ഡാര്‍ക്ക് വെബ്ബിലൂടെ ഓര്‍ഡര്‍ നല്‍കി; ഇന്റര്‍നാഷണല്‍ തപാല്‍ ഓഫീസ് വഴി ഫ്രാന്‍സില്‍ നിന്നും രാസലഹരി മരുന്ന് എത്തിച്ചു; ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ എത്തിയതില്‍ സംശയിച്ച ജീവനക്കാര്‍ എക്സൈസില്‍ വിവരം അറിയിച്ചപ്പോള്‍ കുടുങ്ങിയത് വെമ്പായം സ്വദേശി; അതുല്‍ ലഹരി വാങ്ങിയത് ബിറ്റ്‌കോയിന്‍ ഉപയോഗിച്ച്
അതുല്‍ ലഹരി വാങ്ങിയത് ബിറ്റ്‌കോയിന്‍ ഉപയോഗിച്ച്
തിരുവനന്തപുരം: കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്ന വഴികള്‍ കണ്ട് ഞെട്ടുകയാണ് മലയളികള്‍. യൂറോപ്യന്‍ നാടുകളില്‍ നിന്നും പോലും കേളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇവിടങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിക്കാന്‍ യുവാക്കള്‍ സ്വീകരിക്കുന്ന വഴികളും നടുക്കുന്നതാണ്. തിരുവനന്തപുരം സ്വദേശിയെ മയക്കു മരുന്നു കേസില്‍ പിടികൂടിയപ്പോള്‍ പുറത്തുവന്ന വിവരം എക്‌സൈസ് അധികൃതരും ഞെട്ടി. അധികം ശ്രദ്ധപതിക്കാത്ത വഴിയിലൂടെയായിരുന്നു ഈ യുവാവ് ലഹരി എത്തിച്ചത്.
ഇന്റര്‍നാഷണല്‍ തപാല്‍ ഓഫീസ് വഴി ഫ്രാന്‍സില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച യുവാവാണ് പിടിയിലായത്. തിരുവനന്തപുരം വെമ്പായം സ്വദേശി അതുല്‍ കൃഷ്ണന്‍ ആണ് പിടിയിലായത്. ഡാര്‍ക്ക് വെബ്ബിലൂടെയാണ് ഇയാള്‍ പണം നല്‍കിയത്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഇയാളെ കൊച്ചിയില്‍ നിന്നുള്ള എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഫ്രാന്‍സില്‍ നിന്നുമാണ് മയക്കുമരുന്ന് വരുത്തിയത്. ഫ്രാന്‍സില്‍ നിന്നാണ് എംഡിഎംഎ ഓര്‍ഡര്‍ ചെയ്തത്. എറണാകുളത്തുള്ള ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ എത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ എക്സൈസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തീരുവനന്തപുരം സ്വദേശിയാണ് മയക്കുമരുന്ന് വരുത്തിച്ചതെന്ന് കണ്ടെത്തിയത്.
ലഹരി വാങ്ങുന്നതിനായി ബിറ്റ് കോയിനാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായം തേടാനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ എത്രകാലമായി ഇങ്ങനെ വിദേശത്തു ഡാര്‍ക്ക് വെബ്ബ് വഴി മയക്കു മരുന്ന എത്തിച്ചിട്ടുണ്ടെന്നാണ് പരിശോധിക്കുന്നത്. ഈ ശൃംഖലയുടെ ആഴം പരിശോധിക്കനാണ് എക്‌സൈസ് ഒരുങ്ങുന്നത്. ഡാര്‍ക്ക് വെബ്ബ് വഴിയുള്ള ലഹരി ഇടപാട് അധികൃതര്‍ക്ക് വലിയ വെല്ലുവിളി ആയേക്കും.
എന്താണ് ഡാര്‍ക്ക് വെബ്ബ്?
