്ച വൈകീട്ട് തൂങ്ങിമരിച്ചെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ ബിബിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ശൗചാലയത്തില്‍ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി എന്നായിരുന്നു ബന്ധുക്കള്‍ ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞത്. ഡോക്ടര്‍ പറയുമ്പോഴാണ് ബിബിന്‍ മരിച്ചെന്ന് ബന്ധുക്കള്‍ അറിയുന്നത്.

ഇദ്ദേഹത്തെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് മനസ്സിലായത്. തലയ്ക്ക് പിന്നിലും തലയുടെ മുകള്‍ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും ജനനേന്ദ്രിയം തകര്‍ന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും പോസ്റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞതും ഇല്ല.

Tags:    

Similar News