അമ്മയെ കാന്‍സറിന് ചികിത്സിച്ച ഡോക്ടറെ ഏഴുതവണ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് മകന്‍; കുത്തേറ്റ ഡോക്ടര്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദ്രോഗി; ഡോക്ടറെ ആക്രമിക്കാന്‍ യുവാവ് പറഞ്ഞ കാരണം ഇങ്ങനെ
അമ്മയെ കാന്‍സറിന് ചികിത്സിച്ച ഡോക്ടറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് മകന്‍
ചെന്നൈ: തന്റെ അമ്മയെ കാന്‍സറിന് ചികിത്സിച്ച ഡോക്ടറെ ഏഴുതവണ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ക്കാണ് കുത്തേറ്റത്. ആശുപത്രിയിലെ അറ്റന്‍ഡര്‍ കൂടിയാണ് യുവാവ്. ഓങ്കോളജിസ്റ്റായ ഡോക്ടര്‍ ബാലാജി ഹൃദ്രോഗിയാണ്. അദ്ദേഹത്തിന് നെഞ്ചിന് മുകളിലും തലയിലുമാണ് കുത്തേറ്റത്. ഐസിയുവില്‍ പ്രവേശിപ്പിച്ച ഡോക്ടര്‍ അപകടനില തരണം ചെയ്‌തെന്നാണ് ആരോഗ്യമന്ത്രി എം എ സുബ്രഹ്‌മണ്യം അറിയിച്ചത്. ഹൃദ്രോഗിയായ ഡോക്ടര്‍ പേസ് മേക്കര്‍ ഘടിപ്പിച്ച വ്യക്തിയാണ്.
കലൈഞ്ജര്‍ സെന്റിനറി ആശുപത്രി ഒ പി ഡിയില്‍ വച്ചാണ് യുവാവ് ഡോക്ടറെ ആക്രമിച്ചത്. കാന്‍സര്‍ രോഗിയായ അമ്മയ്ക്ക് ഡോക്ടര്‍ തെറ്റായ മരുന്ന് കുറിച്ചു എന്ന് സംശയിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. കുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തന്റെ കയ്യില്‍ ഒളിപ്പിച്ചുവച്ച കത്തി കൊണ്ടാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്.
അതിക്രമം കണ്ട് ഓടിയെത്തിയവരാണ് കൂടുതല്‍ ആക്രമണത്തിനിരയാവാതെ ഡോക്ടറെ രക്ഷപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണമാരംഭിച്ചു. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഇത്തരമൊരു ആക്രമണം ആവര്‍ത്തിക്കാതിരിക്കാനുളള എല്ലാ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരിക്കേറ്റ ഡോക്ടര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചതോടെ ആശുപ്രതിയുടെ പ്രവര്‍ത്തനം അല്പനേരത്തേക്ക് താളംതെറ്റി.
ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും, ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉറപ്പുനല്‍കി. എന്നാല്‍, തമിഴ്‌നാട്ടില്‍ ആര്‍ക്കും സുരക്ഷയില്ലെന്നും സകൂളുകളില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നും ബിജെപി ആരോപിച്ചു.