നൃത്തം ചവിട്ടി വരുന്നതിനിടെ പിന്നില്‍ നിന്ന് അപ്രതീക്ഷിതമായി തള്ള്; ഒന്നുതിരിഞ്ഞുനോക്കിയെങ്കിലും ആള്‍ബലത്തില്‍ ഭയന്ന് പ്രതികരിക്കാതെ ഓംപ്രകാശ്; വളഞ്ഞത് എയര്‍പോര്‍ട്ട് സാജന്റെ ഗൂണ്ടാ സംഘത്തിലെ ഇരുപതോളം പേര്‍; ഓംപ്രകാശിന്റെ സുഹൃത്തിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു; ഈഞ്ചയ്ക്കലിലെ ബാര്‍ ഏറ്റുമുട്ടല്‍ കരുതിക്കൂട്ടി

ഈഞ്ചയ്ക്കലിലെ ബാര്‍ ഏറ്റുമുട്ടല്‍ കരുതിക്കൂട്ടി

Update: 2024-12-17 12:36 GMT

തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറില്‍ നടന്ന ഗൂണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഓംപ്രകാശിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫോര്‍ട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്. ഓംപ്രകാശിനൊപ്പം പതിനൊന്നുപേരും പിടിയിലായിട്ടുണ്ട്.

ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടി തടസ്സപ്പെടുത്തിയതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. ബാറിലെ കശപിശയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, കരുതി കൂട്ടിയ ഏറ്റുമുട്ടലാണ് സംഭവിച്ചതെന്നാണ് മനസ്സിലാകുന്നത്. ഡിജെ പാര്‍ട്ടിയില്‍ നൃത്തം ചവിട്ടുന്നവര്‍ക്കിടിയിലൂടെ നടന്നുപോയ ഓംപ്രകാശിനെ എതിരാളികളായ എയര്‍പോര്‍ട്ട് സാജന്റെ സംഘത്തില്‍ പെട്ടവര്‍ പിനിനില്‍ നിന്ന് തള്ളുന്നത് ദൃശ്യങ്ങളില്‍ കാണാം.

എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനിയാണ് ഡിജെ പാര്‍ട്ടി നയിക്കുന്നത്. നൃത്തം ചെയ്യുന്നവര്‍ക്ക് ഇടയിലൂടെ നടന്നുപോകുന്ന ഓംപ്രകാശിനെ സാജന്റെ ഗൂണ്ട സംഘത്തിലുള്ളവര്‍ രണ്ടുതവണ പിന്നില്‍ നിന്നു പിടിച്ചുതള്ളുന്നതാണ് കാണുന്നത്. തിരിഞ്ഞുനോക്കുന്ന ഓംപ്രകാശ് പ്രതികരിക്കാതെ കടന്നുപോവുകയാണ്. ഈ സമയം ഓംപ്രകാശിനെ തള്ളിയ ആളെ ബാറിലെ സുരക്ഷാജീവനക്കാരന്‍ (ബൗണ്‍സര്‍) പിടിച്ചുവലിക്കാന്‍ നോക്കുന്നത് ഡാനി തടയുന്നുണ്ട്. സാജന്റെ സംഘത്തിലെ ഇരുപതോളം പേര്‍ വളഞ്ഞതോടെ ഓംപ്രകാശ് പുറത്തേക്കുപോയി. ഈ സമയം ഓംപ്രകാശിനു പിന്നിലൂടെ വന്ന സുഹൃത്ത് നിധിനെ, സാജന്റെ സംഘം ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും കുപ്പി ഗ്ലാസ് വലിച്ചെറിയുകയുമായിരുന്നു. കേസില്‍ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും മകന്‍ ഡാനിയും അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സാജന്റെ സംഘത്തിലുള്ള അരുണ്‍, ജോസ് ബ്രിട്ടോ, സജിത്, സൗരവ്, രാജേഷ്, ബിജു എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘങ്ങള്‍ 2 മണിക്കൂറോളം ക്യാംപ് ചെയ്തു വെല്ലുവിളി തുടര്‍ന്നിട്ടും ബാര്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചില്ല. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഞായറാഴ്ച രാവിലെയാണ് ഫോര്‍ട്ട് പൊലീസ് കേസ് എടുത്തത്. ഏറ്റുമുട്ടലിനെക്കുറിച്ച് ശനിയാഴ്ച രാവിലെ തന്നെ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് വിവരങ്ങള്‍ നല്‍കിയിരുന്നു. ഗുണ്ടാപ്പോര് പുറത്തായാല്‍ വിവാദമാകുമെന്നു കണ്ട് പൊലീസ് സംഭവം രഹസ്യമാക്കി.

