ഡിവൈഎഫ്‌ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിന് എംഡിഎംഎ-കഞ്ചാവ് കേസിലെ പ്രതികള്‍; കേക്കുമുറിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷവും; വിവരങ്ങള്‍ തേടി പൊലീസ്
ഡിവൈഎഫ്‌ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിന് ലഹരിമരുന്ന് കേസിലെ പ്രതികള്‍
പത്തനംതിട്ട: ഡിവൈഎഫ്‌ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ലഹരിമരുന്ന് കേസിലെ പ്രതികള്‍ പങ്കെടുത്തത് വിവാദമായി. പൊലീസ് വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
ഡിവൈഎഫ്‌ഐ പറക്കോട് മേഖല സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ പിറന്നാള്‍ ആഘോഷത്തില്‍ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെ പ്രതികളും പങ്കെടുത്തതായാണ് ആരോപണം. വ്യാഴാഴ്ച രാത്രിയില്‍ പറക്കോട്ടാണ് റിയാസിന്റെ പിറന്നാള്‍ ആഘോഷവും ദീപാവലി ആഘോഷവും നടന്നത്. ഈ ആഘോഷത്തിലാണ് പന്തളത്തു നിന്ന് 154 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതി രാഹുല്‍, കഞ്ചാവു കേസിലെ പ്രതി അജ്മല്‍ എന്നിവരും പങ്കെടുത്തത്.
കേക്കു മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ആഘോഷത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അനന്തു മധുവും പറക്കോട് മേഖലയിലെ ബ്രാഞ്ച് സെക്രട്ടറിമാരും പങ്കെടുത്തിരുന്നു. കാപ്പാ കേസുകളിലെ പ്രതികളും ഉള്‍പ്പെട്ടിരുന്നതായും വിവരമുണ്ട്. ഇതു സംബന്ധിച്ച് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു.