മൂന്ന് ദിവസം തടഞ്ഞ് വച്ച് റെയ്ഡ് നടത്തിയെങ്കില്‍ മൊബൈല്‍ ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു? മുറിയില്‍ കയറി കതക് പൂട്ടാന്‍ എങ്ങനെ അനുമതി കിട്ടി? കൂടെ ഉണ്ടായിരുന്ന എംഡി ജോസഫിനെ എന്തിന് റോയ് തന്നെ ഇറക്കി വിട്ടു? മരിക്കാന്‍ വേണ്ടിയാണോ അന്ന് ദുബായില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിയത്? പുറത്ത് കേള്‍ക്കുന്ന വാര്‍ത്തകളും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഏറെ
മൂന്ന് ദിവസം തടഞ്ഞ് വച്ച് റെയ്ഡ് നടത്തിയെങ്കില്‍ മൊബൈല്‍ ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?
ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പു ചെയര്‍മാന്‍ ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത നീക്കാന്‍ അന്വേഷണം തുടരുകയാണ്. എന്തിനാണ് റോയി ജീവനൊടുക്കിയത് എന്നത് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങളില്‍ ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്നു. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദ്ദമാണെന്ന് കുടുംബം ആരോപിക്കുമ്പോഴും പുറത്തുവരുന്ന വാര്‍ത്തകളിലില്‍ പൊരുത്തക്കേടുകളും വൈരുധ്യങ്ങളും ദൃശ്യമാണ്. ആദായ നികുതി വകുപ്പില്‍ നിന്നും സമ്മര്‍ദ്ദങ്ങളൊന്നും റോയി നേരിട്ടില്ലെന്നാണ് അവര്‍ വിശദീകരിക്കുന്നത്. അറസ്റ്റു ഭയന്നു എന്ന വാദവും നിലനില്‍ക്കില്ല. ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യതയുണ്ട്.
മൂന്ന് ദിവസം തടഞ്ഞ് വച്ച് റെയ്ഡ് നടത്തിയെന്ന വാദം അടക്കം റോയിയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, അങ്ങനെ സംഭവിച്ചവെങ്കില്‍ മൊബൈല്‍ ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു? മുറിയില്‍ കയറി കതക് പൂട്ടാന്‍ എങ്ങനെ അനുമതി കിട്ടി എന്ന ചോദ്യവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പ് എംഡി ജോസഫ് പറയുന്നതില്‍ നിന്നും ആദായക നികുതി വകുപ്പ് സമ്മര്‍ദ്ദം ഉണ്ടായില്ലെന്ന സൂചനയും ഉയര്‍ത്തുന്നതാണ്.
ദിവസവും ജീവിതം ആഘോഷമാക്കണമെന്നു സ്ഥിരമായി പറഞ്ഞിരുന്നയാള്‍ അന്നു വൈകിട്ട് മൂന്നു മണിയോടെ ബെംഗളൂരു റിച്ച്മണ്ട് സര്‍ക്കിളിനടുത്ത് ലോങ്‌ഫോഡ് റോഡിലുള്ള സ്വന്തം ഓഫിസിലെ കാബിനിലേക്ക് കയറുന്നു. പിന്നാലെയാണ് ദാരുണായ സംഭവം ഉണ്ടായത്. 'എനിക്ക് അമ്മയുമായി സംസാരിക്കണം. കുറച്ചു സ്വകാര്യത വേണം' അദ്ദേഹം കമ്പനിയുടെ എംഡി ടി.എ.ജോസഫിനോടു പറഞ്ഞു. ജോസഫ് പുറത്തിറങ്ങി കുറച്ചുകഴിഞ്ഞു നോക്കുമ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയിരിക്കുന്ന നിലയില്‍. ചവിട്ടിത്തുറന്ന് അകത്തു കയറുമ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ കസേരയില്‍ ചാരിയിരിക്കുന്ന ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ.റോയിയെയാണ് കാണുന്നത്. നെഞ്ചില്‍നിന്നു ചോര ഒഴുകുന്നു..
