മലപ്പുറത്ത് മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറെ രക്ഷപെടുത്തി; ക്ലീനറെ കണ്ടെത്താന്‍ സ്‌കൂബ ഡൈവേഴ്‌സും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുന്നു; അപകടത്തിന് കാരണം ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍
മലപ്പുറം: മലപ്പുറത്ത് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിലാണ് സംഭവം ഉണ്ടായത്. വിവിധ കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ ഡ്രൈവര്‍ ജാഫര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ക്ലീനര്‍ മുസ്തഫ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
ഇറക്കമിറങ്ങുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ രക്ഷപ്പെട്ട ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് സജീവമായ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ലോഡുമായി പോയ വാഹനം 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.
റോഡില്‍ നിന്നും ഏറെ താഴ്ചയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി പൂര്‍ണമായും മുങ്ങിപ്പോയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. വെള്ളത്തിനടിയിലായ ലോറി ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുസ്തഫയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അപകടസ്ഥലത്തെ ഭൂപ്രകൃതിയും ക്വാറിയിലെ വെള്ളത്തിന്റെ ആഴവും രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂര്‍ണമായും മുങ്ങുകയും ചെയ്തു. തിരൂരില്‍നിന്നുള്ള ഫയര്‍ഫോഴ്സും സ്‌കൂബ ഡൈവേഴ്സും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും വാഹനം ഉയര്‍ത്താന്‍ ആവശ്യമായ ക്രെയിന്‍ എത്താന്‍ വൈകുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. വെള്ളത്തിനടിയിലേക്ക് പൂര്‍ണമായും താഴ്ന്നുപോയ ലോറി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതരും നാട്ടുകാരും.