പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ അറസ്റ്റില്‍; ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയത് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍; എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴി തട്ടിപ്പ്; ആനന്ദ കുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം
പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാര്‍ അറസ്റ്റില്‍. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് ആനന്ദ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആനന്ദ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആശുപത്രിയില്‍ തുടരുകയാണ് ആനന്ദ കുമാര്‍. അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
പകുതി വില തട്ടിപ്പ് കേസില്‍ ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ശാസ്തമംഗലത്തെ വീട്ടില്‍ നിന്നാണ് ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആനന്ദകുമാറിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നന്ദ കുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. മുഖ്യപ്രതിയായ അനന്തുകൃഷ്ണനില്‍ നിന്ന് ആനന്ദ കുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നു. ആനന്ദ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ ഫെഡറേഷന്‍ രൂപീകരിച്ചതെന്ന് അനന്തുകൃഷ്ണന്‍ പറഞ്ഞിരുന്നു.
തൊടുപുഴ സ്വദേശിയായ അനന്തുകൃഷ്ണന്‍ മാത്രമല്ല തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംഭവത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം ആരാണെന്നും ആസൂത്രണം നടത്തിയത് ആരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നേരത്തേ പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദ കുമാറിനെ പ്രതി ചേര്‍ത്തിരുന്നു. മൂവാറ്റുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ മുഖ്യ പ്രതിയാകുമെന്നാണ് വിവരം.
പാതിവില തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദ കുമാറിനെ പ്രതി ചേര്‍ത്തിരുന്നു. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല പണം വാങ്ങിയതെന്നും, സായി ട്രസ്റ്റിനായാണ് പണം സ്വീകരിച്ചതെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ ആനന്ദകുമാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ തട്ടിപ്പില്‍ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. കേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ആനന്ദകുമാറിന്റെ വീട്ടിലും , സായി ട്രസ്റ്റിന്റെ ഓഫീസിലും ഉള്‍പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.