മകനും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു; വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം ജനല്‍ വഴി പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി എറിഞ്ഞു; ഒരുതരത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പാക്കി ചീനിക്കുഴി കൂട്ടക്കൊല; പ്രതിയായ മുത്തച്ഛന്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി
ചീനിക്കുഴി കൂട്ടക്കൊല: മുത്തച്ഛന്‍ കുറ്റക്കാരനെന്ന് കോടതി
തൊടുപുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ മുത്തച്ഛന്‍ കുറ്റക്കാരനെന്ന് കോടതി. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതി ചീനിക്കുഴി സ്വദേശി ഹമീദിന്റെ ശിക്ഷ ഈ മാസം 30ന് വിധിക്കും.
2022 മാര്‍ച്ച് 19ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (40), മക്കളായ മെഹറിന്‍ (16), അസ്‌ന (13) എന്നിവരെയാണ് സ്വന്തം പിതാവും മുത്തച്ഛനുമായ ഹമീദ് അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്നവരെ ജനല്‍ വഴി പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കിടപ്പുമുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി, പിന്നീട് ജനലിലൂടെ പെട്രോള്‍ കുപ്പികള്‍ കത്തിച്ചെറിയുകയായിരുന്നു. അര്‍ദ്ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. തുടര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം പുറത്തെത്തി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ കയറി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല.
അയല്‍വാസികള്‍ എത്തിയെങ്കിലും പ്രതിയെ പിന്തിരിപ്പിക്കാനോ അകത്തേക്ക് കടക്കാനോ കഴിഞ്ഞില്ല. പ്രതിയെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. നിര്‍ണായക സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പ്രതി കുറ്റം സമ്മതിച്ചതും കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം. സുനില്‍ മഹേശ്വരന്‍ പിള്ള ഹാജരായി. പ്രോസിക്യൂഷന്‍ 71 സാക്ഷികളെ വിസ്തരിക്കുകയും 139 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിച്ചു.