ഞായറാഴ്ച ഇതു വാര്‍ത്തയായതിനൊടുവില്‍ ബാര്‍ മാനേജറെ കണ്ട് പരാതി വാങ്ങി കേസ് എടുക്കുകയായിരുന്നു. ഓംപ്രകാശ്, എയര്‍പോര്‍ട്ട് സാജന്‍, ഡാനി, നിധിന്‍ എന്നിവരടക്കം എഴുപത്തഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. അടിപിടിക്കും ബാറിലെ ഡിജെ പാര്‍ട്ടി തടസ്സപ്പെടുത്തി നാശനഷ്ടം വരുത്തിയതിനുമാണ് കേസ്. ബാര്‍ മാനേജര്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നു പൊലീസ് പറഞ്ഞു.

സാജന്റെ മകനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഡാനി നടത്തിയ ഡി.ജെ പാര്‍ട്ടി ഓംപ്രകാശ് തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മിലുള്ള കുടിപ്പകയുടെ തുടര്‍ച്ചയാണ് ഏറ്റുമുട്ടല്‍. എയര്‍പോര്‍ട്ട് സാജന്റെ മകനായ ഡാനിയാണ് ഓം പ്രകാശിന് എതിര്‍ചേരിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. അപ്രാണി കൃഷ്‌കുമാര്‍ വധ കേസില്‍ ഓം പ്രകാശിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് തലസ്ഥാനത്തെ ഗുണ്ടാ ഏറ്റുമുട്ടലിന് ഒരു പരിധിവരെ അറുതിയായത്.

ഓം പ്രകാശിന്റെ അസാന്നിധ്യത്തില്‍ അതുവരെ ഭയന്ന് നിന്നവര്‍ പലരും സ്വന്തം സംഘത്തെ വളര്‍ത്തി. എയര്‍പോര്‍ട്ട് സാജനൊപ്പം മകന്‍ ഡാനിയും വളര്‍ന്നു. നഗരത്തിലെ ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഡാനി വാര്‍ത്തയില്‍ ഇടം പിടിച്ചത് സ്വന്തം സുഹൃത്തിനെ ക്രൂരമായി പീഡിപ്പിച്ച് കാല് പിടിപ്പിക്കുന്ന വീഡിയോയിലൂടെയാണ്. ഡാനിയുടെ സംഘം ഉപേക്ഷിച്ചതിനായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ കേസ് ഒഴിച്ച് നിര്‍ത്തിയാല്‍ ഡാനി മറ്റ് കേസുകളിലൊന്നും പ്രതിയല്ല.

അപ്രാണി കേസില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ഓം പ്രകാശ് വീണ്ടും കളത്തിലിറങ്ങി. ഈ രണ്ടാം വരവില്‍ ഓംപ്രകാശ് ഓപ്പറേ,ന്റെ ശൈലി തന്നെ മാറ്റിയിരുന്നു. നേരിട്ട് ഇടപെടല്‍ നടത്താത്തെ റിയല്‍ എസ്റ്റേറ്റിലും മറ്റ് ബിസിനസുകളിലുമായാണ് ഓംപ്രകാശ് കളം നിറഞ്ഞത്. റിയല്‍ എസ്റ്റേറ്റ് ഇടപാടും വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടികളുമായിരുന്നു പ്രധാന വരുമാനമാര്‍ഗം. പരസ്യമായ ക്വട്ടേഷന്‍ ഇടപാടുകളില്ലായിരുന്നു. പാറ്റൂരില്‍ കഴിഞ്ഞ വര്‍ഷം റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ നിധിനിനെ ഓം പ്രകാശിന്റെ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ പങ്കാളികളായി നിധിനും ഓം പ്രകാശും തമ്മില്‍ പണം പങ്കുവെക്കുന്നതില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഓം പ്രകാശിന്റെ സംഘത്തെ നിധിനിന്റെ കൂട്ടാളകിള്‍ ആക്രമിക്കുകയും ഒളിവില്‍ പോകുകയും ചെയ്തു.