ബെംഗളൂരു അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് നല്‍കിയ പരാതിയില്‍ പറയുന്ന വിശദാംശങ്ങലാണ് ഇങ്ങനെ. ലൈസന്‍സുള്ള 0.25 പിസ്റ്റള്‍ (റിവോള്‍വര്‍ അല്ല) റോയിയുടെ അടുത്തു കിടപ്പുണ്ടാരുന്നു. പക്ഷേ റോയിക്ക് ഇങ്ങനെ തോക്കുള്ള വിവരം അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. ദിവസങ്ങളായി തുടരുന്ന ആദായ നികുതി റെയ്ഡ് മൂലം സമ്മര്‍ദം കലശലായിട്ടുണ്ടെന്ന് പലരോടും പറഞ്ഞിരുന്നു. ഫുക്കറ്റില്‍ വിനോദയാത്രയ്ക്കു പോയിരുന്ന സഹോദരന്‍ സി.ജെ.ബാബുവിനെ മരിക്കുന്ന ദിവസം രാവിലെ രണ്ടുതവണ വിളിച്ച് സമ്മര്‍ദമുണ്ടെന്ന് റോയി പറഞ്ഞിരുന്നു.
അതിനോടൊപ്പം തന്നെ പറയേണ്ടതാണ് നിയമം നടപ്പാക്കാനുള്ള വകുപ്പുകളുടെ അമിത സമ്മര്‍ദം. വെള്ളക്കോളര്‍ കുറ്റകൃത്യമുണ്ടെങ്കില്‍ തന്നെ ഏതാനും ദിവസങ്ങള്‍ കൊണ്ട് അമിത സമ്മര്‍ദം ചെലുത്തേണ്ട കാര്യമില്ല. പിഴ നല്‍കേണ്ടതുണ്ടെങ്കില്‍ ബിസിനസിലൂടെ തന്നെ ചെയ്യാവുന്നതാണ്. നികുതി ഭീകരത എന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നതിനു കാരണവും അതാണ്.
റെയ്ഡ് നടക്കുമ്പോള്‍ തോക്കുമായി മുറിയില്‍ കയറി അടച്ച് സ്വയം വെടിയുതിര്‍ത്ത റോയി ഉദ്യോഗസ്ഥര്‍ക്കെ നേരെ വെടിയുതിര്‍ത്തിരുന്നില്ല. അത്തരത്തില്‍ മാനസികമായി തളര്‍ന്നിരുന്നില്ല റോയി എന്നുവേണം കരുതാന്‍. ദുബായില്‍ നിന്നും ബംഗളുരുവിലേക്ക് റോയി എത്തിയത് മരണം തിരഞ്ഞെടുക്കാന്‍ വേണ്ടിയായിരുന്നോ എന്ന ചോദ്യം അടക്കം ഉയരുന്നു. എങ്കിലു പൊരുത്തക്കേടുകള്‍ നിരവധിയാണ്.
ഐടി റെയ്ഡ് മാനുവല്‍ പ്രകാരം, പരിശോധനയ്ക്ക് വിധേയമാകുന്ന വ്യക്തിയുടെ കൈവശമുള്ള എല്ലാ സാധനങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചുവെക്കണം. കൂടെ ഒരു ഉദ്യോഗസ്ഥനില്ലാതെ ഒറ്റയ്ക്ക് ഒരു റൂമിലോ, ഓഫീസിലോ നിയമം അനുവദികകില്ല. അങ്ങനെയെങ്കില്‍, ലൈസന്‍സുള്ള തോക്ക് കൈവശം വെച്ച് റോയ് തനിച്ച് ഓഫീസിനുള്ളില്‍ കയറി വാതിലടച്ചു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.
കഴിഞ്ഞ ആഴ്ച തന്നെ റോയിയുടെ ബാംഗ്ലൂരിലെ ഫയലുകള്‍ ഐടി സംഘം സീല്‍ ചെയ്തിരുന്നു. തന്റെ അധികാര പരിധിക്ക് പുറത്താണ് കൊച്ചി യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് റോയ് വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അഞ്ചോളം കമ്പനികളില്‍ ഒരേസമയം നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് ഐടി സംഘം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസിലെത്തിയത്. സര്‍വ്വ സന്നാഹങ്ങളുമായി എത്തിയ ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് എങ്ങനെ ഒരു വെടിയൊച്ച കേട്ടു എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.
