എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കേസെടുക്കും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താമെന്ന് നിയമോപദേശം; സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളെയും മൊഴിയെടുത്തു പോലീസ്; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സംഘം

എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കേസെടുക്കും

Update: 2024-10-17 07:17 GMT

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹ്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി പി ദിവ്യക്കെതിരെ പോലീസ് കേസെടുക്കും. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസില്‍ പ്രതിയാക്കാനാണ് പോലീസിന്റെ തീരുമാനം. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുക്കുക. ഇക്കാര്യത്തില്‍ പോലീസിന് നിയമോപദേശം ലഭിച്ചതോടെയാണ് സിപിഎം നേതാവിനെ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

കൂടാതെ ഡിജിറ്റല്‍ രേഖകളും കണ്ടെത്തിയ ശേഷമാണ് പി പി ദിവ്യക്കെതിരെ കേസെടുക്കാന്‍ പോലീസ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. നവീന്റെ മരണത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കുന്നതാണോ എന്നായിരുന്നു പൊലീസ് നിയമോപദേശം തേടിയിരുന്നത്.

എഡിഎം യാത്രയയപ്പ് സമ്മേളനത്തിന് ശേഷം നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിരുന്നു. സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും എഡിഎം നവീന്‍ ബാബുവിന് ആത്മഹത്യയിലേക്ക് നയിക്കത്തക്ക മാനസിക വിഷമങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്.

യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ വന്ന് അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത്. തുടര്‍ന്ന് പ്രസംഗത്തിന് ശേഷം താമസിക്കുന്ന കെട്ടിടത്തിലേക്ക് പോയ എഡിഎം നവീന്‍ ബാബു പുലര്‍ച്ചെ ജീവനൊടുക്കുകയായിരുന്നു. നവീന്റെ ആത്മഹത്യയിലേക്ക് തള്ളിവിട്ട മാനസിക പ്രയാസത്തിന് കാരണം ദിവ്യയുടെ പ്രസംഗമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭാരതീയ ന്യായ സംഹിത അടിസ്ഥാനമാക്കിയാകും ദിവ്യക്കെതിരെ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.

നേരത്തെ പി.പി.ദിവ്യ പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നു ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു കൈക്കൂലി കൈപ്പറ്റിയെന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയതായി പുറത്തു വന്നിരുന്നു. ഇത് വ്യാജമാണെന്ന ആരോപണവും ശക്തമായിരുന്നു. അതേസമയം കേസെടുക്കുന്ന പശ്ചാത്തലത്തില്‍ പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിക്കും. ദിവ്യക്ക് പകരക്കാരിയായി ടി സരളയെത്തുമെന്നാണ് സൂചന. അഴിക്കോട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് ടി സരള. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കൂടിയാണ് അഡ്വ ടി.സരള.

നേരത്തെ ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തുവന്നിരുന്നു. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പത്തനംതിട്ട പാര്‍ട്ടി കമ്മിറ്റിയുടെ ആവശ്യം. കണ്ണൂരിലെയും പത്തനംതിട്ടയിലെയും കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News