ഒറ്റപ്പെടലിന്റെ വേദനയില്‍ യുവതികളെ വീഴ്ത്തും; താലി കെട്ടി കൂടെ കൂട്ടി ലൈംഗീകമായ താല്‍പ്പര്യം കുറയുമ്പോള്‍ ഉപേക്ഷിക്കും; രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫെയ്‌സ് ബുക് ഫ്രണ്ട് ആയത് ചേട്ടന്‍ അറിഞ്ഞില്ല; 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍' പൊളിച്ച് ഭാര്യമാരുടെ കൂട്ടായ്മ; ഇന്‍ഷുറന്‍സ് തുകയും നിര്‍ണ്ണായകമായി; ദീപു കുടുങ്ങുമ്പോള്‍
പത്തനംതിട്ട : വിവാഹത്തട്ടിപ്പിന് മൂന്ന് സ്ത്രീകളെ ഇരയാക്കിയ യുവാവ് ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ കുടുങ്ങിയത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍. കാസര്‍കോഡ് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് ഫ്‌ളാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പ് (36) ആണ് പിടിയിലായത്. കൂടുതല്‍ സ്ത്രീകളെ ഇയാള്‍ വഞ്ചിച്ചോ എന്നും പോലീസ് പരിശോധിക്കും.
2022 മാര്‍ച്ച് ഒന്നിനും ഈവര്‍ഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാന്‍ എന്ന കണ്ണീര്‍ കഥയുമായി നാല് കെട്ടിയ യുവാവിന് ഭാര്യമാരുടെ ഫെയ്സ് ബുക്ക് സൗഹൃദമാണ് കെണിയായത്. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെയാണ് വിരുതന്‍ പിടിയിലായത്. പരാതി കിട്ടിയ ശേഷം പോലീസ് കരുതലോടെ നീങ്ങിയതാണ് ദീപുവിന് വിനയായത്. രണ്ടാം ഭാര്യയെ പരിചയപ്പെട്ടത് നാലാം ഭാര്യ ഇയാളോട് പറഞ്ഞതുമില്ല. ഇതും ദീപുവിന് രക്ഷപ്പെടുന്നതിന് തടസ്സമായി. നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന സീരീസിനെ വെല്ലും കഥയാണ് ദീപുവിന്റേത്.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് ആരംഭം. യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാള്‍ പിന്നീട് ഭാര്യയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചു. തുടര്‍ന്ന് കാസര്‍കോടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് മുങ്ങി. അവിടെ കുറേകാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. എറണാകുളത്ത് എത്തിയ ഇയാള്‍ അവിടെ ഒരു സ്ത്രീയുമായി അടുക്കുകയും കുറേനാള്‍ അവരുമൊത്ത് കഴിയുകയും ചെയ്തു. തുടര്‍ന്നാണ്, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ചത്.
വിവാഹമോചിതയായ ഇവരെ പിന്നീട് അര്‍ത്തുങ്കല്‍ വച്ച് കല്യാണം കഴിച്ചു. താന്‍ അനാഥനാണ് എന്ന് പറഞ്ഞാണ് തട്ടിപ്പ്. വിവാഹം കഴിച്ചാല്‍ തനിക്കൊരു ജീവിതവുമാകും, ഒറ്റപ്പെടുന്നതിന്റെ വേദന മാറുകയും ചെയ്യും എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വലയില്‍ വീഴ്ത്തും. തുടര്‍ന്ന് ഒരുമിച്ചു ജീവിച്ച് ലൈംഗികമായി ഉപയോഗിക്കുന്ന പ്രതി താല്പര്യം കുറയുമ്പോള്‍ അടുത്ത ആളെ തേടി പോകും. ഇതൊരു മാനസികാവസ്ഥയായിരുന്നു. ആലപ്പുഴ സ്വദേശിനിക്ക് ഇയാളില്‍ സംശയം ജനിച്ചതാണ് കേസില്‍ നിര്‍ണ്ണായകമായത്. അവര്‍ പോലീസിന് വിവരം കൈമാറി. പ്രതിയെ നിരീക്ഷിച്ചാണ് പോലീസ് തട്ടിപ്പിലെ വസ്തുതകള്‍ തിരിച്ചറിഞ്ഞത്.
താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയും. ഇങ്ങനെ വീഴുന്നവരെ കല്യാണം കഴിക്കും. അതിന് ശേഷം കുട്ടികളാകുമ്പോള്‍ സ്വര്‍ണ്ണവും പണവുമായി കടക്കും. രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്സ് ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് തന്റെ മുന്‍ ഭര്‍ത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികള്‍ വിശദീകരിച്ചുകൊടുത്തു. ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇന്‍ഷുറന്‍സ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോള്‍ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചു കടക്കാന്‍ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് തോന്നി. ഇതോടെ പോലീസില്‍ പരാതിയെത്തി.
കാസര്‍കോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച് ഇയാള്‍ ബലാത്സംഗം നടത്തിയതായും പോലീസിന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു. ശനിയാഴ്ച കോന്നി പൊലീസില്‍ കൊടുത്ത പരാതിപ്രകാരം, കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക നടപടികള്‍ക്ക് ശേഷം, പ്രതിയെ പത്തനംതിട്ട ഭാഗത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം തെളിവുകള്‍ ശേഖരിച്ച പൊലീസ്, ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി.