'ഇപ്പോഴത്തെ ശമ്പളം ഒന്നിനും തികയുന്നില്ല; ഞങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ മാന്യമായ വേതനം വേണം; ഏഴ് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണ്; സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ശമ്പളം കൂടി തരാമെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു; ഇത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയാണ്'; അവകാശപ്പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല; നഴ്സുമാരുടെ സമരത്തില്‍ സെക്രട്ടറിയേറ്റ് പരിസരം അലകടലായി

20000 രൂപ സാലറി ഒന്നിനും തികയുന്നില്ല

Update: 2026-03-04 06:52 GMT


തിരുവനന്തപുരം: സമീപകാലത്ത് തലസ്ഥാനം കണ്ട ഏറ്റവും വലിയ ജനസാഗരമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച്. അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കണം എന്നത് അടക്കമുള്ള ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ പതിനായിരക്കണക്കിന് നഴ്‌സുമാരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്. പണിമുടക്കിന്റെ ഭാഗമായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് നഗരത്തെ പ്രക്ഷോഭക്കടലാക്കി മാറ്റി.

തിങ്ങിനിറഞ്ഞ് നഴ്‌സുമാര്‍

രാവിലെ ഒന്‍പതു മണിയോടെ തന്നെ പാളയം രക്തസാക്ഷി മണ്ഡപവും പരിസരവും നഴ്‌സുമാരെക്കൊണ്ട് നിറഞ്ഞു. ജനബാഹുല്യം കാരണം പിന്നീട് പ്രതിഷേധക്കാരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളില്‍ നിന്നായി അരലക്ഷത്തോളം നഴ്‌സുമാര്‍ സമരത്തില്‍ അണിനിരന്നു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലാണ് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റ് പടിക്കലേക്ക് സമരമായി നീങ്ങിയത്. 490 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് ഇന്നു ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങിയത്.




 


'മാലാഖമാരല്ല, മനുഷ്യരാണ്'

മണിക്കൂറുകളോളം ജോലി ചെയ്തിട്ടും അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്നതാണ് നഴ്‌സുമാരുടെ പ്രധാന പരാതി. 'ഞങ്ങള്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു, എന്നാല്‍ അതിനനുസരിച്ചുള്ള ശമ്പളം മാനേജ്മെന്റുകള്‍ നല്‍കുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ നടന്ന സമരങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല,' സമരത്തിനെത്തിയ നഴ്‌സുമാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഏഴ് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണ്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ശമ്പളം കൂടി തരാമെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു. ഇത് ഒത്തുകളിയാണെന്നും സമരക്കാര്‍ വ്യക്തമാക്കുന്നു. പ്രതിഷേധം കേവലം ഒരു ദിവസത്തെ മാര്‍ച്ചില്‍ ഒതുക്കാനല്ല നഴ്‌സുമാരുടെ തീരുമാനം. മിക്കവരും ഒരാഴ്ചത്തെ വസ്ത്രങ്ങളുമായാണ് തലസ്ഥാനത്തെത്തിയിരിക്കുന്നത്. 'തീരുമാനമാകാതെ മടങ്ങില്ല' എന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ രാപ്പകല്‍ സമരമടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.


 



സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം ദിവസവേതനം 1333 രൂപയായി ഉയര്‍ത്തുക എന്നതാണ പ്രധാന ആവശ്യം. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി പരിഷ്‌കരിക്കണം. 2018ന് ശേഷം ശമ്പളപരിഷ്‌കരണം നടപ്പാക്കാത്ത സാഹചര്യം അവസാനിപ്പിക്കണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു. പണിമുടക്ക് സ്വകാര്യ ആശുപത്രികളുടെ സ്വാഭാവിക ദൈനംദിന പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങളില്‍ ജോലി ചെയ്യുമെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകുന്നേരം ചേരുന്ന കണ്‍വെന്‍ഷന് ശേഷം സമരത്തിന്റെ അടുത്ത ഘട്ടം പ്രഖ്യാപിക്കും.

Tags:    

Similar News