പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മകളെ യുഎസിലേക്ക് അയച്ച് പിതാവ്; പിന്നാലെ യുവതിയുടെ വീട്ടിലെത്തി പിതാവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍: 57കാരനായ വ്യവസായി ഗുരുതരാവസ്ഥയില്‍

പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മകളെ യുഎസിലേക്ക് അയച്ച് പിതാവ്; വീട്ടിലെത്തി പിതാവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍

Update: 2024-11-11 00:47 GMT

ഹൈദരാബാദ്: പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കാമുകിയെ വീട്ടുകാര്‍ വിദേശത്തേക്ക് പറഞ്ഞയച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ അച്ഛന് നേരെ വെടിയുതിര്‍ത്ത് 25കാരന്‍. യുവതിയുടെ വീട്ടിലെത്തിയ കാമുകന്‍ അവളുടെ പിതാവിന് നേരെ വെടിയുതിര്‍ക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈദരാബാദിലാണ് സംഭവം നടന്നത്.

യുവതി അമേരിക്കയിലേക്ക് പോയതിന് പിന്നാലെ യുവാവ് ഇവരുടെ വീട്ടിലെത്തി. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതിയെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ക്ക് നേരെ ബഹളമുണ്ടാക്കി. വാഗ്വാദത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന എയര്‍ ഗണ്‍ കൊണ്ട് യുവതിയുടെ അച്ഛന് നേരെ വെടിയുതിര്‍ക്കുക ആയിരുന്നു.

രേവന്ത് ആനന്ദ് എന്ന 57 വയസുകാരനാണ് വെടിയേറ്റത്. കണ്ണില്‍ വെടിയേറ്റ ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രില്‍ കഴിയുകയാണ്. 25കാരനായ ബല്‍വീന്ദറും വ്യവസായിയായ ആനന്ദിന്റെ 23കാരിയായ മകളും തമ്മില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്ല അടുപ്പത്തിലായിരുന്നു. അച്ഛന്‍ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ മകളെ വിലക്കി. യുവാവിനെ ഇനി കാണരുതെന്ന് നിര്‍ദേശിച്ചെങ്കിലും അത് മകള്‍ അനുസരിച്ചില്ല. ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു.

ഫോണിലൂടെയും മറ്റും പതിവായി സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് മകളെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ യുവതിയുടെ അച്ഛന്‍ മുന്‍കൈയെടുത്ത് അവളെ അമേരിക്കയിലേക്ക് അയച്ചത്. ഇക്കാര്യം അറിഞ്ഞ് ബല്‍വീന്ദര്‍ യുവതിയുടെ വീട്ടിലെത്തി ബഹളം വെച്ചു. വഴക്കിനിടെ കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് ഇയാള്‍ വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവിനെ പിന്നീട് പൊലീസ് പിടികൂടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

കാമുകി, അമേരിക്ക, കാമുകന്‍, വെടിവെയ്പ്പ്, lovers

Tags:    

Similar News