അവസാനകാലംവരെ നല്ല ഭക്ഷണം കഴിക്കണം; ജയിലില്‍ ഇപ്പോള്‍ മട്ടനുണ്ടെന്നും അതിനുള്ള വഴി താന്‍ നോക്കുമെന്നും ആവര്‍ത്തിച്ചുള്ള ഭീഷണി; മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം ആവശ്യപ്പെട്ട് വഴക്ക്; ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന ഹമീദ് നയിച്ചിരുന്നത് വഴിവിട്ട ജീവിതശൈലി; സ്വത്തിനു വേണ്ടി സദാ പകയും കേസും
ഹമീദ് നയിച്ചിരുന്നത് വഴിവിട്ട ജീവിതശൈലി
ഇടുക്കി: ചീനിക്കുഴിയില്‍ മകനെയും, ഭാര്യയെയും രണ്ടുമക്കളെയും മുറിയില്‍ പൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന ഹമീദ് എല്ലായ്‌പ്പോഴും സുഖജീവിതം ആഗ്രഹിച്ചയാള്‍. മകന് ഇഷ്ടദാനമായി നല്‍കിയ സ്വത്ത് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കേസ് കൊടുത്തിരുന്നു. മക്കള്‍ പരിചരിക്കുന്നില്ലെന്ന് പറഞ്ഞ് ഹമീദ് മനുഷ്യാവകാശ കമ്മീഷനിലടക്കം പരാതി നല്‍കിയിരുന്നു.
സ്വത്ത് തിരികെ വേണം എന്ന വാശി...
തന്റെ വീട് അടക്കം 58 സെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹമീദ് മകന്‍ ഫൈസലിന് ഇഷ്ടദാനം നല്‍കിയിരുന്നു. മുഹമ്മദ് ഫൈസല്‍ ചീനിക്കുഴിയില്‍ 'മെഹ്റിന്‍ സ്റ്റോഴ്സ്' എന്ന പേരില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. ഇഷ്ടദാനക്കരാറില്‍, മരണം വരെ ഉപജീവനത്തിന് ആവശ്യമായ വിഹിതം മകന്‍ നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ദിവസവും നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഹമീദ് നിരന്തരം ഫൈസലുമായി വഴക്കിലേര്‍പ്പെട്ടിരുന്നു.
സ്വന്തം പേരിലുള്ള സ്വത്ത് തിരികെ ലഭിക്കണമെന്ന വാശിയില്‍ ഹമീദ് തൊടുപുഴ മുന്‍സിഫ് കോടതിയിലും, ജീവിതച്ചെലവിനായി പണം ആവശ്യപ്പെട്ട് കുടുംബ കോടതിയിലും കേസ് ഫയല്‍ ചെയ്തിരുന്നു. സ്വത്ത് തിരികെ നല്‍കിയില്ലെങ്കില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നുകളയുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസല്‍ 2022 ഫെബ്രുവരി 25-ന് കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തം പേരില്‍ 65 സെന്റ് സ്ഥലവും ബാങ്കില്‍ നാലുലക്ഷത്തോളം രൂപ നിക്ഷേപവും ഉണ്ടായിരിക്കെയാണ് ഹമീദ് കേസിനും കൂട്ടത്തിനും ഇറങ്ങിയത്.
ഫൈസലും ഭാര്യയും രണ്ട് മക്കളും വീടിന്റെ ഒരു പ്രത്യേക മുറിയിലും ഹമീദ് മറ്റൊരു മുറിയിലുമാണ് താമസിച്ചിരുന്നത്. ഫൈസലും കുടുംബവും അച്ഛന് ഭക്ഷണം നല്‍കിയിരുന്നെങ്കിലും, മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നല്‍കുന്നില്ലെന്നാരോപിച്ച് ഹമീദ് വഴക്കിടുമായിരുന്നു. അവസാനകാലംവരെ നല്ല ഭക്ഷണം കഴിക്കണമെന്നും ജയിലില്‍ ഇപ്പോള്‍ മട്ടനുണ്ടെന്നും അതിനാല്‍ അതിനുള്ള വഴി താന്‍ നോക്കുമെന്നും ഹമീദ് നേരത്തേ നാട്ടുകാരോട് പറഞ്ഞിരുന്നു.
