എന്ത് ചോദിച്ചാലും..ഒന്നിനും നേരായ മറുപടി നൽകില്ല; പീക്ക് ടൈമിൽ റൂമുകൾ വേണമെന്ന് പറയുമ്പോൾ അങ്ങനെ കിട്ടില്ലെന്ന് പറഞ്ഞ് ഒഴിയും; ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പ് വാഗ്ദാനം നൽകി പറ്റിപ്പ്; 1,89,999രൂപ വാങ്ങി വഞ്ചിച്ചു; ഒടുവിൽ 'ഡവ്സ് വക്കേഷൻ' സ്ഥാപനത്തിനെതിരെയുള്ള പരാതിയിൽ നടപടി; മരട് സ്വദേശിനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

Update: 2025-10-25 14:07 GMT

കൊച്ചി: ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പ് വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ പൂനെ ആസ്ഥാനമായുള്ള ടൂറിസം സർവീസ് സ്ഥാപനത്തിന് നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി. മരട് സ്വദേശിനിയായ ജസ്റ്റിന ഫെർണാണ്ടസ് നൽകിയ പരാതിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. സ്ഥാപനം ഉപഭോക്താവിന് മെമ്പർഷിപ്പിനായി അടച്ച തുകയായ 1,89,999 രൂപയും, കൂടാതെ 20,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവുകൾക്കായും 45 ദിവസത്തിനുള്ളിൽ നൽകണം.

2022 ഒക്ടോബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം മരട് സ്വദേശിനിയായ ജസ്റ്റിന ഫെർണാണ്ടസ്, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡവ്സ് വക്കേഷൻ (Doves Vacation) എന്ന ടൂറിസം സർവീസ് സ്ഥാപനത്തിൽ നിന്ന് 1,89,999 രൂപ മുടക്കി ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പ് എടുക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത സേവനം ലഭ്യമാക്കാതെ സ്ഥാപനം ഉപഭോക്താവിനെ വഞ്ചിച്ചുവെന്ന് പരാതിയിൽ പറയുന്നു.

മെമ്പർഷിപ്പ് എടുത്തതിന് ശേഷം താമസത്തിനായി റൂമുകൾ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ, "പീക്ക് ടൈം" ആയതിനാൽ റൂമുകൾ ലഭ്യമല്ലെന്നായിരുന്നു സ്ഥാപനത്തിന്റെ സ്ഥിരം മറുപടി. വാഗ്ദാനം ചെയ്ത സേവനം ലഭ്യമാക്കാൻ സ്ഥാപനത്തിന് സാധിക്കാതെ വന്നതോടെ, ക്ലബ്ബ് മെമ്പർഷിപ്പ് റദ്ദാക്കി അടച്ച പണം തിരികെ നൽകണമെന്ന് ജസ്റ്റിന 2024 ഫെബ്രുവരി മാസത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, അംഗത്വം റദ്ദാക്കാം എന്നാൽ പണം തിരികെ നൽകാൻ സാധ്യമല്ലെന്നായിരുന്നു സ്ഥാപനത്തിന്റെ നിലപാട്.

തുടർച്ചയായി സേവനം നിഷേധിച്ചത് സേവനത്തിലെ ഗുരുതരമായ അപര്യാപ്തതയാണെന്ന് കോടതി നിരീക്ഷിച്ചു. ബുക്ക് ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങി സേവനം നൽകാത്തത് അധാർമിക വ്യാപാര രീതിയാണെന്നും കോടതി കണ്ടെത്തി. സേവനം നൽകാത്ത സാഹചര്യത്തിൽ പണം തിരികെ നൽകാൻ വിസമ്മതിക്കുന്നത് നിയമപരമല്ലെന്നും, ഇത്തരം ഏകപക്ഷീയമായ വ്യവസ്ഥകൾ ഉപഭോക്താക്കളുടെ നിയമപരമായ അവകാശങ്ങളെ അസാധുവാക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉപഭോക്താവിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോടതി ശക്തമായ നിലപാട് സ്വീകരിച്ചു.

ഈ വിധി ടൂറിസം രംഗത്തെ സേവനങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും, ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രചോദനം നൽകാനും സഹായിക്കും. ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പുകൾ ഉൾപ്പെടെയുള്ള വിവിധ ടൂറിസം പാക്കേജുകൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും, കരാറുകളിലെ വ്യവസ്ഥകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്നും ഈ വിധി ഓർമ്മിപ്പിക്കുന്നു.

Tags:    

Similar News