അക്രമിസംഘത്തിന് അന്ന് ഒളിത്താവളം അടക്കമുള്ള സഹായം ചെയ്തത് ഡാനിയാണ്. കേസില്‍ ഒളിവിലായിരുന്ന ഓം പ്രകാശിനെ ഗോവയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. പിന്നാലെ കൊച്ചിയില്‍ വന്‍കിട ഹോട്ടലിലെ ലഹരി പാര്‍ട്ടിയുടെ പേരിലും ഓം പ്രകാശ് പിടിയിലായി. കഴിഞ്ഞ ഏതാനും കാലമായി എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനിയാണ് തലസ്ഥാനത്തെ ഡിജെ പാര്‍ട്ടികളുടെ പ്രധാന സംഘാടകന്‍. ഇതിനിടയില്‍ ഡിജെ പരിപാടികളുമായി ഓം പ്രകാശും തലസ്ഥാനത്ത് സജീവമാണ്. ഇഞ്ചക്കലില്‍ ഡാനി സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയിലേക്ക് ഓം പ്രകാശ് എത്തി സംഘര്‍ഷമുണ്ടാക്കിയത് ഏത് സാഹചര്യത്തിലാണ് എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഗുണ്ടകള്‍ തമ്മിലുള്ള പഴയ കുടിപ്പകയുടെ തുടര്‍ച്ചയാണോ പ്രശ്നം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഇഞ്ചക്കല്‍ സംഭവത്തില്‍ ഓംപ്രകാശിന് രക്ഷപ്പെടാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അവസരം ഒരുക്കിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ബാറിലെ അടിയില്‍ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും ഉള്‍പ്പെടെ 75ല്‍ അധികം പേര്‍ക്കെതിരെ കേസെടുത്തു. അതിനിടെ നഗരത്തിലെ ബാറുകളില്‍ എയര്‍പോര്‍ട്ട് ഡാനി നടത്തിയ ഡിജെ പാര്‍ട്ടികളെ കുറിച്ച് പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുബായിയില്‍ ഡിജെ സംഘത്തിലുണ്ടായിരുന്ന ഡാനിയുടെ ഇടപാടുകളും പരിശോധിക്കും. കുളത്തൂര്‍ കരിമണലില്‍ യുവാവില്‍ നിന്നു പിടിച്ചു വാങ്ങിയ ഫോണ്‍ തിരിച്ചു നല്‍കാന്‍ തന്റെ കാല്‍ പിടിക്കാനും കാലില്‍ ചുംബിക്കാനും ഭീഷണി പ്പെടുത്തുകയും ഇതു വിഡിയോ ചിത്രീകരിച്ചു പുറത്തുവിടുകയും ചെയ്ത കേസില്‍ പ്രതിയായ തിനെ തുടര്‍ന്നാണ് ഡാനി ദുബായിലേയ്ക്കു കടന്നത്. ഡാനി തലസ്ഥാനത്തെ ബാറുകളില്‍ ഷോ നടത്താന്‍ തുടങ്ങിയതാകാം ഓംപ്രകാശിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

