പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; പരിശീലന കേന്ദ്രത്തിന്റെ ഉടമയും അധ്യാപകനുമായ ആള്‍ക്കെതിരെ ആരോപണവുമായി അമ്മ; കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് പോലീസ്; സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി യുവജനസംഘടന
പത്തനംതിട്ട: പത്തനംതിട്ടയില്‍ 19കാരയ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദ്രോണ ഡിഫെന്‍സ് അക്കാദമി ആന്റ് യോഗ സെന്റര്‍ ഉടമയും അധ്യാപകനും വിമുക്തഭടനുമായ ആള്‍ക്കെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ അമ്മ. ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നും ഇതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും പെണ്‍കുട്ടിയുടെ അമ്മ രാജി ആരോപിച്ചിരുന്നു.
ഹോട്ടല്‍ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗായത്രിയുടെ മരണത്തിന് പിന്നില്‍ പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചത്. അടൂരിലെ ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്ന ഗായത്രി അധ്യാപകനില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മയുടെ ആരോപണം. വിമുക്ത ഭടനായ അധ്യാപകന്‍ കുട്ടിയോട് വൈരാഗ്യത്തോടെ പെരുമാറിയിരുന്നുവെന്നാണ് അമ്മ രാജിയുടെ മൊഴി.
പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിന് പോലീസ് കാവലുണ്ട്. വിമുക്തഭടനായ സ്ഥാപന ഉടമ ഒളിവിലാണ്. ഇയാളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. സ്ഥാപന ഉടമ തന്റെ അഭിഭാഷകന്‍ മുഖേന അടൂര്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ലഭ്യമായ വിവരം. ആദ്യഘട്ടത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടികെട്ടിവെച്ച് പ്രതിഷേധിച്ചു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. യൂത്ത് കോണ്‍ഗ്രസ് സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ വലിച്ചുകീറി പ്രതിഷേധിച്ചു.