ബിന്ദു പത്മനാഭന് അമ്മയുടെ കുടുംബ ഓഹരിയായി കിട്ടിയ അമ്പലപ്പുഴയിലെ ഭൂമി വില്‍പ്പനയ്ക്കായി കരാറിലേര്‍പ്പെട്ടയാളും പ്രതിയായേക്കും; കടക്കരപ്പള്ളി കേസില്‍ മറ്റൊരു പള്ളിപ്പുറം സ്വദേശികൂടി നിരീക്ഷണത്തില്‍; ചേര്‍ത്തലയിലെ 'അമ്മാവന്‍' എല്ലാം സമ്മതിക്കുമ്പോള്‍

Update: 2025-09-29 01:28 GMT

ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍ കൊലപാതക കേസില്‍ മറ്റൊരു പള്ളിപ്പുറം സ്വദേശികൂടി നിരീക്ഷണത്തില്‍. ബിന്ദു പത്മനാഭന് അമ്മയുടെ കുടുംബ ഓഹരിയായി കിട്ടിയ അമ്പലപ്പുഴയിലെ ഭൂമി വില്‍പ്പനയ്ക്കായി കരാറിലേര്‍പ്പെട്ടയാളാണ് സംശയനിഴലിലായിരിക്കുന്നത്. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊലപ്പെടുത്താന്‍ പ്രതി സെബാസ്റ്റ്യനു പെട്ടെന്നുണ്ടായ പ്രകോപനം 1.5 ലക്ഷം രൂപയാണ്. ബിന്ദുവിന്റെ അമ്പലപ്പുഴയിലെ സ്ഥലം വാങ്ങാനെത്തിയ ആള്‍ അഡ്വാന്‍സായി ഈ പണം തന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ചാണു ബിന്ദുവിനു കൈമാറിയതെന്നു സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു. ഈ ഇടപാടിലെ മറ്റൊരു പ്രധാനിയാണ് നിരീക്ഷണത്തിലുള്ളത്.

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ് കൊലക്കേസ് എന്നതിലേക്കു ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്ന ഘട്ടം വരെ അന്വേഷണം എത്തിച്ചത് ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ കുമാറിന്റെ ഉറച്ച നിലപാടും പരാതിയുമാണ്. ബിന്ദുവിനെ കാണാനില്ലെന്ന് 2017ലാണു പ്രവീണ്‍ പരാതി നല്‍കിയത്. സഹോദരിയെ അപായപ്പെടുത്തിയിരിക്കാമെന്നും സെബാസ്റ്റ്യന് അതില്‍ പങ്കുണ്ടെന്നും പ്രവീണ്‍ സംശയിച്ചിരുന്നു. ജെയ്‌നമ്മ കേസുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ്, ബിന്ദുവിന്റെ കേസും സജീവമായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിന്ദുവിന്റെ കൊച്ചിയിലുള്ള വസ്തുവിന്റെ വില്‍പനയ്ക്കു സെബാസ്റ്റ്യന്‍ വ്യാജ മുക്ത്യാര്‍ ഉണ്ടാക്കിയതും ബിന്ദുവെന്ന വ്യാജേന മറ്റൊരു സ്ത്രീയെ സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഹാജരാക്കിയെന്ന വിവരവും പുറത്തുവന്നതോടെയാണ് പോലീസില്‍ പരാതി കിട്ടിയത്. 2013 മുതല്‍ സഹോദരിയെ കാണാനില്ലെന്നു പ്രവീണ്‍ പരാതി നല്‍കി. എന്നാല്‍, 2007 മേയില്‍ തന്നെ ബിന്ദു കൊല്ലപ്പെട്ടുവെന്നാണ് സൂചന.

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്നു കരിഞ്ഞ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയതോടെ അവ ജെയ്‌നമ്മയുടേതോ ബിന്ദുവിന്റേതോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായി. തുടര്‍ന്ന്, ഇറ്റലിയിലായിരുന്ന പ്രവീണ്‍ നാട്ടിലെത്തി ഡിഎന്‍എ സാംപിള്‍ നല്‍കി. ഇതിന്റെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ബിന്ദുവിനെപ്പറ്റി സെബാസ്റ്റ്യന്‍ പറയുന്നതു പലതും കളളമാണെന്നു പ്രവീണ്‍ പൊലീസിനോടു പറഞ്ഞിരുന്നു. ബിന്ദു ജീവിച്ചിരിക്കുന്നുണ്ടെന്നു പ്രവീണിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണു സെബാസ്റ്റ്യന്റെ വെളിപ്പെടുത്തല്‍. കുഴിച്ചിട്ട ശരീരഭാഗങ്ങള്‍ രണ്ടും മൂന്നും മാസത്തിനു ശേഷമാണു പല തവണയായി കുഴിച്ചെടുത്തത്. അപ്പോഴേക്കും ഇവ ജീര്‍ണിച്ച് അസ്ഥി മാത്രമാകും. അസ്ഥികള്‍ കത്തിച്ചു ചാരമാക്കി പലയിടത്തായി കളഞ്ഞു. ഒരു തവണ തണ്ണീര്‍മുക്കം ബണ്ടില്‍നിന്നു കായലിലേക്ക് എറിഞ്ഞെന്നും ഇയാള്‍ പറഞ്ഞു.

സഹോദരന്‍ വിദേശത്തേക്കു പോയതോടെ 2004 മുതല്‍ പള്ളിപ്പുറത്തെ വീട് സെബാസ്റ്റ്യന്റെ കൈവശമായിരുന്നു. ഇതു കൊലപാതകത്തിനും മൃതദേഹം മുറിച്ചു കുഴിച്ചുമൂടാനും പിന്നീട് അസ്ഥികള്‍ കത്തിക്കാനുമെല്ലാം സെബാസ്റ്റ്യനു സൗകര്യമായി. 2017 സെപ്തംബര്‍ 17ന് ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബര്‍ ഒന്‍പതിന് കുത്തിയതോട് സി ഐ ഓഫീസില്‍ എത്തി. എന്നാല്‍ 70 ദിവസത്തിന് ശേഷം ഡിസംബര്‍ 19നാണ് പ്രഥമ വിവര റിപ്പോര്‍ട്ട് പുറത്തുവന്നത്. 2006ല്‍ തന്നെ ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സെബാസ്റ്റ്യനുമായി ബിന്ദുവിന് അടുത്ത ബന്ധമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

ബിന്ദു പത്മനാഭനെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നിരുന്നു. ദല്ലാളായ സോഡാ പൊന്നപ്പന്‍ അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോട് കൊലപാതകവിവരം വെളിപ്പെടുത്തിയ ശബ്ദരേഖയാണ് പുറത്തുവന്നത്. ചേര്‍ത്തലക്കാര്‍ അമ്മാവന്‍ എന്നാണ് സെബാസ്റ്റിയനെ വിളിക്കാറുള്ളത്. വസ്തു ഇടപാടുകളില്‍ ബ്രോക്കറായതു കൊണ്ടാണ് ഇത്.

Tags:    

Similar News