ആനയറയ്ക്ക് അടുത്തൊരു സ്ഥലക്കച്ചവടത്തില്‍ ഓംപ്രാശിന് കോടികള്‍ കമ്മീഷന്‍ കിട്ടിയെന്നും സൂചനയുണ്ട്. എന്നാല്‍ വന്‍മുതലാളിയില്‍ നിന്നും കമ്മീഷന്‍ വാങ്ങിയതു കൊണ്ട് തന്നെ ഈ അന്വേഷണവും നടക്കില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. എയര്‍പോര്‍ട്ട് ഡാനി എന്ന സ്റ്റെഫാനും വലിയ പൊലീസ്-രാഷ്ട്രീയ ബന്ധങ്ങളുള്ളയാളാണ്. സ്റ്റെഫാന് ഡിവൈഎഫ്‌ഐയില്‍ പദവികളുണ്ടെന്ന് ആരോപണം നേരത്തേ തന്നെയുള്ളതാണ്. കോവിഡ് കാലത്ത് ഡാനിയും സംഘവും ചേര്‍ന്ന് കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായ ഡാനിയെയും സംഘത്തെയും രക്ഷിക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വം ശ്രമം നടത്തിയെന്നും എന്നാല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ ശക്തമായ നിലപാടെടുത്തതോടെ അവര്‍ പിന്‍വലിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി.


ഡാനിക്കു വേണ്ടി പിന്നീട് ശ്രമം നടന്നത് പൊലീസിന്റെ ഉന്നതങ്ങളില്‍ നിന്നായിരുന്നു. എയര്‍പോര്‍ട്ട് സാജന്‍ എന്ന ബിസിനസ്സുകാരന്റെ മകനാണ് ഡാനി എന്ന സ്റ്റെഫാന്‍. എയര്‍പോര്‍ട്ട് സാജനും തലസ്ഥാനത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്. മുമ്പും നിരവധി കേസുകളില്‍ പ്രതിയായ ഡാനിയുടെ ആക്ര,മണങ്ങളെല്ലാം സംഘം ചേര്‍ന്നാണ്. പിതാവിന്റെ ശക്തമായ പാര്‍ട്ടി ബന്ധങ്ങളാണ് പൊലീസുകാരെവരെ സംഘം ചേര്‍ന്ന് കേറിത്തല്ലാന്‍ ഇയാള്‍ക്ക് ബലം നല്‍കുന്നത്. തീരദേശം കേന്ദ്രീകരിച്ച് സമാന്തരഭരണം തന്നെയാണ് ഇവര്‍ നടത്തുന്നത്. വിയോജിപ്പുള്ള പാര്‍ട്ടി നേതാക്കള്‍ക്കും ഇയാളെ അനുസരിക്കാതെ പ്രദേശത്ത് കഴിഞ്ഞുകൂടാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. നഗരത്തിലാണ് ഓംപ്രകാശിന്റെ കരുത്ത്. ഓംപ്രകാശിനും സിപിഎം ബന്ധങ്ങളുണ്ട്.

പോള്‍ ജോര്‍ജ് വധം ഉള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. 1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാട് തുടങ്ങി ഇരുപതിലേറെ കേസുകളിലും പ്രതിയാണ്. അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ മുഖ്യപ്രതിയായിരുന്ന ഓംപ്രകാശിനെ രണ്ടു മാസംമുമ്പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും കസ്റ്റഡിയിലെടുത്തിരുന്നു. പല സാമ്പത്തിക ഇടപാടും കരാറുമായി കേരളത്തിലും ഗോവയിലും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

കൊച്ചിയിലെ ഓംപ്രകാശിന്റെ അറസ്റ്റും ഡിജെ പാര്‍ട്ടിയും സിനിമാക്കാരെ പോലും പ്രതിക്കൂട്ടിലാക്കിയിരുന്നു. സാജന്റെ ഗുണ്ടാ സംഘവും ഓംപ്രകാശിന്റെ ഗുണ്ടാസംഘവും തമ്മില്‍ ഈയിടെ വലിയ സംഘര്‍ഷവും തലസ്ഥാനത്ത് നടന്നിരുന്നു. ഓംപ്രകാശ് തലസ്ഥാനത്ത് നിരന്തരമായി ഗുണ്ടാവിളയാട്ടം നടത്തുമ്പോഴും പൊലീസിന് ഇവരെ പിടിക്കാന്‍ സാധിക്കാറില്ല. സാജനെപ്പോലെ വലിയ രാഷ്ട്രീയ-പൊലീസ് ബന്ധങ്ങളുള്ളയാളാണ് ഓംപ്രകാശും. തലസ്ഥാനത്തെ മറ്റൊരു ഗുണ്ടയായ മുട്ടട നിധീഷിന്റെ സംഘവുമായി ഓംപ്രകാശ് സംഘം നടത്തിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് ഏറെ വിവാദത്തിലായി. ഇതില്‍ നിധീഷിനൊപ്പമായിരുന്നു ഏയര്‍പോര്‍ട്ട് സാജന്‍. എയര്‍പോര്‍ട്ട് ഡാനി രാജ്യം വിട്ടതും ഇതിനിടെ ചര്‍ച്ചയായി.

