വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; മുഖ്യ കണ്ണിയായ ബിഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് കൊച്ചി പോലിസ്: പിടിയിലായത് കൊച്ചി സ്വദേശിയുടെ 30 ലക്ഷം തട്ടിയ കേസില്‍

വെർച്വൽ അറസ്റ്റ്: കൊച്ചി സ്വദേശിയുടെ 30 ലക്ഷം തട്ടിയ പ്രതി പിടിയിൽ

Update: 2024-09-13 04:32 GMT

കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കൊച്ചി സെന്‍ട്രല്‍ പോലിസിന്റെ പിടിയില്‍. കൊച്ചി സ്വദേശിയുടെ 30 ലക്ഷം രൂപ തട്ടിയെടുതച്ത കേസില്‍ ബിഹാര്‍ സ്വദേശി പ്രിന്‍സിനെയാണ് സെന്‍ട്രല്‍ പോലീസ് എസ്.ഐ. അനൂപ് ചാക്കോയും സംഘവും പിടികൂടിയത്. സി.ബി. ഐ. ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് 24കാരനായ പ്രിന്‍സ്.

ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വീഡിയോ കോളില്‍ വന്നാണ് കൊച്ചി സ്വദേശിയുടെ 30 ലക്ഷം തട്ടിയച്. അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്.വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. പിന്നാലെ കൊച്ചി സ്വദേശി പരാതി നല്‍കുകയായിരുന്നു.

പ്രിന്‍സ് സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് പറഞ്ഞു. നാലര കോടിയോളം രൂപ പ്രതിയുടെ അക്കൌണ്ടിലുണ്ടായിരുന്നു. മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ സി.ബി.ഐ. സംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതും അക്കൗണ്ടില്‍ എത്തുന്ന തുക ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റുന്നതും ഇയാളായിരുന്നു. ഓരോ ഇടപാടിനും ലക്ഷങ്ങള്‍ പ്രതിഫലമായി കിട്ടിയിരുന്നു

പ്രിന്‍സിനെ ചോദ്യം ചെയ്തപ്പോള്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. തട്ടിപ്പ് പണം ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു. താന്‍ ഡോക്ടറാണെന്നും വ്യാജ സി.ബി.ഐ. സംഘത്തിലെ മുഴുവന്‍ പേരും വടക്കേ ഇന്ത്യക്കാരാണെന്നുമാണ് ഇയാളുടെ മൊഴി. സി.ബി.ഐ. ചമഞ്ഞ് വിളിക്കുന്നവര്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് പറയും. പ്രിന്‍സിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കൊച്ചി സ്വനദേശിയുടെ പണം തട്ടിയ കേസില്‍ നേരത്തേ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍നിന്നും സമാന രീതിയില്‍ പണം തട്ടാന്‍ ശ്രമമുണ്ടായി. ഈ സംഭവത്തില്‍ ഡല്‍ഹിയില്‍ പിടിയിലായ പ്രതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Tags:    

Similar News