വഴിവിട്ട ജീവിതശൈലി
ഹമീദിന്റെ വഴിവിട്ട ജീവിതശൈലിയാണ് പിന്തുടര്‍ന്നിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടിറങ്ങിയ ഹമീദ് പല സ്ത്രീകളോടൊപ്പവും മാറിമാറി താമസിച്ചിരുന്നു. സ്വത്ത് തര്‍ക്കമാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് കണ്ടെത്തി. പ്രതി ഹമീദ് മറ്റ് സഹായങ്ങളില്ലാതെ ഒറ്റയ്ക്ക് കൃത്യം നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. വിവിധ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ച ശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
അരുംകൊലയും കോടതി വിധിയും
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിലാണ് മുത്തച്ഛനായ ഹമീദ് കുറ്റക്കാരനെന്ന് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. പ്രതി ചീനിക്കുഴി സ്വദേശി ഹമീദിന്റെ ശിക്ഷ ഈ മാസം 30ന് വിധിക്കും.
2022 മാര്‍ച്ച് 19ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (40), മക്കളായ മെഹറിന്‍ (16), അസ്‌ന (13) എന്നിവരെയാണ് സ്വന്തം പിതാവും മുത്തച്ഛനുമായ ഹമീദ് അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ചീനിക്കുഴിയില്‍ പെട്രോള്‍ പമ്പുകളില്ലാത്തതിനാല്‍ ഫൈസല്‍ പലചരക്ക് കടയില്‍ പെട്രോള്‍ കുപ്പികളിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പെട്രോള്‍ കുപ്പികളാണ് ഹമീദ് കൊലയ്ക്കായി ഉപയോഗിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്നവരെ ജനല്‍ വഴി പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കിടപ്പുമുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി, പിന്നീട് ജനലിലൂടെ പെട്രോള്‍ കുപ്പികള്‍ കത്തിച്ചെറിയുകയായിരുന്നു. അര്‍ദ്ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. തുടര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം പുറത്തെത്തി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ കയറി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല.
അതിനിടെ ഫൈസലിന്റെ മകള്‍ മെഹര്‍ അയല്‍ക്കാരനായ രാഹുലിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 'ഓടിവായോ അങ്കിളേ ഞങ്ങളെ രക്ഷിക്കണേ' എന്നാണ് മെഹര്‍ ഫോണിലൂടെ കരഞ്ഞുപറഞ്ഞത്. ഇത് കേട്ടയുടന്‍ രാഹുല്‍ വീട്ടില്‍നിന്ന് താഴേയുള്ള ഫൈസലിന്റെ വീട്ടിലേക്ക് ഓടിയെത്തി. രാഹുലിന്റെ വീട്ടുകാരാണ് മറ്റുള്ളവരെ വിളിച്ചുകൂട്ടി തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറത്തുനിന്ന് പൈപ്പിട്ട് വെള്ളമൊഴിച്ച് തീകെടുത്തിയപ്പോഴേക്കും ഫൈസലും പെണ്‍കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം വെന്ത് മരിച്ചിരുന്നു. പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശം നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ഫൈസലിനെയും കുടുംബത്തെയും പിതാവ് അതിക്രൂരമായി വകവരുത്തിയത്.
പ്രതിയെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. നിര്‍ണായക സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പ്രതി കുറ്റം സമ്മതിച്ചതും കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം. സുനില്‍ മഹേശ്വരന്‍ പിള്ള ഹാജരായി. പ്രോസിക്യൂഷന്‍ 71 സാക്ഷികളെ വിസ്തരിക്കുകയും 139 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിച്ചു
