അങ്കമാലിയിലേക്ക് പോയ ദൃശ്യങ്ങള്‍ കിട്ടിയതോടെ ആദ്യ 20 മണിക്കൂര്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് കൊച്ചിയില്‍; അങ്കമാലിയില്‍ നിന്നും യുടേണ്‍ എടുത്ത് ആ ഹെല്‍മറ്റുധാരി പോയത് തൃശൂരിലേക്ക്; യാത്രാ വഴിയിലും കേരളാ പോലീസിനെ മോഷ്ടാവ് കബളിപ്പിച്ചു; ചാലക്കുടി ബാങ്ക് കവര്‍ച്ചാക്കാരന്‍ കേരളം വിടാന്‍ സാധ്യത

Update: 2025-02-15 09:20 GMT

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ചാ കേസില്‍ അന്വേഷണത്തില്‍ ട്വിസ്റ്റ്. പോലീസിനെ എല്ലാ അര്‍ത്ഥത്തിലും വഴി തെറ്റിക്കുകയായിരുന്നു മോഷ്ടാവ്. പ്രതി രക്ഷപ്പെട്ടത് തൃശ്ശൂര്‍ ഭാഗത്തേക്ക് കടന്നാണെന്നാണ് സൂചന. സി.സി.ടി.വി. പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രതി പോലീസിനെ കബളിപ്പിക്കാന്‍ ആദ്യം അങ്കമാലി ദിശയിലേക്ക് പോയെന്നും പിന്നീട് തൃശ്ശൂര്‍ ഭാഗത്തേക്ക് മാറി സഞ്ചരിക്കുകയുമായിരുന്നു. ഇതോടെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്തുവരികയായിരുന്നു. ഇതില്‍നിന്നാണ് പോലീസിനെ കബളിപ്പിക്കാന്‍ പ്രതി ശ്രമിച്ചുവെന്ന വിവരം ലഭിച്ചത്. തൃശൂരിലേക്ക് പോയെങ്കില്‍ പ്രതി കേരളം വിടാനാണ് സാധ്യത. 47 ലക്ഷം രൂപയുണ്ടായിരുന്നിട്ടും എന്തുകൊണ്ട് 15 ലക്ഷം മാത്രം പ്രതി കൈക്കലാക്കിയെന്നതും ഉയരുന്ന പ്രധാന ചോദ്യമാണ്. മൂന്നുമിനിറ്റുകൊണ്ടായിരുന്നു കവര്‍ച്ച നടത്തിയത്. ഇതില്‍ എട്ടുസെക്കന്റോളം മാത്രമാണ് കാഷ് കൗണ്ടറിലുണ്ടായിരുന്നത്. പരമാവധി പണം കവരാന്‍ ശ്രമിക്കുന്നതിന് പകരം മൂന്ന് കെട്ടുകളിലായി 15 ലക്ഷം രൂപമാത്രമാണ് കൈക്കലാക്കിയത്. അതിവേഗം രക്ഷപ്പെടുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ് വിവരം. ഇതുകൊണ്ട് തന്നെ പോലീസ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് പ്രതിയ്ക്ക് പരമാവധി ദൂരം പിന്നിടാനായി.

ബാങ്കില്‍ ഹിന്ദി സംസാരിച്ചതും കബളിപ്പിക്കാനാണെന്നാണ് കരുതുന്നത്. ചുരുക്കം വാക്കുകളായിരുന്നു ഹിന്ദിയില്‍ സംസാരിച്ചത്. കൊള്ളയടിക്കുമ്പോള്‍ പരമാവധി പണം കൈക്കലാക്കുന്നതാണ് ഉത്തരേന്ത്യന്‍ സംഘങ്ങളുടെ രീതി. എന്നാല്‍ ഇവിടെ അതുണ്ടായില്ല. അതുകൊണ്ടാണ് മലയാളിയിലേക്ക് അന്വേഷണം നീളുന്നത്. പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ കഴിയാത്തതും അന്വേഷണത്തില്‍ വലിയ വെല്ലുവിളിയാണ്. വാഹനം ട്രെയിലറില്‍ കടത്താനും സാധ്യതയുണ്ട്. കുറച്ചു കാലം മുമ്പ് കേരളത്തില്‍ എടിഎം കവര്‍ച്ചയ്ക്ക് എത്തിയവര്‍ അവര്‍ വന്ന വാഹനം ട്രെയിലറില്‍ കൊണ്ടു പോയി. ട്രെയിലര്‍ അപകടത്തില്‍ പെട്ടതു കൊണ്ടാണ് അന്ന് കള്ളന്മാരെ പിടിച്ചത്. ഈ തന്ത്രമാകും ഇവിടേയും പ്രയോഗിച്ചതെന്ന സംശയവും പോലീസിനുണ്ട്. ദേശീയ പാതയിലൂടെ പോയ വാഹനം പെട്ടെന്ന് അപ്രത്യക്ഷമായതാണ് ഈ സംശയത്തിന് കാരണം.

