48 മണിക്കൂറിലേറെ നീണ്ട ഡിജിറ്റല്‍ കസ്റ്റഡി; വ്യാജ കോടതി മുറിയും സുപ്രീം കോടതി ചീഫ് ജസ്റ്റീസും വരെ; വര്‍ധ്മാന്‍ ഗ്രൂപ് ചെയര്‍മാനെ കബളിപ്പിച്ച് തട്ടിയത് ഏഴു കോടി രൂപ: രണ്ടു പേര്‍ അറസ്റ്റില്‍

വ്യാജ കോടതിയും ചീഫ് ജസ്റ്റിസും; വ്യവസായിയുടെ ഏഴുകോടി തട്ടി

Update: 2024-10-02 02:19 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയാണെന്നും ഡിജിറ്റല്‍ അറസ്റ്റിലെന്നും വിശ്വസിപ്പിച്ച് ടെക്‌സ്‌റ്റൈല്‍ വ്യവസായിയും വര്‍ധ്മാന്‍ ഗ്രൂപ് ചെയര്‍മാനുമായ എസ്.പി. ഓസ്‌വാളില്‍നിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്തു. സി.ബി.ഐ ഓഫിസര്‍മാരെന്ന വ്യാജേന ഏതാനും ചിലര്‍ വാട്‌സാപ്പ് വഴി ഓണ്‍ലൈനായി എത്തിയാണ് തട്ടിപ്പ് നടത്തിയത്. കോടതി മുറിയും ചീഫ് ജസ്റ്റിസിനെയും വരെ വ്യാജമായി സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഡിജിറ്റര്‍ അറസ്റ്റിന്റെ പേരില്‍ 48 മണിക്കൂറിലേറെ ഓസ്‌വാളിനെ കസ്റ്റഡിയില്‍ വെയ്ക്കാനും സംഘത്തിന് കഴിഞ്ഞു.

ഓഗസ്റ്റ് 27നാണ് തട്ടിപ്പുകളുടെ തുടക്കം. ഓസ്‌വാള്‍, ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ പ്രതിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നെന്ന മട്ടില്‍ ഫോണ്‍ കോള്‍. തുടര്‍ന്നു വിജയ് ഖന്ന എന്ന പേരില്‍ ഒരു വ്യാജ സിബിഐ ഉദ്യോഗസ്ഥന്‍ വിളിക്കുന്നു. ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഓസ്‌വാളിന് പങ്കുണ്ടെന്നു അറിയിക്കുക ആയിരുന്നു. മുംബൈ പൊലീസിന്റെ മുദ്രയുള്ള രേഖകള്‍ അയച്ചു നല്‍കി.

ഇതോടെ സംഭവം സത്യമെന്ന് വിശ്വസിച്ച ഓസ്വാള്‍ ഭയന്നു പോയി. ഇടയ്ക്ക് 'ഓര്‍ഡര്‍, ഓര്‍ഡര്‍' എന്നു പറഞ്ഞ് തടിച്ചുറ്റിക (ഗാവല്‍) മേശയില്‍ അടിക്കുന്നു. മലേഷ്യയിലേക്ക് പാര്‍സല്‍ അയക്കാന്‍ ആധാര്‍ കാര്‍ഡ് ഓസ്‌വാള്‍ ദുരുപയോഗം ചെയ്തുവെന്നും ഇവര്‍ പറഞ്ഞു. സ്‌കൈപ്പ് കോളിലൂടെ സുപ്രീംകോടതി മുറിയും ചീഫ് ജസ്റ്റിസിനെയുംവരെ ഇവര്‍ വ്യാജമായി സൃഷ്ടിച്ചു.

വിഡിയോ കോളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വേഷത്തിലൊരാള്‍ ആ 'കേസ് പരിഗണിക്കുന്നു'. 48 മണിക്കൂറിലേറെ നീണ്ട ഡിജിറ്റല്‍ കസ്റ്റഡി. ഉറക്കത്തില്‍ പോലും വിഡിയോ കോള്‍ വഴി നിരീക്ഷണം. വര്‍ധ്മാന്‍ ഗ്രൂപ്പ് ചെയര്‍മാനും പത്മ ഭൂഷണ്‍ ജേതാവുമായ എസ്.പി.ഓസ്വാളിന്റെ 7 കോടി രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പിന്റെ നാടകീയത ഇങ്ങനെ നീളുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മുഖം കണ്ടില്ലെങ്കിലും അദ്ദേഹം സംസാരിക്കുന്നതും കോടതിയില്‍ ചുറ്റികവെച്ച് അടിക്കുന്നതും തനിക്ക് കേള്‍ക്കാമായിരുന്നുവെന്നും ഓസ്‌വാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റഡി വിവരം ആരോടെങ്കിലും പറഞ്ഞാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവെന്നും ഭീഷണി. രാത്രിയില്‍ ഫോണ്‍ കട്ടിലിനടുത്തു വയ്ക്കണം. വിഡിയോ കോള്‍ ഓണ്‍ ആയിരിക്കണം. തട്ടിപ്പുകാരുടെ നിരീക്ഷണത്തില്‍ ആയിരുന്നു ഉറക്കം വരെ.

കസ്റ്റഡിയിലിരിക്കെ ഓഗസ്റ്റ് 29ന് സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയി. അവിടെ വച്ച് ഒരു സഹപ്രവര്‍ത്തകനോട് സംഭവം വിവരിച്ചതോടെയാണ് തട്ടിപ്പാണെന്നു തിരിച്ചറിയുന്നത്. തിരികെയെത്തി ഇക്കാര്യം ചോദിച്ചപ്പോള്‍ 2 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന് വീണ്ടും ഭീഷണി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാജ അറസ്റ്റ് വാറന്റും അയച്ചു. പൊലീസ് കസ്റ്റഡിയില്‍ മരിച്ചാലും ഇനി പണമയയ്ക്കില്ല എന്നു പറഞ്ഞാണ് ഓസ്‌വാള്‍ സംഭാഷണം അവസാനിപ്പിച്ചത്. പ്രതികളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 5.2 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു.

Tags:    

Similar News