പുല്‍വാമ ഭീകരാക്രമണ സൂത്രധാരന്‍ ഉമര്‍ ഫാറുഖിന്റെ ഭാര്യ അഫീറ ബീവിയുമായി അടുത്ത ബന്ധം; ഉമര്‍ ഫാറുഖ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍; ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ്, ജയ്ഷ് വനിത ബ്രിഗേഡിന്റെ 'ശൂറ'യില്‍ അഫീറ അംഗമായി; ഡോ.ഷഹീന് മസൂദിന്റെ കുടുംബവുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍; സ്‌ഫോടനം പാക് ആസൂത്രിതം തന്നെ
ഡോ.ഷഹീന് മസൂദിന്റെ കുടുംബവുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ അന്വേഷണത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍. കേസില്‍ അറസ്റ്റിലായ ലക്‌നൗ സ്വദേശി ഡോ. ഷഹീന്‍ സയീദ് ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ ഉന്നതരുമായി ബന്ധപ്പെട്ടിരുന്നതായി ഏജന്‍സികള്‍ കണ്ടെത്തി. പ്രത്യേകിച്ചും, ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ അഫീറ ബീവിയുമായി ഡോ. ഷഹീന് അടുത്ത ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ, ഷഹീന്‍, ജെയ്‌ഷെ വനിത വിഭാഗത്തിനായി പ്രവര്‍ത്തിച്ചിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ആരാണ് അഫീറ ബീവി?
ഡോ. ഷഹീന്‍ സയീദ്, ജെയ്ഷ് കമാന്‍ഡര്‍ ഉമര്‍ ഫാറൂഖിന്റെ ഭാര്യയായ അഫീറ ബീബിയുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജെയ്ഷ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവനുമാണ് പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഉമര്‍ ഫാറൂഖ്. പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.
ജെയ്ഷ് വനിതാ ബ്രിഗേഡും ഷഹീന്‍ സയീദും
ജെയ്ഷിന്റെ പുതുതായി ആരംഭിച്ച വനിതാ ബ്രിഗേഡായ 'ജമാഅത്ത്-ഉല്‍-മോമിനാത്തി'ലെ പ്രധാന മുഖമാണ് ഉമര്‍ ഫാറൂഖിന്റെ ഭാര്യയായ അഫീറ ബീവി. ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ്, ബ്രിഗേഡിന്റെ ഉപദേശക സമിതിയായ 'ശൂറ'യില്‍ അഫീറ അംഗമായി.
മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പമാണ് അഫീറ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ രണ്ടുപേരും ഷഹീന്‍ സയീദുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.
ഡോ. ഷഹീന്‍ സയീദിന്റെ പങ്ക്
ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഷഹീന്‍ സയീദ്. ഇവരുടെ കാറില്‍ നിന്ന് ആക്രമണത്തിന് ഉപയോഗിക്കുന്ന റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ജമാഅത്ത്-ഉല്‍-മോമിനാത്തിന്റെ ഇന്ത്യാ വിഭാഗം സ്ഥാപിക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മൗലികവാദികളായ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനും ഷഹീന്‍ സയീദിനെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഡോ.ഷഹീന്‍ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ എത്തിയത് എപ്പോള്‍?
ലഖ്‌നൗവാണ് ഷഹീന്‍ സയീദിന്റെ സ്വദേശം. അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നതിന് മുമ്പ് അവര്‍ നിരവധി മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 സെപ്റ്റംബര്‍ മുതല്‍ 2013 ഡിസംബര്‍ വരെ കാണ്‍പൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഫാര്‍മക്കോളജി വിഭാഗം മേധാവിയായിരുന്നു. പാസ്പോര്‍ട്ട് വിവരങ്ങള്‍ അനുസരിച്ച്, 2016 മുതല്‍ 2018 വരെ രണ്ട് വര്‍ഷം അവര്‍ യു.എ.ഇയില്‍ താമസിച്ചു.
