ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഫ്രാങ്ക്‌ളിന്‍; സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് വെളിപ്പെടുത്തിയ സോഡാ പൊന്നപ്പന്‍; ഈ ശബ്ദരേഖ നേരത്തേയും പോലീസിന് നല്‍കിയ ശശികല; യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്കളിനോ? ബിന്ദു പത്മനാഭനെ ഇല്ലാതാക്കിയത് എങ്ങനെ?

Update: 2025-08-15 01:42 GMT

ചേര്‍ത്തല: ജെയ്‌നമ്മയുടെ രക്തക്കറയില്‍ സ്ഥിരീകരണം വന്നു. ഇതിന് പിന്നാലെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്‌ളിനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. സെബാസ്റ്റ്യനും സുഹൃത്തായ ഫ്രാങ്ക്‌ളിനും വസ്തു ബ്രോക്കര്‍മാരാണ്. ദല്ലാളായ സോഡാ പൊന്നപ്പന്‍ അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഇതോടെ പോലീസിന് മറ്റൊരു തെളിവ് കിട്ടുകയാണ്. ഈ ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നവരെ എല്ലാം പോലീസ് ചോദ്യം ചെയ്യും. ഇനി സെബാസ്റ്റ്്യനും ഈ കേസില്‍ രക്ഷയുണ്ടാകില്ലെന്നാണ് പോലീസ് നിഗമനം.

നാലു വര്‍ഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പന്‍ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ശശികലയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ബിന്ദുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പൊന്നപ്പന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. ബിന്ദു പത്മനാഭന്റെ സ്വത്ത് വില്‍ക്കാന്‍ വേണ്ടി സെബാസ്റ്റ്യനെയും ഫ്രാങ്ക്‌ളിനെയും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാള്‍ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയില്‍ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും ചേര്‍ന്ന് ലഹരി നല്‍കി മയക്കിയശേഷം ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. അതിനിര്‍ണ്ണായകമാണ് ഈ വെളിപ്പെടുത്തല്‍.

അവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് തന്നെ കാണാന്‍ സെബാസ്റ്റ്യന്‍ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പന്‍ പറയുന്നുണ്ട്. 2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബര്‍ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബര്‍ 9ന് കുത്തിയതോട് സി ഐ ഓഫീസില്‍ എത്തി. എന്നാല്‍ 70 ദിവസത്തിന് ശേഷം ഡിസംബര്‍ 19നാണ് 1400/2017 നമ്പരില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ മൂക്കുകയര്‍ ഇട്ടിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രണ്ട് ഉന്നതര്‍ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.

2012 ലാണ് ഫ്രാങ്ക്ളിന്‍ ചേര്‍ത്തലയില്‍ താമസമാക്കുന്നത്. സ്ഥലക്കച്ചവടത്തിലൂടെയാണ് ഇയാള്‍ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചത്. ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി ഒരു സൗഹൃദം ഇയാള്‍ സ്ഥാപിച്ചിരുന്നു. സെബാസ്‌ററ്യനും ഫ്രാങ്ക്‌ളിനും ചേര്‍ന്നാണ് സ്ഥലമിടപാടുകള്‍ നടത്തിയിരുന്നത്. ഇതോടെ സൂത്രധാരന്‍ ഫ്രാങ്ക്‌ളിന്‍ ആണോ എന്ന സംശയവും ഉയരുന്നുണ്ട്. സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് പൊന്നന്‍ വെളിപ്പെടുത്തുന്നത് ശബ്ദരേഖയിലുണ്ട്. മയക്കുമരുന്ന് നല്‍കിയശേഷമാണ് കൊന്നത്. പൊന്നനാണ് ബിന്ദുവിനെ സെബാസ്റ്റിയനുമായും ഫ്രങ്ക്ളിനുമായി ബന്ധിപ്പിച്ചത്. വസ്തുദല്ലാളായ പൊന്നനെ ഭൂമി വില്‍ക്കാനാണ് ബിന്ദു സമീപിച്ചത്. പിന്നീട് ഇരുവരുമായും ബിന്ദു അടുത്തബന്ധത്തിലായി. വസ്തുവിറ്റശേഷം പൊന്നന് കമീഷന്‍ നല്‍കി. ബിന്ദുവിന്റെ വീട്ടിലെ കിടക്കയില്‍ സൂക്ഷിച്ച വന്‍തുക ഇവര്‍ കൈക്കലാക്കിയെന്നും ശബ്ദരേഖയിലുണ്ട്.

നേരത്തെ തിരോധാനം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് ശബ്ദരേഖ കൈമാറിയിരുന്നെന്ന് ശശികല വെളിപ്പെടുത്തി. ഇപ്പോഴത്തെ അന്വേഷകസംഘത്തിനും ശബ്ദരേഖ കൈമാറി. നേരത്തെ ക്രൈംബ്രാഞ്ച് തന്നെ ചോദ്യംചെയ്തതായി പൊന്നന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ അന്വേഷകസംഘവും ഇയാളെ ചോദ്യംചെയ്തെന്നാണ് വിവരം. കടക്കരപ്പള്ളി ആലുങ്കല്‍ സമ്പന്ന കുടുംബാംഗം ബിന്ദു പത്മനാഭനെ 2013 ആഗസ്തിലാണ് കാണാതായത്. വിദേശത്തുള്ള ഏകസഹോദരന്‍ 2017 സെപ്തംബറിലാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. 2002ല്‍ മരിച്ച അമ്മയുടെ പേരിലെ ഭൂമി 2003ല്‍ വിറ്റതായും മറ്റും വിവരം ലഭിച്ചതോടെയാണ് രേഖകള്‍ സമാഹരിച്ച് പരാതിപ്പെട്ടത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ അനുബന്ധ കുറ്റകൃത്യങ്ങള്‍ അന്വേഷണത്തിനിടെ കണ്ടെത്തുകയും സെബാസ്റ്റിയന്‍ ഉള്‍പ്പെടെ ഏതാനുംപേര്‍ റിമാന്‍ഡിലായതുമാണ്.

സംസ്ഥാനത്ത് പുറത്തും ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും ബിന്ദുവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ബിന്ദു ജീവിച്ചിരിപ്പില്ലെന്നും തിരോധാനത്തിന് പിന്നില്‍ സെബാസ്റ്റിയനാണെന്നും ക്രൈംബ്രാഞ്ച് നിഗമനത്തില്‍ എത്തിയിരുന്നു. എന്നാല്‍ തെളിവ് ലഭിക്കാത്തതാണ് അന്വേഷണത്തില്‍ പ്രതിസന്ധിയായത്.

Tags:    

Similar News