കോടതി നിര്‍ദ്ദേശപ്രകാരം ക്യാമറയില്‍ പകര്‍ത്തപ്പെട്ട റെയ്ഡിനിടെ ഈ മരണം എങ്ങനെ സംഭവിച്ചു എന്നത് അടക്കം ദുരൂഹത ഉയര്‍ത്തുന്നതാണ്. അതേസമയം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരന്‍ സി.ജെ.ബാബു ആരോപിക്കുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് സഹോദരന്‍ വലിയ സമ്മര്‍ദം നേരിട്ടിരുന്നെന്നാണു സി.ജെ.ബാബുവിന്റെ വെളിപ്പെടുത്തല്‍. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയുടെ ഓഫിസില്‍ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദില്‍ നിന്നും സമ്മര്‍ദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ.ബാബു പറഞ്ഞു.
മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നെന്നും സഹോദരന്‍ വെളിപ്പെടുത്തി. ''നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ശനിയാഴ്ച 7 മണിക്കു കാണാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ കാണാന്‍ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനടപടികള്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കും'' സി.ജെ.ബാബു പറഞ്ഞു.
സി.ജെ.റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരവും പുറത്തുവരുന്നുണ്ട്. അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് സമര്‍പ്പിച്ച പരാതിയിലാണു സംഭവ ദിവസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനായി ടി.എ.ജോസഫിനൊപ്പം റോയ് ഓഫിസിലെത്തി. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പുറത്തേക്കിറങ്ങിയ ജോസഫ് തിരികെ എത്തിയപ്പോള്‍ ക്യാബിനിലേക്ക് കയറാന്‍ സെക്യൂരിറ്റി സമ്മതിച്ചില്ല. ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. 10 മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. കതക് ഉള്ളില്‍ നിന്നും ലോക്കിട്ട നിലയിലായിരുന്നു. കതക് തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോള്‍ ഷര്‍ട്ടില്‍ നിറയെ ചോരയുമായി കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു റോയി. പള്‍സ് ഇല്ലെന്ന് മെഡിക്കല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചു ബെംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതേസമയം, റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണു സ്ഥാപനത്തിന്റെ ആവശ്യം. കടുംകൈ ചെയ്യാന്‍ റോയിയെ പ്രേരിപ്പിച്ച തരത്തിലുള്ള സമ്മര്‍ദം ഉണ്ടായിരുന്നോ എന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരതുരമായ ആരോപണങ്ങളാണു റോയിയുടെ കുടുംബം ഉന്നയിച്ചത്. ഐ-ടി ഉദ്യോഗസ്ഥര്‍ ഡിസംബറില്‍ 2 തവണ ഓഫിസ് സന്ദര്‍ശിച്ചിരുന്നു. റെയ്ഡുകള്‍ക്കിടെ റോയി രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ വീണ്ടും എത്തി. ഡിസംബര്‍ അവസാന വാരം റെയ്ഡിനായി എത്തുമെന്ന് റോയിയെ മുന്‍പ് അറിയിച്ചിരുന്നതായും അദ്ദേഹം അവര്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. റെയ്ഡുകളെ തുടര്‍ന്ന് താന്‍ അനുഭവിച്ചിരുന്ന ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും അദ്ദേഹം പങ്കുവെച്ചിരുന്നതായി റോയിയുമായി അടുത്തവര്‍ തങ്ങളുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ റോയിയുടെ മരണത്തിലേക്ക് നയിച്ചത് മറ്റു പല കാരണങ്ങളുമാകാന്‍ സാധ്യതയുണ്ട്. അതില്‍ വ്യക്തത വരണമെങ്കില്‍ അന്വേഷണ സംഘം തന്നെ വ്യക്തമാക്കിയേണ്ടിയിരുക്കുന്നു.
