ബൈക്കില്‍ നിന്നിറങ്ങി വന്ന് പൊലീസിനോട് പറഞ്ഞത് താന്‍ നാലുപേരെ കൊന്നുവെന്ന്; തന്നെയും കുടുംബത്തെയും വേണുവിന്റെ വീട്ടുകാര്‍ കളിയാക്കിയത് സഹിക്കാനായില്ല; ദേഷ്യം നിയന്ത്രിക്കാനാവാതെ അരുംകൊലയെന്ന് പൊലീസിന് മൊഴി; ചേന്ദമംഗലം കൂട്ടക്കൊലയുടെ കൂടുതല്‍ വിവരങ്ങള്‍
പ്രകോപനമായത് കളിയാക്കലെന്ന് പ്രതി റിതു ജയന്റെ മൊഴി
കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്താന്‍ പ്രകോപനമായത് കളിയാക്കലെന്ന് പ്രതി റിതു ജയന്റെ മൊഴി. തന്നെയും തന്റെ വീട്ടുകാരേയും വേണുവും കുടുംബവും കളിയാക്കിയെന്നാണ് റിതു ആരോപിക്കുന്നത്. അയല്‍വാസികളുടെ കളിയാക്കല്‍ തനിക്ക് സഹിക്കാനായില്ലെന്നും അതുകൊണ്ടാണ് അതിക്രമത്തിന് മുതിര്‍ന്നതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
റിതു ഇപ്പോള്‍ വടക്കേകര പോലീസിന്റെ കസ്റ്റഡിയിലാണ്. കൊലപാതകം നടത്തിയ സമയത്ത് റിതു ലഹരിയില്‍ ആയിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.
കൊലപാതക ശേഷം ജിതിന്റെ ബൈക്കില്‍ കൂസലില്ലാതെ യാത്ര ചെയ്ത റിതുവിനെ കൂട്ടുകാട് വെച്ച് പൊലീസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. സിഗരറ്റ് കത്തിച്ച് ഹേല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനായിരുന്നു പൊലീസ് കൈകാണിച്ചത്. ബൈക്ക് നിര്‍ത്തി ഇറങ്ങിവന്ന റിതു ഒരു കൂസലുമില്ലാതെ താന്‍ നാല് പേരെ കൊന്നുവെന്ന് പോലീസിനോട് പറഞ്ഞു. എന്നാല്‍ കമ്പിവടി, കത്തി എന്നിവകൊണ്ട് നാല് പേരെ ആക്രമിച്ച റിതുവിന്റെ വസ്ത്രത്തില്‍ രക്തപ്പാടുകളൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തിച്ച റിതു ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത്. ചോദിക്കുന്നതിന് മാത്രമാണ് ഇയാള്‍ ഉത്തരം നല്‍കിയത്.
തങ്ങളെ ശല്യപ്പെടുത്തി എന്നാരോപിച്ച് അയല്‍വീട്ടുകാര്‍ കഴിഞ്ഞ നവംബറില്‍ റിതുവിനെതിരെ പോലീസിന് പരാതി നല്‍കിയിരുന്നു. റിതു ബംഗ്ലൂരുവില്‍ നിന്നും നാട്ടിലെത്തിയത് രണ്ടു ദിവസം മുമ്പാണ്. വ്യാഴാഴ്ച വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് റിതുവിന്റെ കമ്പി വടിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്. റിതുവിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് പോലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ പോലീസില്‍നിന്ന് രക്ഷപ്പെട്ടിരുന്നതെന്നും ആരോപണമുണ്ട്.
അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന റിതു സംഭവദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ മുമ്പ് മൂന്ന് കേസുകളുണ്ട്. രണ്ടുതവണ റിമാന്‍ഡിലായിരുന്നതായും പോലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ചായിരുന്നു പ്രതി നിരന്തരം ശല്യമുണ്ടാക്കിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് റിതു ജിതുവിന്റെ വീട്ടിലെത്തിയത്. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നാലുപേരെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രതിക്ക് വേണുവിന്റെ കുടുംബവുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂള്‍കാലം മുതല്‍ ഇയാള്‍ ലഹരിക്ക് അടിമയായിരുന്നെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്.