ഓംപ്രകാശ് തമ്മനം ഫൈസലിനെ ഫോണില്‍ വിളിച്ചെന്ന് വിവരം; പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിക്കേസില്‍ ഫൈസലിനെ ചോദ്യം ചെയ്ത് മരട് പൊലീസ്; ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തെന്ന ആരോപണം നിഷേധിക്കുന്നതിടെ പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യാന്‍ ഒരുക്കം

തമ്മനം ഫൈസലിനെ ചോദ്യം ചെയ്ത് മരട് പൊലീസ്

Update: 2024-10-09 17:09 GMT

കൊച്ചി: ഗൂണ്ട നേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസില്‍ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തു. മരട് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ഫൈസലിനെ ചോദ്യം ചെയ്തത്. ഓംപ്രകാശ് തമ്മനം ഫൈസലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, ലഹരിക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നടി പ്രയാഗ മാര്‍ട്ടിന് നോട്ടീസ്. നാളെ രാവിലെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. രാവിലെ 10 ന് ഹാജരാകണമെന്നാണ് നോട്ടീസ്. ഓം പ്രകാശിന്റെ മുറിയില്‍ സന്ദര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയാഗ മാര്‍ട്ടിനെതിരെ നോട്ടീസയച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും എത്തിച്ച ബിനു ജോസഫില്‍ നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്. ഉടന്‍ താരങ്ങളുടെ മൊഴി എടുക്കും.

എന്നാല്‍ ഓം പ്രകാശിനെ കാണാന്‍ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറഞ്ഞു. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ 'ഹ..ഹാ..ഹി..ഹു!' എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡ് സ്റ്റോറിയിട്ട് പ്രയാഗ രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

എന്നാല്‍ ഇരുവര്‍ക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തലെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെയും മൊഴി ഉടന്‍ എടുത്തേക്കാനാണ് സാധ്യത.

ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടല്‍ മുറിയില്‍ ഇന്നലെ ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഹോട്ടല്‍ മുറിയില്‍ എത്തിയത് ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. താരങ്ങളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.

കൊച്ചിയിലെ ലഹരി ഇടപാടുകളില്‍ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ, ലഹരിക്കേസില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് ഓം പ്രകാശിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഈയിടെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാള്‍. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ലഹരിവസ്തുക്കള്‍ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്.

ചോദ്യംചെയ്യുന്നതിനിടയില്‍ മറ്റാരെങ്കിലും മുറിയില്‍ വന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കാന്‍ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥും പ്രയാഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് താരങ്ങള്‍ എത്തിയതായി വ്യക്തമായി. ഹോട്ടലിലെ രജിസ്റ്ററിലും ഇവരുടെ സന്ദര്‍ശനം രേഖപ്പെടുത്തിയിരുന്നു. താരങ്ങളടക്കം 20 പേര്‍ മുറിയിലെത്തിയിരുന്നതായാണ് വിവരം.

Tags:    

Similar News