13 വര്‍ഷമായിട്ടും ചുരുളഴിയാതെ രേഷ്മയുടെ തിരോധാന കേസ്; മകള്‍ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്നറിയാതെ കുടുബം; ആരോപണവിധേയനായ യുവാവിനെ ചോദ്യം ചെയ്തിട്ടും തെളിവില്ലാത്തത് തടസ്സമായി; അവസാന പ്രതീക്ഷ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍

Update: 2025-02-11 05:34 GMT

കാഞ്ഞങ്ങാട്: കേരളാ പോലീസിന്റെ ബ്രില്ല്യന്‍സ് കഥകള്‍ ധാരാളം നാം കേള്‍ക്കുന്നുണ്ട്. എന്നാല്‍, ചില കേസുകളിലെ വീഴ്ച്ചകള്‍ പിന്നീട് തിരുത്താന്‍ കഴിയാത്ത വിധത്തിലേക്ക് മാറാറുമുണ്ട്. അത്തരമൊരു വീഴ്ച്ച കാരണം 13 വര്‍ഷമായി ഒരു പെണ്‍കുട്ടിയുടെ ദുരൂഹമായ തിരോധാന കേസ് എങ്ങുമെത്താത്ത അവസ്ഥയിലാണ്.

എണ്ണപ്പാറ മൊയോലത്തെ എം.സി. രേഷ്മ എന്ന ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനക്കേസ് 13 വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. മകള്‍ ജീവനോടെയുണ്ടോ മരിച്ചോ എന്നുപോലും ഉറപ്പാക്കാനാവാതെ കഴിയുകയാണ് കുടുംബം. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നു എന്നത് മാത്രമാണ് കുടുംബത്തിനു ഇപ്പോഴുള്ള ആശ്വാസം.

ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കേസില്‍ നിര്‍ണായകമായ ഒട്ടേറെ കാര്യങ്ങള്‍ കണ്ടെത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കേസില്‍ ആരോപണവിധേയനായ പാണത്തൂര്‍ സ്വദേശിയെ നിരവധിതവണ ഇവര്‍ ചോദ്യം ചെയ്തിരുന്നു. രേഷ്മയുടെ തിരോധാനത്തിന് പിന്നില്‍ ഇയാളെന്ന് പൊലീസ് ബലമായി സംശയിക്കുമ്പോഴും അറസ്റ്റ് ഉള്‍പ്പെടെ നടപടിയിലേക്ക് കടക്കാന്‍ തക്ക തെളിവ് ശേഖരിക്കാനും രേഷ്മ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കാനുള്ള തെളിവും ലഭിക്കാത്തതാണ് തടസ്സമാമായി നില്‍ക്കുന്നത്.

കോടതി വ്യവഹാരങ്ങള്‍ കേസിന് തടസ്സമായെന്ന് പറയുമ്പോഴും തുടക്കത്തില്‍ പോലീസിന് ഉണ്ടായ വീഴ്ച്ചകളാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. രേഷ്മ തിരോധാനക്കേസ് അന്വേഷണം നാളുകളായി കേരള ഹൈകോടതിയുടെ നിരീക്ഷണത്തില്‍ കൂടിയാണ് നടക്കുന്നത്. നുണപരിശോധനക്ക് പൊലീസ് ശ്രമം നടത്തിയിരുന്നെങ്കിലും ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെന്നു സംശയിക്കുന്ന ആള്‍ എതിര്‍ത്തതിനാല്‍ നടന്നില്ല.

പാണത്തൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് രേഷ്മയുടേതെന്ന് സംശയിക്കുന്ന ചോറ്റുപാത്രം പൊലീസ് മൂന്നു വര്‍ഷം മുമ്പ് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്കയച്ചിരുന്നെങ്കിലും പരിശോധന റിപ്പോര്‍ട്ട് പോലും പുറത്തുവന്നില്ല. കോടതിയില്‍നിന്ന് പലപ്പോഴും പ്രതിയെന്നു സംശയിക്കുന്ന ആള്‍ അനുകൂലവിധി നേടുന്നതും പൊലീസ് അന്വേഷണത്തിന് തടസ്സമുണ്ടാക്കി.

ഹൈകോടതിയില്‍നിന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരെ എത്തിച്ചാണ് ഇയാള്‍ പൊലീസ് നീക്കത്തിന് തടയിടുന്നത്. കഴിഞ്ഞാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തു. അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കാലങ്ങളായി ഫയലിലുറങ്ങി. പിന്നീട് ആദിവാസി സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തുവന്നതോടെയാണ് പൊലീസ് വീണ്ടും കേസ് പൊടിതട്ടിയെടുത്തത്.

അപ്പോഴേക്കും പതിറ്റാണ്ട് കഴിഞ്ഞു. തെളിവുകളൊന്നുമില്ലാതെയായി. രേഷ്മ മരിച്ചോയെന്നു പോലും വ്യക്തമാക്കാന്‍ പൊലീസിനു കഴിയുന്നില്ല. മഡിയനില്‍ പ്രതിയെന്നു സംശയിക്കുന്ന ആള്‍ താമസിച്ച വീട്ടില്‍ നിന്നാണ് ദുരൂഹ സാഹചര്യത്തില്‍ രേഷ്മയെ കാണാതാകുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച രേഷ്മയുടെ വീട്ടിലെത്തി ബന്ധുക്കളില്‍നിന്ന് തെളിവെടുത്തു. പാണത്തൂരിലെത്തിയും അന്വേഷണം നടത്തിയിരുന്നു.

Tags:    

Similar News