പൊലീസ് പറയുന്നത് പലതരത്തിലുള്ള കളവ്; അവര്‍ പ്രചരിപ്പിച്ച സിസി ടിവി ദൃശ്യങ്ങള്‍ വ്യാജം; അതുചിത്രപ്രിയ അല്ല; ആ ദൃശ്യങ്ങള്‍ ഇനി പ്രചരിപ്പിക്കരുതെന്നും കുടുംബം; ബന്ധുക്കള്‍ എതിര്‍ക്കുന്നത് പ്രതി അലനൊപ്പം പെണ്‍കുട്ടി ബൈക്കില്‍ സഞ്ചരിക്കുന്നതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍; അന്വേഷണം അലനില്‍ ഒതുക്കില്ലെന്ന് പൊലീസ്
പൊലീസ് പ്രചരിപ്പിച്ച സിസി ദൃശ്യങ്ങള്‍ വ്യാജം
മലയാറ്റൂര്‍: മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കുടുംബം. പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ചിത്രപ്രിയയുടെ ബന്ധു ശരത് ലാല്‍ രംഗത്തെത്തി. പോലീസ് പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ചിത്രപ്രിയ അല്ല ഉള്ളതെന്നും, ആ ദൃശ്യങ്ങള്‍ ഇനി പ്രചരിപ്പിക്കരുതെന്നും കുടുംബം അഭ്യര്‍ഥിച്ചു.
പോലീസ് നേരത്തെ പുറത്തുവിട്ട, മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളില്‍ ചിത്രപ്രിയയും അറസ്റ്റിലായ പ്രതി അലനും ബൈക്കില്‍ പോകുന്നതാണ് ഉണ്ടായിരുന്നത്. എന്നാല്‍, 'പുറത്തുവന്ന ഒരു സിസിടിവി ദൃശ്യത്തിലും ചിത്രപ്രിയ ഇല്ല. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്,' എന്ന് ബന്ധു ശരത് ലാല്‍ ആവശ്യപ്പെട്ടു. പോലീസ് പറയുന്ന കാര്യങ്ങളില്‍ പലതും കളവുകളാണെന്നും അദ്ദേഹം ആരോപിച്ചു. ചിത്രപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധു വ്യക്തമാക്കി.
കൊലപാതകവും അന്വേഷണവും
കഴിഞ്ഞ മാസം ആറിനാണ് ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന ചിത്രപ്രിയയെ കാണാതായത്. അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. പത്താം തീയതി ഉച്ചയോടെ വീടിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നും അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം കുടുംബം പ്രകടിപ്പിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത് അറസ്റ്റിലായത്. സംശയത്തെ തുടര്‍ന്നാണ് മദ്യലഹരിയില്‍ കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് രക്തം പുരണ്ട വെട്ടുകല്ലുകള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
അന്വേഷണം അലനില്‍ ഒതുക്കില്ല: പോലീസ്
അതേസമയം, ചിത്രപ്രിയയുടെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എം. ഹേമലത വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അലന്‍ മാത്രമാണ് പ്രതി. പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.
പ്രതിയുടെ മൊബൈല്‍ ഫോണുകളും ചിത്രപ്രിയയുടെ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. അലന്റെ പൂര്‍വകാല ജീവിത സാഹചര്യങ്ങളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മദ്യം മാത്രമാണോ മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും അന്വേഷണപരിധിയിലാണ്.
ബെംഗളൂരുവിലെ ആണ്‍സുഹൃത്തിനെ ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍, ശത്രുതയ്ക്ക് ഇടയാക്കിയ മറ്റ് വിഷയങ്ങള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചിത്രപ്രിയയുടെ ബെംഗളൂരുവിലുള്ള ആണ്‍സുഹൃത്തില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കും.