വാഹനത്തിന്റെ നമ്പര്‍ മനസിലാക്കാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ല. ഹൈവേയിലൂടെ യാത്രചെയ്യുമ്പോള്‍ മിക്കവാറും സി.സി.ടി.വികള്‍ ഒഴിവാക്കിയാണ് യാത്ര ചെയ്തിരിക്കുന്നത്. അങ്കമാലിയിലേക്ക് പോയ പ്രതി പിന്നീട് തൃശൂര്‍ ഭാഗത്തേക്ക് തന്നെ എത്തിയെന്നാണ് പൊലീസ് നിഗമനം. പ്രതി കൊച്ചിയിലേക്ക് പോകുന്നുവെന്ന ധാരണയില്‍ ഇന്നലെ രാത്രിയിലാകെ എറണാകുളം നഗരം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നു. നിലവില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജില്ലാ അതിര്‍ത്തികളിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ഉള്ള ഭാഗങ്ങള്‍ പരമാവധി ഒഴിവാക്കിയാണ് പ്രതി ഹൈവേയിലൂടെ യാത്ര ചെയ്തത്. കവര്‍ച്ച നടന്ന് 24 മണിക്കൂര്‍ ആകുമ്പോഴും വാഹനത്തിന്റെ നമ്പര്‍ മനസ്സിലാക്കാന്‍ പോലും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

മോഷ്ടാവിന്റെ ദൃശ്യം സിസിടിവികളില്‍ ലഭിക്കാത്തതു പ്രദേശത്ത് വൈദ്യുതി നിലച്ചതിനാലാണ്. ഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റ് നേരമാണ് പ്രദേശത്തു വൈദ്യുതി ബന്ധം ഇല്ലാതിരുന്നത്. ഇതുകാരണം മോഷ്ടാവ് സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിഞ്ഞില്ല. പോട്ട ചെറുപുഷ്പം പള്ളിക്ക് എതിര്‍വശത്തുള്ള എല്‍എഫ് കോംപ്ലക്‌സിലെ താഴത്തെ നിലയിലാണു ബാങ്ക്. ബാങ്ക് കൂടാതെ 8 വ്യാപാരസ്ഥാപനങ്ങളാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ഇവയിലെല്ലാം ജീവനക്കാരുണ്ടായിരുന്നെങ്കിലും പൊലീസ് എത്തി അന്വേഷണം ആരംഭിച്ച ശേഷമാണ് അവര്‍ പോലും മോഷണം നടന്ന വിവരം അറിഞ്ഞത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പള്ളിയുടെ ഹാളാണ്. അവ പൂട്ടിക്കിടക്കുകയായിരുന്നു.

2 വനിതകളടക്കം 8 ജീവനക്കാരാണു ബാങ്കിലുള്ളത്. അതില്‍ കാഷ്യര്‍ സിജു 10 ദിവസമായി അവധിയിലായിരുന്നു. ക്ലാര്‍ക്കായ അര്‍ച്ചനയ്ക്കായിരുന്നു കാഷ് കൗണ്ടറിന്റെ ചുമതല. അര്‍ച്ചനയും അസി. മാനേജര്‍ പോള്‍ കുര്യന്‍, ക്ലാര്‍ക്ക് ജെറിന്‍, സ്വീപ്പര്‍ ലില്ലി എന്നിവരും ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു മോഷണം. ബാങ്കിലുണ്ടായിരുന്ന പ്യൂണ്‍ ടെജിന്‍, മാനേജര്‍ ബാബു എന്നിവര്‍ മാത്രമാണു മോഷ്ടാവ് എത്തിയതു നേരില്‍ കണ്ടത്. ഇവരെ കാത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു. ഇന്നലെ ജോലിക്കെത്തിയിരുന്ന ക്ലാര്‍ക്ക് നിവിന്‍ ഈ സമയത്തു ഭക്ഷണം കഴിക്കാനായി പുറത്തു പോയിരിക്കുകയായിരുന്നു.

Tags:    

Similar News