പഠിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്; പുണെയിലും ബംഗളൂരുവിലും ജോലി ചെയ്ത ശേഷം കുറച്ചുകാലം അമേരിക്കയിലും ജോലി നോക്കി; മടങ്ങിയെത്തിയ ശേഷം ലഹരിവില്‍പ്പനയില്‍ സജീവം; കെറ്റാമെലോണ്‍ കയറിയത് സാംബഡയുടെ ഒഴിവില്‍; മെട്രോ നഗരങ്ങളിലെ ലഹരിവില്‍പ്പന മൂവാറ്റുപുഴയില്‍ ഇരുന്നു നിയന്ത്രിച്ചു; എഡിസണ്‍ ഡാര്‍ക്ക്‌നെറ്റില്‍ ഡ്രഗ് ഡോണായത് ഇങ്ങനെ

പഠിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്; പുണെയിലും ബംഗളൂരുവിലും ജോലി ചെയ്ത ശേഷം കുറച്ചുകാലം അമേരിക്കയിലും ജോലി നോക്കി

Update: 2025-07-03 02:15 GMT

കൊച്ചി: ഡാര്‍ക്ക്‌നെറ്റ് ശൃംഖല വഴി മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ മയക്കുമരുന്ന് വിറ്റഴിച്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) പരിശോധന ആരംഭിച്ചു. നാലു വര്‍ഷത്തിനിടെ നാലു മുതല്‍ എട്ടു കോടി വരെ രൂപയുടെ മയക്കുമരുന്ന്, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ ഇയാള്‍ നടത്തിയതായാണ് പ്രാഥമികനിഗമനം. അന്താരാഷ്ട്ര മയക്കുമരുന്നു ശൃംഖലയുമായി ബന്ധമുള്ള മലയാളിയുടെ വിവരങ്ങള്‍ പുറത്തുവന്നത് എല്ലാവരെയും നടുകക്ുന്നതാണ്.

എഡിസണ്‍, സഹായി അരുണ്‍ തോമസ് എന്നിവരെ ഇന്നലെ എന്‍.സി.ബി അധികൃതര്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടപാടുകളില്‍ അരുണിനും പങ്കുണ്ടെന്ന് എന്‍.സി.ബി കണ്ടെത്തി.യു.കെയില്‍ നിന്ന് തപാലില്‍ എത്തിക്കുന്ന ലഹരിമരുന്നുകള്‍ 'കെറ്റാമെലോണ്‍' എന്ന ഡാര്‍ക്ക്‌നെറ്റ് ശൃംഖല വഴിയാണ് എഡിസണ്‍ വിറ്റഴിച്ചിരുന്നത്. ബംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പാറ്റ്‌ന, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലായിരുന്നു ചില്ലറവില്പന.

ഇവിടങ്ങളില്‍ എഡിസണില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയവരെയും ഇയാളുടെ ശൃംഖലയിലെ കണ്ണികളെയും കണ്ടെത്തും. എഡിസണില്‍ നിന്ന് പിടിച്ചെടുത്ത എല്‍.എസ്.ഡി സ്റ്റാമ്പുകളുടെ സാമ്പിള്‍ രാസപരിശോധനകള്‍ക്കായി കോടതി വഴി എന്‍.സി.ബി ശേഖരിച്ചു.എഡിസണിനെ ജൂണ്‍ 29നാണ് എന്‍.സി.ബി കൊച്ചി യൂണിറ്റ് പിടികൂടിയത്.ചില്ലറ വില്പനയ്ക്കും തപാല്‍എല്‍.എസ്.ഡി സ്റ്റാമ്പ്, മറ്റു മയക്കുമരുന്നുകള്‍ എന്നിവ തപാലിലാണ് വിവിധ സ്ഥലങ്ങളിലേക്ക് എഡിസണ്‍ അയച്ചിരുന്നത്.

സംശയം തോന്നാതിരിക്കാന്‍ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകള്‍ വഴിയായിരുന്നു ഇടപാട്. എന്‍ജിനിയറിംഗ് ബിരുദധാരിയായ എഡിസണ്‍ന്റെ മയക്കുമരുന്ന് ഇടപാട് അറിഞ്ഞിരുന്നില്ലെന്ന് കുടുംബം മൊഴി നല്‍കിയിരിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങാണ് എഡിസണ്‍ പഠിച്ചത്. പഠനശേഷം പുണെ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ ജോലിചെയ്തു. കുറച്ചുകാലം അമേരിക്കയിലായിരുന്നു. മടങ്ങിയെത്തിയശേഷമാണ് ലഹരിയിടപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. നാട്ടുകാരുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല.

ചില ബന്ധുക്കള്‍ എത്തിയിരുന്നെങ്കിലും വീട് പൂട്ടിയനിലയിലാണ്. വീടിന് തൊട്ടുമുന്നില്‍ പുതിയൊരു ബഹുനില കെട്ടിടം നിര്‍മാണം തുടങ്ങിയിട്ടുണ്ട്. എഡിസണ്‍ന്റെ അന്താരാഷ്ട്ര ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. കുപ്രസിദ്ധ മയക്കുമരുന്ന് മൊത്ത വ്യാപാരിയായ യു.കെയിലെ ഗുന്‍ജ ഡീനില്‍ നിന്നാണ് എഡിസണ്‍ വാങ്ങിയിരുന്നത്. ഇയാളുമായി ബന്ധപ്പെട്ടത് എങ്ങനെ, ഇടനിലക്കാരുണ്ടോ തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കും.

രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് വില്‍പ്പനശൃംഖല കെറ്റാമെലോണിന്റെ തലവനാണ് മൂവാറ്റുപുഴക്കാരന്‍ എന്നറിഞ്ഞ ഞെട്ടിലിലണ് നാട്ടുകാരും. എഡിസനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും. വ്യാഴാഴ്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിച്ചേക്കും. എഡിസനൊപ്പം കസ്റ്റഡിയിലെടുത്ത കൂട്ടാളിയെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്യുകയാണ്. മൂവാറ്റുപുഴ സ്വദേശിയെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എഡിസനെയും കൂട്ടാളിയെയും പിടികൂടിയതിനുപിന്നാലെ രാജ്യവ്യാപകമായി പരിശോധന നടത്തുകയാണ്.

കെറ്റാമെലോണ്‍ മയക്കുമരുന്ന് ശൃംഖലയുടെ തലവന്‍ എഡിസനാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിലെ കണ്ടെത്തല്‍. രണ്ടുവര്‍ഷമായി ഇതുവഴി ഇയാള്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നു. ഡാര്‍ക്ക്നെറ്റ് വഴി സ്വന്തം ആവശ്യത്തിനാണ് ആദ്യം മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് കെറ്റാമെലോണ്‍ ഒരുക്കുകയും ഇടപാടിലേക്ക് കടക്കുകയുമായിരുന്നു. നാലുമാസം നീണ്ട 'മെലോണ്‍' ദൗത്യത്തിനൊടുവിലാണ് എന്‍സിബി കൊച്ചി യൂണിറ്റ് കെറ്റാമെലോണ്‍ ശൃംഖല തകര്‍ത്തതും എഡിസനെ പിടിച്ചതും.

വീട്ടിലെ പരിശോധനയില്‍ 1127 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു. ഇതിന് 35.12 ലക്ഷം രൂപ മൂല്യംവരും. 70 ലക്ഷം രൂപയ്ക്കുതുല്യമായ ക്രിപ്റ്റോ കറന്‍സിയും പിടിച്ചു. ഇടപാടിന് ഉപയോഗിച്ചിരുന്ന പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. ഡാര്‍ക്ക്നെറ്റ് ഉപയോഗിക്കാന്‍ സഹായിക്കുന്ന കൈറ്റ്സ് ഓപ്പറേറ്റിങ് സിസ്റ്റം അടങ്ങിയ പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു.

എഡിസണ്‍ തലവനായ കെറ്റാമെലോണ്‍ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ശൃംഖല ഈ രംഗത്തേക്ക് കടന്നുവന്നത് സാംബഡയുടെ ഒഴിവില്‍. 2023ല്‍ സാംബഡ എന്ന പേരിലുള്ള മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെ എന്‍സിബി പിടികൂടിയിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നയാളും ഇതിലുണ്ടായിരുന്നു. ഇതോടെയാണ് ഈ രംഗത്തെ സാമ്പത്തിക സാധ്യത മനസ്സിലാക്കി സാംബഡ ബന്ധം പുലര്‍ത്തിയിരുന്ന ലഹരി ഉറവിട സ്രോതസ്സുകളുമായി എഡിസണ്‍ ബന്ധം സ്ഥാപിച്ചതും വില്‍പ്പനയിലേക്ക് കടന്നതും.

ഇന്ത്യയില്‍ മാത്രമായിരുന്നു എഡിസന്റെ ലഹരിവില്‍പ്പന. കൂടുതലും എല്‍എസ്ഡിയാണ് വിറ്റിരുന്നത്. അതിവേഗം ഈ രംഗത്ത് ഇടപാടുകാരുടെ വിശ്വാസ്യത നേടാന്‍ ഇയാളുടെ കെറ്റാമെലോണ്‍ ശൃംഖലക്കായി. കൃത്യമായ അളവില്‍ മയക്കുമരുന്ന് എത്തിച്ചാണ് ലഹരി ഉപയോഗിക്കുന്നവരുടെ വിശ്വാസ്യത നേടിയത്. എഡിസന്റെ ലഹരിമരുന്നിന്റ ഉറവിടം ഡോ. സ്യുസ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഉള്ളവരാണ് ഡോ. സ്യുസ് ഡാര്‍ക്ക്നെറ്റ് സംഘത്തിലെ അംഗങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി മാഫിയയാണ് ഡോ. സ്യുസ്. ഇവരുടെതന്നെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ് ഇംഗ്ലണ്ടിലെ ഗുംഗ ദിന്‍ സംഘവും. ഗുംഗ ദിനില്‍നിന്നാണ് എഡിസണ്‍ മയക്കുമരുന്ന് വാങ്ങിയിരുന്നത്. എന്‍സിബി നേരത്തേ പിടിച്ച സാംബഡ സംഘവും ഡോ. സ്യുസില്‍നിന്നാണ് മയക്കുമരുന്ന് വാങ്ങിയിരുന്നത്.

പാഴ്സല്‍ വഴിയാണ് എല്‍എസ്ഡി എത്തിച്ചത്. പാഴ്സല്‍ വാങ്ങാന്‍ ഇയാള്‍തന്നെയാണ് പോയിരുന്നത്. ഇത് വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് കെറ്റാമെലോണ്‍ വഴി ബന്ധപ്പെടുന്നവര്‍ക്ക് മയക്കുമരുന്ന് പാഴ്സലുകളില്‍ അയക്കും. ക്രിപ്റ്റോ കറന്‍സിയായ മൊനേറൊയിലായിരുന്നു ഇടപാടുകള്‍. ഇതുവരെയുള്ള പരിശോധനയില്‍ ഒരുകോടിയുടെ ഇടപാട് കണ്ടെത്തി.

Tags:    

Similar News