പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആര്‍പിഎഫ് ജവാന്‍ 2023 മുതല്‍ വിവരങ്ങള്‍ കൈമാറിയിരുന്നു; ചാരവൃത്തി നടത്തിയ ജവാനെ പഹല്‍ഗാമില്‍ നിന്നും സ്ഥലം മാറ്റിയത് ഭീകരാക്രമണത്തിന് ആറ് ദിവസം മുമ്പെന്ന് റിപ്പോര്‍ട്ട്; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രക്ക് പിന്നാലെ രാജ്യത്തെ ഒറ്റുകൊടുത്ത് ഞെട്ടിച്ച് മോത്തി റാം ജാട്ടും

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആര്‍പിഎഫ് ജവാന്‍ 2023 മുതല്‍ വിവരങ്ങള്‍ കൈമാറിയിരുന്നു

Update: 2025-05-27 01:22 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായതിന് പിന്നാലെ ചാരവൃത്തി കേസില്‍ കൂടുതല്‍ പേര്‍ പിടിയിലായിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു ചാരവൃത്തിയുടെ വാര്‍ത്തയും പുറത്തുവന്നു. പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയത് സിആര്‍പിഎഫ് ജവാനാണ്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ (എഎസ്‌ഐ) മോത്തി റാം ജാട്ടാണ് ആണ് ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഇയാളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങളും ഞെട്ടിക്കുന്നതാണ്. ഇയാളെ പഹല്‍ഗാമില്‍ നിന്ന് സ്ഥലം മാറ്റിയത് ഭീകരാക്രമണത്തിന് ആറ് ദിവസം മുമ്പെന്ന് റിപ്പോര്‍ട്ട്. സ്ഥലം മാറ്റത്തിന് മുന്‍പ് ഹല്‍ഗാമിലെ സിആര്‍പിഎഫിന്റെ 116-ാം ബറ്റാലിയനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. 2023 മുതല്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് (പിഐഒ) മോത്തി റാം ജാട്ട് വിവരങ്ങള്‍ കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇന്ത്യന്‍ സുരക്ഷാ സേനയുടെ പ്രവര്‍ത്തന രീതിയുടെ വിശദാംശങ്ങള്‍, സൈനികരുടെ നീക്കങ്ങള്‍, പ്രധാന സൈനിക സ്ഥാപനങ്ങളുടെ വിവരങ്ങള്‍ എന്നിവ കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അറസ്റ്റിന് പിന്നാലെ ഇയാളെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ മോത്തി റാം ജാട്ടിനെ ചോദ്യം ചെയ്ത് വരികയാണ്. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ ആറ് വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചാരവൃത്തി ആരോപിച്ച് 13 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ് അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. 'ട്രാവല്‍ വിത്ത് ജോ' എന്ന 3.85 ലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള ഒരു യൂട്യൂബ് ചാനലിന്റെ ഉടമയാണ് ജ്യോതി മല്‍ഹോത്ര. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം നടക്കുന്നതിനിടെ ഇവര്‍ പാകിസ്താന്‍ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഗസാല, യമീന്‍ മുഹമ്മദ് എന്നിവരാണ് പഞ്ചാബില്‍ നിന്നും പിടിയിലായത്. പാകിസ്താന്‍ ഏജന്റുമാര്‍ക്ക് പണത്തിന് പകരമായി വിവരങ്ങള്‍ പങ്കുവെച്ചതിനാണ് പഞ്ചാബിലെ മലേര്‍കോട്ലയില്‍ നിന്നുള്ള 32 വയസ്സുള്ള വിധവയായ ഗസാലയെയും യമീന്‍ മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ മുന്‍ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരനായ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ച് പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ഡാനിഷ് അവരെ പതിവായി കണ്ടുമുട്ടാറുണ്ടെന്നാണ് അറസ്റ്റിന് ശേഷം വെളിപ്പെടുത്തപ്പെട്ടത്. പാകിസ്താന്‍ വിസ ലഭിക്കാന്‍ ഇരുവരും ഡാനിഷിനെ സമീപിച്ചിരുന്നു. ഇതിന് പുറമെ ഇവര്‍ ഡാനിഷ് വഴി മൊബൈല്‍ ഫോണുകളിലേക്ക് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തു. ചാരവൃത്തി ശൃംഖലയിലേക്ക് പണം എത്തിക്കുക എന്നതായിരുന്നു ഇവരുടെ ചുമതല.

പഞ്ചാബിലെ പട്യാലയിലെ ഖല്‍സ കോളേജിലെ 25കാരനായ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ദേവേന്ദര്‍ സിംഗിനെ പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഹരിയാനയിലെ കൈത്താളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പട്യാല സൈനിക കന്റോണ്‍മെന്റിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങള്‍ ഐഎസ്ഐ ഏജന്റുമാരുമായി ഇയാള്‍ പങ്കുവെച്ചതായി കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ദേവേന്ദര്‍ സിംഗ് പിസ്റ്റളുകളുടെയും തോക്കുകളുടെയും ഫോട്ടോകള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ദേവേന്ദര്‍ സിങ് പാകിസ്താന്‍ സന്ദര്‍ശിച്ചതായും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

നൂഹില്‍ നിന്നുള്ള 26 വയസ്സുള്ള അര്‍മാനാണ് ഹരിയാനയില്‍ നിന്നും ചാരവൃത്തിയ്ക്ക് അറസ്റ്റിലായ മറ്റൊരാള്‍. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചുവെന്നാരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാകിസ്താന്‍ നമ്പറുകളിലേക്ക് അയച്ച സംഭാഷണങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഇയാളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയുടെ സൈനിക പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വാട്സ്ആപ്പ് വഴി അര്‍മാന്‍ പാകിസ്താനിലേയ്ക്ക് അയച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.പാക്കിസ്ഥാന്‍, സിആര്‍പിഎഫ് ജവാന്‍, ചാരവൃത്തി

Tags:    

Similar News