ആദ്യത്തെ പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ആദ്യമെടുത്ത നടപടികളിലൊന്ന് തലസ്ഥാനത്തെ ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയായിരുന്നു. നിരവധി പേരെ ഈ നടപടിയുടെ ഭാഗമായി കരുതല്‍ തടങ്കലിലേക്ക് മാറ്റി. എന്നാല്‍ ഈ നടപടികളെയെല്ലാം നിഷ്ഫലമാക്കി തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടങ്ങള്‍ തുടങ്ങി. കോവിഡ് കാലത്തിനു പിന്നാലെ ഗുണ്ടകളുടെ അക്രമങ്ങള്‍ രൂക്ഷമായപ്പോള്‍ സംസ്ഥാന പൊലീസ് ഓപ്പറേഷന്‍ കാവല്‍ എന്ന ദൗത്യം ആരംഭിച്ചു. ഇതുപ്രകാരം വീണ്ടും കരുതല്‍ തടങ്കല്‍ നടപടികളാരംഭിച്ചു. പക്ഷേ എല്ലാം നിലച്ചു. ഓംപ്രകാശ് പ്രതിയായ കൊച്ചി ലഹരിക്കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ പോലീസ് നടത്തിയിരുന്നു.

ലഹരി ഇടപാടുകളുടെ ഫണ്ടര്‍ കൊല്ലം സ്വദേശി ഷിഹാസാണെന്നാണു കണ്ടെത്തല്‍. അന്വേഷണം ഉന്നത പോലീസുദ്യോഗസ്ഥനിലേക്കും നീളുന്നതായാണു സൂചന. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ വിട്ടുകിട്ടാന്‍ ഈ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ്, ഇയാളുടെ ഹോട്ടല്‍മുറിയില്‍ നടന്നതു ലഹരിപ്പാര്‍ട്ടിയെന്ന് ഉറപ്പിച്ചിരുന്നു. ഓം പ്രകാശിന്റെ മുറിയിലെത്തിയ മുഴുവന്‍ ആളുകളെയും ചോദ്യം ചെയ്തതിനു ശേഷമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഈ കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമടക്കം 20 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവരെല്ലാവരും സത്കാരത്തിനിടെ ഓംപ്രകാശിന്റെ മുറിയിലെത്തിയതായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘത്തിന് മുറിയില്‍ ലഹരിപ്പാര്‍ട്ടി നടന്നതായി ഉറപ്പിക്കാന്‍ കഴിഞ്ഞു. ചിലരുടെ മുടിയും നഖവും പോലീസ് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിക്കുന്നതോടെ കൂടുതല്‍ നടപടികളിലേക്കു കടക്കും.

ഒക്ടോബര്‍ ആറിനാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഓം പ്രകാശിനെ പിടികൂടിയത്. നാലു ലിറ്റര്‍ വിദേശമദ്യവും കൊക്കെയിന്‍ പൗഡറും ഇവിടെനിന്നു കൊച്ചി ഡാന്‍സാഫ് ടീമും മരട് പോലീസും ചേര്‍ന്നു പിടിച്ചെടുത്തിരുന്നു. ഓംപ്രകാശിന്റെ ജാമ്യം റദ്ദുചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണു മരട് പോലീസ്. ഇതിനിടെയാണ് തിരുവനന്തപുരത്തെ ഡിജെ പാര്‍ട്ടിയിലെ സംഘര്‍ഷം എത്തുന്നത്.രണ്ടുമാസം മുമ്പ് കൊച്ചിയില്‍ ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നു.

Tags:    

Similar News