അരി മോഷ്ടിച്ചു എന്നാരോപിച്ച് മരത്തിൽ കെട്ടിയിട്ട് മർദിച്ചു; ദളിത് മധ്യവയസ്കന് ദാരുണാന്ത്യം; ആൾക്കൂട്ട കൊലപാതകത്തിന് കേസെടുക്കാതെ പൊലീസ്; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍; മൂന്ന് പേർ അറസ്റ്റിൽ; സംഭവം ഛത്തീസ്ഗഢിൽ

Update: 2024-12-24 06:45 GMT

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മോഷണം ആരോപിച്ച് ദളിത് മധ്യവയസ്കനെ മരത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു. അരി മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു ക്രൂരത. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഛത്തീസ്ഗഢിലെ രാജ്ഗഢില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് 50 വയസ്സുകാരനായ പഞ്ച്‌റാം സാര്‍ഥി എന്നയാള്‍ കൊല്ലപ്പെട്ടത്. കേസില്‍ വിരേന്ദ്ര സിദാര്‍, അജയ് പര്‍ദ്ധാന്‍, അശോക് പര്‍ദ്ധാന്‍ എന്നിവരാണ് അറസ്റ്റിലായത്.

ദുമാര്‍പള്ളി ഗ്രാമത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അറസ്റ്റിലായവരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാളുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ട കൊലയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചെങ്കിലും കേസ് ആ വകുപ്പിന് കീഴിലല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ അടക്കം നിരവധി സംഘടനകൾ രംഗത്തെത്തി.

വിരേന്ദ്ര സിദാര്‍, അജയ് പര്‍ദ്ധാന്‍, അശോക് പര്‍ദ്ധാന്‍ എന്നിവർ ചേർന്നാണ് പഞ്ച്‌റാമിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചത്. വിരേന്ദ്ര സിദാറിന്റെ വീടിനുള്ളില്‍ മറ്റാരോ പ്രവേശിച്ച ശബ്ദം കേട്ട് ഉണരുമ്പോള്‍ പഞ്ച്‌റാം ഒരു ചാക്ക് അരി മോഷ്ടിക്കാന്‍ ശ്രമിക്കുക്കയായിരുന്നുവെന്നാണ് മൊഴിയിൽ പറയുന്നത്. പിന്നാലെ അയല്‍ക്കാരായ അജയ്‌യേയും അശോകിനെയും കൂട്ടി പഞ്ച്‌റാമിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിനിരയായതോടെ പഞ്ച്‌റാമിന്റെ ബോധം നഷ്ടമായി.

മുളവടിയുപയോഗിച്ചായിരുന്നു ക്രൂരമര്‍ദനം. ഒടുവില്‍ പുലര്‍ച്ചെ ആറുമണിയോടെ ഗ്രാമത്തലവന്‍ വിവരം നല്‍കിയതിനുസരിച്ചാണ് പോലീസ് എത്തിയത്. കൊലപാതക കുറ്റം ചുമത്തിയാണ് പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെ ബിഎൻഎസ് സെക്ഷൻ 103 (1) പ്രകാരമാണ് കേസെടുത്തത്. മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ആള്‍ക്കൂട്ട കൊലപാതകമാണ് നടന്നതെന്നും പ്രതികള്‍ക്ക് തക്കശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

Tags:    

Similar News