കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടയില്‍ ആനയിടഞ്ഞ സംഭവം; ജില്ലാ കളക്ടറും, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും അടിയന്തര റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍; സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും; മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്; ഇന്ന് ഹര്‍ത്താല്‍
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടയില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറും, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഇന്ന് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടാതെ മരിച്ച മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 31 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, വടക്കേയില്‍ രാജന്‍ എന്നിവരാണ് മരിച്ചത്. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തിയതിനെ തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുവായൂരില്‍ നിന്നും കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിച്ച പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് വൈകിട്ടോടെ ഇടഞ്ഞോടിയത്.
ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരന്‍ ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുല്‍ എന്ന ആനയെ കുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോര്‍ക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അപ്രതീക്ഷിതമായി ആനകള്‍ ഇടഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി. ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസം ശീവേലി തൊഴാന്‍ നിന്നവരാണ് ആനകളുടെ മുന്നില്‍ പെട്ടത്.
പലരും പലവഴിക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്തു. ആനകളുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് അടക്കം തകര്‍ന്നു. ഓഫീസിന് താഴെ ഇരുന്നിരുന്ന, കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, വടക്കേയില്‍ രാജന്‍ എന്നിവരാണ് മരിച്ചത്. വെടിമരുന്ന് പ്രായോഗം നടത്തിയത് കൊണ്ടാണ് ആനകള്‍ ഇടഞ്ഞതെന്ന് പറയാനാകില്ലെന്നും വനംവകുപ്പിന്റെയും, പൊലീസിന്റെയും എല്ലാ അനുമതിയും വാങ്ങിയിട്ടാണ് ആനകളെ കൊണ്ടുവന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. വിരണ്ട രണ്ട് ആനകളെയും പെട്ടെന്ന് തന്നെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ തളയ്ക്കാന്‍ സാധിച്ചതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിഞ്ഞെന്ന് കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു പറഞ്ഞു.
മരിച്ച മൂന്നുപേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ദുഃഖാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 17,18,25,26,27,28,29,30,31 എന്നീ വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.