ജമ്മു കാശ്മീരില്‍ പൂട്ടിച്ചത് 8000 മ്യൂള്‍ അക്കൗണ്ടുകള്‍; തട്ടിപ്പുകാര്‍ മോഷ്ടിച്ച പണം കണ്ടെത്താനാകാത്ത ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റുന്നത് ഇത്തരം അക്കൗണ്ടുകള്‍ വഴി; ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് എത്തുന്ന വഴിഅടക്കാന്‍ ഏജന്‍സികള്‍

കാശ്മീരില്‍ പടര്‍ന്നു പിടിച്ചക്കുന്ന സൈബര്‍ തീവ്രവാദത്തിനു തടയാന്‍ ഓപ്പറേഷന്‍

Update: 2026-02-15 14:55 GMT

ശ്രീനഗര്‍: കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ ജമ്മു കശ്മീരില്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയ്തത് എട്ടായിരത്തിലധികം മ്യൂള്‍ അക്കൗണ്ടുകള്‍ (വാടക ബാങ്ക് അക്കൗണ്ടുകള്‍). രാജ്യാന്തര തട്ടിപ്പുസംഘങ്ങളുടെ സാമ്പത്തികസ്രോതസ്സായി പ്രവര്‍ത്തിക്കാന്‍ ഇത്തരം അക്കൗണ്ടുകള്‍ക്ക് സാധിക്കുമെന്നും ആ പണം വിഘടന, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കപ്പെട്ടേക്കാമെന്നുമാണ് അധികൃതര്‍ വിലയിരുത്തുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ ലഭിച്ച പണം തട്ടിപ്പുകാരിലേക്ക് എത്തുന്നതിനുള്ള ഇടനില അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍. സാധാരണക്കാരുടെ പേരിലുള്ള അക്കൗണ്ടുകളുടെ നിയന്ത്രണം കമ്മിഷന്‍ വാഗ്ദാനം ചെയ്തുംമറ്റും തട്ടിപ്പുകാര്‍ കൈക്കലാക്കുകയാണ് ചെയ്യുന്നത്. സൈബര്‍ കുറ്റകൃത്യ ശൃംഘലയിലെ ഏറ്റവും ദുര്‍ബലമായതും എന്നാല്‍ അതിനിര്‍ണായകവുമായ കണ്ണിയാണ് മ്യൂള്‍ അക്കൗണ്ടുകളെന്ന് അധികൃതര്‍ പറയുന്നു. തട്ടിയെടുക്കുന്ന പണം ക്രിപറ്റോ കറന്‍സിയാക്കി മാറ്റണമെങ്കില്‍ വാടക ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായേ മതിയാകൂ.

വാടക ബാങ്ക് അക്കൗണ്ടുകളുടെ വളര്‍ച്ച നിയന്ത്രിക്കുന്നതിനും ഇത്തരം സംവിധാനം സാധ്യമാക്കുന്ന മ്യൂളര്‍ എന്ന് അറിയപ്പെടുന്ന ഇടനിലക്കാരെ തിരിച്ചറിയുന്നതിനുമായി ജമ്മു കശ്മീര്‍ പോലീസിനോടും മറ്റ് നീതിനിര്‍വഹണ സംവിധാനങ്ങളോടും ബാങ്കുകളുമായി ആശയവിനിമയം നടത്താന്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

സൈബര്‍ കുറ്റകൃത്യ ശൃംഖലയിലെ ഏറ്റവും ദുര്‍ബലവും നിര്‍ണായകവുമായ കണ്ണിയാണ് ഇത്തരം മ്യൂള്‍ അക്കൗണ്ടുകളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2017ന് ശേഷം, വിഘടനവാദികളും ഭീകരവാദികളും പണം കൈമാറാന്‍ 'ഡിജിറ്റല്‍ ഹവാല' എന്ന പുതിയ രീതിയിലേക്ക് മാറിയതായി സംശയിക്കുന്നു.

തട്ടിപ്പുകാര്‍ നേരിട്ട് രംഗത്തിറങ്ങാതെ, തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കാന്‍ ഇത്തരം മ്യൂള്‍ അക്കൗണ്ടുകളെ 'പാര്‍ക്കിംഗ് അക്കൗണ്ടുകളായി' ഉപയോഗിക്കുന്നതാണ് രീതി. സാധാരണക്കാരെ കമീഷന്‍ വാഗ്ദാനം ചെയ്ത് ആകര്‍ഷിക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടുകളുടെയും നെറ്റ് ബാങ്കിംഗിന്റെയും പൂര്‍ണ്ണ നിയന്ത്രണം കൈക്കലാക്കുകയും ചെയ്യുന്നു. തട്ടിപ്പുകാരന്‍ ഒരേസമയം 10 മുതല്‍ 30 വരെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നുണ്ടാവും.

കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ വലിയ തുകകളെ ചെറിയ ഇടപാടുകളായി വിഭജിച്ച് നിരവധി അക്കൗണ്ടുകളിലൂടെ വേഗത്തില്‍ കൈമാറുന്നു. ചിലപ്പോള്‍ വ്യാജ കമ്പനികളുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങി ഒരു ദിവസം 40 ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്തുന്നു. പരിശോധനകള്‍ ഒഴിവാക്കാന്‍ വിപിഎന്‍ ഉപയോഗിച്ചും, കെവൈസി ആവശ്യമില്ലാത്ത സ്വകാര്യ ക്രിപ്റ്റോ വാലറ്റുകള്‍ വഴിയുമാണ് പണം കൈമാറുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ജമ്മു കശ്മീരില്‍ നിലവില്‍ വിപിഎന്‍ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്.

Tags:    

Similar News