ഇന്റര്‍നെറ്റിലെ അധോലോകം എന്ന് ഡാര്‍ക് വെബിനെ വിശേഷിപ്പിക്കാം. ഇന്റര്‍നെറ്റിന്റെ ഭാഗമാണെങ്കിലും എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു മേഖല. ഡാര്‍ക് വെബിലെ വിവരങ്ങള്‍ ഗൂഗിള്‍ പോലെയുള്ള സേര്‍ച് എന്‍ജിനുകളില്‍ ലഭ്യമല്ല. പ്രത്യേകമായി എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഡാര്‍ക്ക് വെബ് വിവരങ്ങള്‍. ഗൂഗിളില്‍ തിരയുമ്പോള്‍ നമുക്ക് ലിസ്റ്റ് ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകളിലും വിവരങ്ങളില്‍ ഡാര്‍ക്ക് വെബ്ബ് എന്ന ഈ ഭാഗം ലഭ്യമാകില്ല. ഇത്തരമൊരു വെബ്‌പേജ് നമുക്ക് തുറക്കണമെങ്കില്‍ പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായം ആവശ്യമായി വരും.
നാം സാധാരണമായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് സര്‍ഫസ് വെബ് അഥവാ ഉപരിതലത്തില്‍ കാണാനാകുന്ന വെബ്‌സൈറ്റുകളാണ്. ഇവയ്ക്കു താഴെയായി ഡീപ് വെബ് എന്നറിയപ്പെടുന്ന മറ്റൊരു മേഖലയുണ്ട്. ഇവിടെയുള്ള വിവരങ്ങള്‍ സെര്‍ച്ച് എന്‍ജിനുകളില്‍ ലിസ്റ്റ് ചെയ്യപ്പെടില്ല. ഇവയുടെ ലിങ്ക് കൈവശമുണ്ടെങ്കില്‍ മാത്രമേ നമുക്ക് അവിടേക്ക് ഇറങ്ങിച്ചെല്ലാനാകൂ. ഇതിനും താഴെയുള്ള മേഖലയെയാണ് ഡാര്‍ക്ക് വെബ് . ലിങ്കുവഴിയും ഈമേഖലയിലേക്ക് എത്തി വിവരങ്ങള്‍ ശേഖരിക്കാനാകില്ല.
ടോര്‍ (Tor), ഫ്രീനെറ്റ്, ഇന്‍വിസിബിള്‍ ഇന്റര്‍നെറ്റ് പ്രോജക്ട് (ഐ2പി) തുടങ്ങിയ ബ്രൗസറുകളാണ് ഡാര്‍ക്ക് വെബ് ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കാറുണ്ട്. ഈ മേഖലകളിലെ സേവനദാതാക്കളുടെയും ഉപയോക്താക്കളുടെയുമെല്ലാം വിവരങ്ങള്‍ അങ്ങേയറ്റം രഹസ്യമായിരിക്കും. ഡാര്‍ക്ക് വെബ് എന്നത് വലിയ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഇടമെന്ന് മാത്രം കരുതേണ്ടതില്ല. വളരെ സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഇത്തരം എന്‍ക്രിപ്റ്റഡ് ആയ മേഖലകളെ ഉപയോഗിക്കാന്‍ വഴികളുണ്ട്.
സുരക്ഷിതവും അജ്ഞാതവുമായ ആശയവിനിമയത്തിനായാണ് ഡാര്‍ക്ക് വെബ് ആദ്യം വികസിപ്പിച്ചെടുത്തത്, പലരാജ്യങ്ങള്‍ സുരക്ഷാ സൈനിക രഹസ്യങ്ങള്‍ സുരക്ഷിക്കാന്‍ എന്‍ക്രിപ്റ്റഡ് വെബ് സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. അടുത്ത കാലത്തായി, അനധികൃത ആയുധ വില്‍പ്പന, ലഹരിമരുന്നിന്റെ കൈമാറ്റം തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും ഡാര്‍ക്ക് വെബ് മാറിയിട്ടുണ്ട്.