കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം മുന്‍ ആര്‍ടിഒയ്ക്കും ഭാര്യക്കുമെതിരെ വഞ്ചനാ കുറ്റത്തിനും കേസ്; ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ തട്ടിയെടുത്തു: എറണാകുളം സ്വദേശിയുടെ പരാതിയില്‍ കേസെടുത്ത് കോടതി

കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം മുന്‍ ആര്‍ടിഒയ്ക്കും ഭാര്യക്കുമെതിരെ വഞ്ചനാ കുറ്റത്തിനും കേസ്

Update: 2025-04-30 00:22 GMT

എറണാകുളം: കൈക്കൂലി കേസില്‍ അറസ്റ്റിലാവുകയും സസ്‌പെന്‍ഷനിലാവുകയും ചെയ്ത എറണാകുളം മുന്‍ ആര്‍ടിഒയ്ക്കും ഭാര്യക്കുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 75 ലക്ഷം വിലവരുന്ന തുണിത്തരങ്ങള്‍ തട്ടിയെടുത്തു എന്നാണ് എറണാകുളം പരാതി നല്‍കിയത്.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. എറണാകുളം ആര്‍ടിഒ ആയിരുന്ന ജെര്‍സണ്‍ ടിഎം, ഭാര്യ റിയ ജെര്‍സണ്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. എറണാകുളം സ്വദേശി അല്‍ അമീന്‍ ആയിരുന്നു പരാതിക്കാരന്‍.

അല്‍ അമീന്‍ കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ജെര്‍സനും ഭാര്യക്കുമെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.ബിസിനസ്സില്‍ പങ്കാളി ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 75 ലക്ഷത്തോളം വിലവരുന്ന തുണിത്തരങ്ങള്‍ തട്ടിയെടുത്തു എന്നായിരുന്നു പരാതിയില്‍ പറയുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ചഒ ആണ് കോടതി നിര്‍ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത്.

Tags:    

Similar News