ആ പിഞ്ചു കുഞ്ഞിനെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരന്‍; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തിയത് കുട്ടിയുടെ കൊച്ചച്ഛന്‍; പിതൃസഹോദരനെ കുടുക്കിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മികവ്; ആ അമ്മയ്ക്ക് മേല്‍ എല്ലാം കുറ്റവും ചാര്‍ത്തി തടിതപ്പിയെ അച്ഛനും കുടുങ്ങിയേക്കും; ചാലക്കുടി പുഴയിലേക്ക് ആ കുട്ടിയെ അമ്മയെ കൊണ്ട് വലിച്ചെറിയിപ്പിച്ചത് ഈ നരാധമന്റെ ക്രൂരത

Update: 2025-05-22 04:24 GMT

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലര വയസുകാരി പലതവണയായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസിന് ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയിട്ടുളളത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയത്. ഇതിനു പിന്നാലെ പുത്തന്‍കുരിശ് പൊലീസ് കുട്ടിയുടെ ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. മൂന്നരവയസ്സുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോടെയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗികാതിക്രമണത്തിനിരയായതായി പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്തബന്ധുവിനെ പോലീസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടംചെയ്ത ഡോക്ടര്‍മാര്‍ കുട്ടിയുടെ ശരീരത്തില്‍ ചില പാടുകള്‍ കണ്ടെത്തിയിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയ വിവരം. ഡോക്ടര്‍മാരുടെ നിഗമനമാണ് കേസില്‍ വമ്പന്‍ ട്വിസ്റ്റായി മാറിയത്. പീഡനം കണ്ടെത്തില്ലെന്ന് കരുതിയാണ് എല്ലാം കുറ്റവും അമ്മയ്ക്ക് പുറത്തു ചാരി കൈകഴുകാന്‍ അച്ഛന്‍ അടക്കം തിടുക്കം കാട്ടിയത്. ഇതോടെ കേസില്‍ അച്ഛനും മറുപടി പറയേണ്ടി വരും.

ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കുട്ടിയുടെ പിതൃസഹോദരനുമുണ്ടായിരുന്നു. വൈകുന്നേരത്തോടെ മറ്റ് രണ്ട് പേരെ പറഞ്ഞയച്ചതിനുശേഷം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. എസ്പി അടക്കമുളളവരാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ പിതൃസഹോദരന്‍ പൊട്ടിക്കരഞ്ഞെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ബാലനീതി, പോക്‌സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലര വയസുകാരിയുടെ മരണത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ കല്യാണിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിന് നടുവിലെ തൂണില്‍ കുരുങ്ങിനിന്ന മരക്കൊമ്പുകള്‍ക്കിടയില്‍ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിക്കുകയായിരുന്നു.

അച്ഛന്റെ സഹോദരനെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകക്കേസ് ചെങ്ങമനാട് പോലീസ് ആണ് അന്വേഷിക്കുന്നത്. പീഡനക്കേസ് അന്വേഷിക്കുന്നത് പുത്തന്‍കുരിശ് പോലീസ് ആണ്. പുത്തന്‍കുരിശ് ഡിവൈഎസ്പിക്കാണ് പീഡനക്കേസിന്റെ അന്വേഷണച്ചുമതല. പ്രത്യേകാന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നില്ല. വ്യത്യസ്തമായ കാരണങ്ങളായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഇത് പോലീസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തില്‍ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഭര്‍തൃവീട്ടുകാരോടുള്ള പകയാണെന്നും അവരെ വിഷമിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ഒരു കൃത്യം നിര്‍വഹിച്ചത് എന്നും അമ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. എന്നാല്‍, സാഹചര്യത്തെളിവൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് പോലീസ് മുഖവിലക്കെടുത്തിരുന്നില്ല. ഇതിനിടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത്.

തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലത്തില്‍ നിന്ന് എറിഞ്ഞപ്പോള്‍ തലക്ക് പരിക്കേറ്റ് കുട്ടി മരിച്ചതാകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരികാവയവങ്ങളില്‍ വെള്ളം കയറിയിരുന്നു. ഹൃദയാഘാതമുണ്ടായി എന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായി എന്ന് വ്യക്തമാകുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെല്ലാം കുട്ടിയെ വലിയ കാര്യമായിരുന്നുവെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്. തിങ്കളാഴ്ച അങ്കണവാടിയില്‍നിന്ന് കുട്ടിയെ അമ്മ വിളിച്ചുകൊണ്ടുപോയി പാലത്തില്‍നിന്ന് പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തിരുന്നു.

കുട്ടിയുടെ അമ്മ ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍തൃവീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിഷുവിനു മുന്‍പ് ഒന്നര മാസത്തോളം ഇവര്‍ സ്വന്തം വീട്ടില്‍ വന്നുനിന്നിരുന്നു. വിഷുവിനാണ് മടങ്ങിയത്. ഇതിനിടെ ഇവര്‍ക്ക് മാനസികമായി തകരാറുണ്ടോ എന്ന് പരിശോധിപ്പിക്കണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. അങ്കമാലിയിലെ ആശുപത്രിയില്‍ പരിശോധനയും നടത്തി. എന്നാല്‍ ഇവര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്. ഭര്‍തൃവീട്ടില്‍ മടങ്ങിച്ചെന്ന ശേഷവും തന്നെ പീഡിപ്പിക്കുകയാണെന്ന് മൂത്ത സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസിന്റെ വനിതാ ഹെല്‍പ് ലൈനില്‍ പരാതിയും നല്‍കിയിരുന്നു.

Tags:    

Similar News