സേവ് ബോക്‌സ് ആപ്പ് തട്ടിപ്പില്‍ ജയസൂര്യക്കെതിരെ ഇഡിയുടെ നടപടി; ബ്രാന്‍ഡ് അംബാസഡറായിരുന്ന ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു; നടപടി ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന്

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പില്‍ ജയസൂര്യക്കെതിരെ ഇഡിയുടെ നടപടി

Update: 2026-02-18 07:01 GMT

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്കെതിരെ നടപടിയുമായി ഇഡി. നടന്റെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. കേസില്‍ രണ്ടുതവണ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സാധാരണ ജനങ്ങളെ കബളിപ്പിച്ചു പണം തട്ടുന്ന സ്ഥാപനങ്ങള്‍ക്കെതിരായ നിയമനടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നവരെയും തട്ടിപ്പിലെ കൂട്ടാളികളായി കണക്കാക്കി നടപടി സ്വീകരിക്കാനാണു നിര്‍ദേശം നല്‍കിയിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണു 'സേവ് ബോക്സ്' ലേല ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നു നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത്. സേവ് ബോക്‌സ് ആപ്പുമായി നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്ക് സമയം അനുവദിച്ചിരുന്നു. നേരത്തെ സമാനമായ ആപ്പുകളില്‍ അഭിനയിച്ചതിന് ക്രിക്കറ്റ്, ബോളിവുഡ് താരങ്ങള്‍ക്കെതിരെയും നടപടി എടുത്തിരുന്നു.

ഇതിനിടയില്‍ രണ്ടുതവണ ജയസൂര്യയെ ഇ.ഡി ചോദ്യംചെയ്തു. തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിനു വഴിയൊരുക്കിയത്. നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിച്ചതിനു തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ലാണു തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്ന് ജയസൂര്യ നേരത്തെ പറഞ്ഞിരുന്നു.നമ്മളെ പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് നമുക്ക് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ സാധിക്കുമോ' എന്ന് താരം ചോദിച്ചിരുന്നു.

ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി സാദിഖ് റഹീമിന്റെ അക്കൗണ്ടില്‍നിന്ന് നടന്റെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് കണ്ടെത്തല്‍.

കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണിതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാല്‍, നടന്റെ ബാങ്ക് അക്കൗണ്ട്, കരാര്‍ എന്നിവയില്‍ ഇ.ഡി വീണ്ടും പരിശോധന നടത്തും. ജനുവരി ഏഴിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. സാദിഖിന് സിനിമ മേഖലയിലുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നതിനാല്‍ കൂടുതല്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

ഡിസംബര്‍ 29നാണ് നടനെയും ഭാര്യയെയും ഇ.ഡി അവസാനമായി ചോദ്യംചെയ്തത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യ കരാര്‍ ഒപ്പുവെച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് ചോദ്യംചെയ്തത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഭാര്യയുടെ മൊഴിയും എടുത്തിരുന്നു. ഇടപാടുകളില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ജയസൂര്യയെ വീണ്ടും ചോദ്യംചെയ്യുന്നതെന്നാണ് വിവരം.

സേവ് ബോക്‌സ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ 2023ല്‍ സ്ഥാപന ഉടമയും തൃശൂര്‍ സ്വദേശിയുമായ സാദിഖിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നെന്ന സംശയങ്ങള്‍ ഉയര്‍ന്നത്. പിന്നീടാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.

കുറഞ്ഞ വിലയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ആപ്പ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. ലേലത്തില്‍ പങ്കെടുക്കാന്‍ സേവ് ബോക്‌സ് നല്‍കുന്ന വെര്‍ച്വല്‍ കോയിനുകള്‍ പണംകൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചാണ് ലേലം. ഇന്ത്യയിലെ ആദ്യ ബെറ്റിങ് ആപ്പ് എന്ന് പ്രചരിപ്പിച്ചിരുന്ന ആപ്പ് ഉദ്ഘാടനം ചെയ്തതും ജയസൂര്യയായിരുന്നു.

Tags:    

Similar News