അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോട് ദല്ലാളായ സോഡാ പൊന്നപ്പന്‍ പറഞ്ഞത് സത്യം; ചേര്‍ത്തലക്കാരുടെ 'അമ്മാവനും' കുറ്റസമ്മതം നടത്തി; ബിന്ദു പത്മനാഭനെ താന്‍ കൊന്നത് തന്നെയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍; കൊലപാതകം കേരളത്തിന് പുറത്തോ? ചേര്‍ത്തലയില്‍ ചുരുളുകള്‍ അഴിഞ്ഞു തുടങ്ങുമ്പോള്‍
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍ കൊലപാതകകേസില്‍ പ്രതിയായ പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനെ (61) തെളിവെടുപ്പിനായി ചേര്‍ത്തല കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നില്‍ കുറ്റസമ്മതം. ചേര്‍ത്തല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷെറിന്‍ കെ. ജോര്‍ജാണ് 30ന് വൈകുന്നേരം നാലുവരെ പ്രതിയെ കസ്റ്റഡിയില്‍വിട്ട് ഉത്തരവായത്. കൂടുതല്‍ തെളിവെടുക്കുന്നതിനും ബിന്ദുവിന്റെ മൃതദേഹാവശഷിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനുമാണ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇതിനായി പ്രതിയുമായി കോട്ടയം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലും സംസ്ഥാനത്തിനു പുറത്ത് കുടക്, ബംഗളൂരു, വേളാങ്കണ്ണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും എത്തിച്ച് തെളിവുകള്‍ ശേഖരിക്കും. കേരളത്തിന് പുറത്താണ് ഈ കൊല നടന്നതെന്നാണ് സൂചന.
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്റെ പോലീസിനോട് സമ്മതിച്ചു. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മ കൊലക്കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് സെബാസ്റ്റ്യന്‍ ബിന്ദു പത്മനാഭനെ കൊന്നതായി കുറ്റസമ്മതം നടത്തിയത്. തുടര്‍ന്നാണ് സെബാസ്റ്റ്യനെ 18ന് വിയ്യൂര്‍ ജയിലിലെത്തി അറസ്റ്റ്‌ചെയ്തത്. ചേര്‍ത്തല പോലീസ് അന്വേഷിക്കുന്ന റിട്ട. പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ-62) തിരോധാനകേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ബിന്ദു പത്മനാഭനെ കാണാനില്ലെന്ന് 2017ല്‍ വിദേശത്തുള്ള സഹോദരന്‍ പ്രവീണ്‍ നല്‍കിയ പരാതിയില്‍ പട്ടണക്കാട് പോലീസ് എടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. 2002 മുതല്‍ സഹോദരിയെ കാണാനില്ലെന്നായിരുന്നു പരാതി. ബിന്ദു പത്മനാഭന്‍ 2003 മുതല്‍ സെബാസ്റ്റ്യനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പല തവണ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ ചെന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2006ല്‍ ഇവര്‍ കൊലചെയ്യപ്പെട്ടെന്നാണ് നിഗമനം. ബിന്ദു കൊല്ലപ്പെട്ടതായി കരുതുന്ന 2006നു ശേഷം ബിന്ദുവിന്റെ പേരിലുള്ള ഭൂമി വ്യാജ പ്രമാണത്തിലൂടെ തട്ടിയെടുത്തതിലടക്കം മൂന്നുകേസുകള്‍ സെബാസ്റ്റ്യന്റെ പേരിലുണ്ട്.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. ദല്ലാളായ സോഡാ പൊന്നപ്പന്‍ അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. നാല് വര്‍ഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പന്‍ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ബിന്ദുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പൊന്നപ്പന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. സ്വത്ത് വില്‍ക്കാനായി ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തിനും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് പൊന്നപ്പന്‍ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയില്‍ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും സുഹൃത്തും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. അവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ബിന്ദുവിനെ സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ലഹരി നല്‍കി മയക്കിയശേഷം ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. ഒരു ദിവസം വൈകിട്ട് തന്നെ കാണാന്‍ സെബാസ്റ്റ്യന്‍ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പന്‍ പറയുന്നുണ്ട്.
2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബര്‍ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബര്‍ ഒന്‍പതിന് കുത്തിയതോട് സി ഐ ഓഫീസില്‍ എത്തി. എന്നാല്‍ 70 ദിവസത്തിന് ശേഷം ഡിസംബര്‍ 19നാണ് പ്രഥമ വിവര റിപ്പോര്‍ട്ട് ഇട്ടത്. സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തുകാര്‍ക്ക് ഒരുകാലത്ത് അമ്മാവനായിരുന്നു. വസ്തു ഇടപാടുകളിലൂടെ സമ്പന്നനായ സെബാസ്റ്റ്യന്‍ നാട്ടുകാരുമായി വലിയ സഹകരണത്തിലും സഹായിയുമായിരുന്നു. 2017-ല്‍ ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ പിടിയിലാകുകയും കുടുങ്ങുകയും ചെയ്തതോടെയാണ് ഇയാള്‍ നാടിന്റെ സംശയനിഴലിലായി അകന്നത്. ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയ്ക്ക് സെബാസ്റ്റ്യനുമായി നേരത്തേ ബന്ധമുണ്ടായിരുന്നതായും സൂചന. ഇത്തരത്തിലുള്ള വിവരങ്ങളിലും അന്വേഷണസംഘം തെളിവുകള്‍ തേടുന്നുണ്ട്. 2017-ല്‍ ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ പോലീസ് അറസ്റ്റുചെയ്ത ഘട്ടത്തില്‍ ജാമ്യത്തിനായി രംഗത്തിറങ്ങിയ സ്ത്രീ ജൈനമ്മയാണെന്ന സംശയമാണുയര്‍ന്നിരിക്കുന്നത്.
ഇതിന്റെയും അടിസ്ഥാനത്തിലാണ് കാണാതായ ജൈനമ്മയെക്കുറിച്ചുള്ള അന്വേഷണം സെബാസ്റ്റ്യനിലേക്കെത്തുന്നത്. ഇവരുടെ ടവര്‍ ലൊക്കേഷന്‍ പള്ളിപ്പുറത്താണെന്നു കണ്ടെത്തുകയും രണ്ടുപേരും ഒരേ ടവറിന്റെ പരിധിയില്‍ വന്നതോടെയുമാണ് അന്വേഷണത്തിനു ചൂടേറിയത്. ഇതെല്ലാം കൃത്യമായി കണക്കാക്കിയാണ് സെബാസ്റ്റ്യനെ പോലീസ് പിടികൂടിയത്.