ഡോക്ടറായ ഡോ. ഹയാത്ത് സഫറുമായി വിവാഹിതയായിരുന്നുവെങ്കിലും 2012-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്, അവര്‍ ഡോ. സഫറിനൊപ്പമാണ് കഴിയുന്നത് വേര്‍പിരിഞ്ഞ ശേഷം താന്‍ ഷഹീനുമായി ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന് ഡോ. സഫര്‍ പറഞ്ഞു.
ഷഹീന്‍ ഒരു 'ലിബറല്‍' ആയിരുന്നെന്നും അവര്‍ക്ക് ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓസ്‌ട്രേലിയയിലേക്കു പോകുന്നതിലുള്ള അഭിപ്രായവ്യത്യാസമാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.'അവള്‍ പള്‍മണോളജി പ്രൊഫസറായിരുന്നു. 2006-ലാണ് അവള്‍ ബിരുദം പൂര്‍ത്തിയാക്കിയത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മക്കള്‍ അവരുമായി സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തന്റെ മകള്‍ക്ക് പങ്കുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഷഹീനിന്റെ പിതാവ് പറഞ്ഞു.
ഷഹീന്‍ പലപ്പോഴും ക്ലാസുകള്‍ ഒഴിവാക്കുമായിരുന്നുവെന്നും അവര്‍ക്കെതിരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അവര്‍ കോളേജിന്റെ കോര്‍ കമ്മിറ്റിയിലെ അംഗമായിരുന്നു. മുന്‍ സഹപ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍, അവര്‍ പലപ്പോഴും ആരെയും അറിയിക്കാതെ ജോലിക്ക് വരാതിരിക്കുമായിരുന്നു. അവര്‍ ക്ലാസില്‍ ഹാജരായിരുന്ന ദിവസങ്ങള്‍ കണ്ടെത്താനായി ഹാജര്‍ വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ഷഹീന്‍, മുസമ്മില്‍, ഉമര്‍ എന്നീ ഡോക്ടര്‍മാര്‍ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഷഹീനും മുസമ്മിലും ഇപ്പോള്‍ കസ്റ്റഡിയിലാണ്.
ചെങ്കോട്ടയ്ക്ക് സമീപം കാര്‍ സ്‌ഫോടനം നടത്തിയപ്പോള്‍ കൊല്ലപ്പെട്ടത് ഉമറാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ 13 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബ്രീസാ കാര്‍ കണ്ടെത്തി
അന്വേഷണ സംഘം ഇന്ന് പ്രതികള്‍ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ടാമത്തെ കാറും കണ്ടെത്തി. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് ബ്രീസാ കാര്‍ കണ്ടെത്തിയത്. ഇത് ഭീകര സംഘടനയിലെ വനിതാ ഡോക്ടറായ ഷഹീന്റെ കാറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ്, സ്‌ഫോടനത്തിന് ഉപയോഗിച്ച രണ്ടാമത്തെ കാറായ ചുവന്ന എക്കോ സ്‌പോര്‍ട്ട് ഫരീദാബാദില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ നമ്പര്‍ DL 10 CK 0458 ആണ്. ഖണ്ഡവാലി ഗ്രാമത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വാഹനം.
സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമെ, ഉമറും മുസമും രണ്ട് കാറുകള്‍ വ്യാജ വിലാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വാഹനം ഡല്‍ഹി ന്യൂ സീലംപൂരിലെ വിലാസത്തിലും മറ്റൊന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ച് ഡോ. ഉമര്‍ നബി എന്നയാളുടെ പേരിലും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് കണ്ടെത്തി.
അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് സൂചന. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയിലോ ദീപാവലി പോലുള്ള ആഘോഷവേളകളിലോ ആക്രമണം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികള്‍ വ്യാജ വിലാസങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തല്‍. ഈ വാഹനങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ വിവിധയിടങ്ങളില്‍ സഞ്ചരിച്ചിരുന്നത്.
സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് വ്യാജ രേഖകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കണ്ടെത്തി. ഡോ. ഉമര്‍ നബി എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് പോലീസ് പിടികൂടിയത്. ഡല്‍ഹിയിലെ ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലും ഇവര്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ രേഖകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
