പാഞ്ചാലി മേട്ടിലെ റിസോര്‍ട്ട് ഉടമ ഡിയോള്‍ എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്ത്; അഞ്ച് വര്‍ഷമായി ഡിയോളിന്റെ നേതൃത്വത്തില്‍ 'റേപ്പ് ഡ്രഗ്ര്' എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്ട്രേലിയയിലേക്ക് അയച്ചു; ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പനയില്‍ എഡിസണ്‍ സമ്പാദിച്ച കോടികള്‍ എവിടെ? മല്ലു ഡ്രഗ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ തേടി എന്‍സിബി
പാഞ്ചാലി മേട്ടിലെ റിസോര്‍ട്ട് ഉടമ ഡിയോള്‍ എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്ത്
മൂവാറ്റുപുഴ: മലയാളികള്‍ നയിക്കുന്ന ആഗോള ഡ്രഗ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. മൂവാറ്റുപുഴയില്‍ നിന്നും യുകെയിലേക്കും ഓസ്‌ട്രേലിയയിലേക്കും വളര്‍ന്ന ഈ മാഫിയയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. കെറ്റമെലോണ്‍ ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പനക്കാരനായ എഡിസന്‍ ബാബുവിന്റെ അറസ്റ്റിന് പിന്നാലെ പാഞ്ചാലിമേട്ടിലെ സണ്‍സെറ്റ് വാലി റിസോര്‍ട്ടിന്റെ ഉടമകളായ ഡിയോള്‍ ഭാര്യ അഞ്ജു എന്നിവരെയാണ് കൊച്ചി എന്‍സിബി യൂണിറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടണ്ട്.
എഡിസന്‍ ബാബുവെന്ന മുപ്പത്തിയഞ്ചുകാരന്‍ ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലഹരിസ്രോതസായി വളര്‍ന്നു. എഡിസന് കൂട്ടായി സഹപാഠിയായ മറ്റൊരു മൂവാറ്റുപുഴക്കാരന്‍ അരുണ്‍ തോമസും പിടിയിലായതോടെ ലഹരിച്ചങ്ങലയിലെ മലയാളി ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇടുക്കി പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടുടമകളായ ദമ്പതികളെ കൂടി എന്‍സിബി അറസ്റ്റ് ചെയ്യുന്നത്.
പാഞ്ചാലിമേട്ടിലെ സണ്‍സെറ്റ് വാലി റിസോര്‍ട്ടിന്റെ ഉടമകളായ ഡിയോള്‍ ഭാര്യ അഞ്ജു എന്നിവരെയാണ് കൊച്ചി എന്‍സിബി യൂണിറ്റ് അറസ്റ്റ് ചെയ്തത്. 2023ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരി പാഴ്‌സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോര്‍ട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. വ്യാജ മേല്‍വിലാസവും വിവരങ്ങളാണ് അന്ന് പാഴ്‌സല്‍ അയക്കാനായി നല്‍കിയിരുന്നതെങ്കിലും ഒന്നര വര്‍ഷത്തിന് ശേഷം അന്വേഷണം ദമ്പതികളില്‍ എത്തിനിന്നു. 2019 മുതല്‍ ഡിയോളിന്റെ നേതൃത്വത്തില്‍ 'റേപ്പ് ഡ്രഗ്ര്' എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.
കെറ്റമെലോണ്‍ ഡാര്‍ക് നെറ്റ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രം എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്താണ് ഡിയോള്‍. ബിടെക്കിനടക്കം മൂവാറ്റുപുഴയിലെ കോളജില്‍ ഇവര്‍ ഒരുമിച്ച് പഠിച്ചതായുള്ള സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നു. എഡിസനോടൊപ്പം കെറ്റമെലോണ്‍ കേസില്‍ പിടിയിലായ മൂവാറ്റുപുഴ സ്വദേശി അരുണ്‍ തോമസും ഡിയോളിന്റെ ക്ലാസ്‌മേറ്റാണ്. ഈ ഇഴപിരിയാത്ത കൂട്ടുകെട്ടാണ് ലഹരിയിടപാടിലും തുടര്‍ന്നത്. ഇതില്‍ മുഖ്യസൂത്രധാരന്‍ എഡിസനാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഡിയോളിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തേണ്ടി വരും.
2019 മുതല്‍ ഡിയോളും എസിഡനും കൂടി ഓസ്‌ട്രേലിയയിലേക്ക് കെറ്റമീന്‍ അയക്കുന്നുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ഡാര്‍ക്ക് നെറ്റ് വഴി യുകെയില്‍ നിന്ന് പാഴ്‌സലായി ലഹരിയെത്തിച്ച് അത് പിന്നീട് ഓസ്‌ട്രേലിയിലേക്ക് അയച്ചു നല്‍കും. ഡാര്‍ക്ക് നെറ്റിലായിരുന്നു ഇടപാടുകളെങ്കിലും കെറ്റമെലോണുമായി ഡിയോളിനും അഞ്ജുവിനും ബന്ധമില്ലെന്നാണ് എന്‍സിബി ഈഘട്ടത്തില്‍ വ്യക്തമാക്കുന്നത്. 2021ലാണ് ഡിയോളും അഞ്ജുവും പാഞ്ചാലിമേടിലെത്തുന്നത്. 2023ല്‍ ഹോംസ്റ്റേ റിസോര്‍ട്ടാക്കി മാറ്റി. ഇടപാടുകള്‍ക്കപ്പുറം ഇവരും ലഹരി ഉപയോഗിച്ചിരുന്നതായും എന്‍സിബി വ്യക്തമാക്കുന്നു.
അതേസമയം ഡാര്‍ക്ക് വെബ്ബിലൂടെ എഡിസന്‍ സമ്പാദിച്ച കോടികള്‍ എവിടെയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് വേറെ എവിടെയോ പൂഴ്ത്തിയെന്നാണ് വിവരം. കുടുംബാംഗങളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം നടത്തും. ആഗോള ലഹരിമരുന്ന് ശൃംഖലകളെ പൂട്ടാന്‍ കേരളത്തിലെ കണ്ണികള്‍ക്ക് പുറമെ ഓസ്‌ട്രേലിയയിലും അമേരിക്കയിലുമടക്കം അന്വേഷണം നടക്കുകയാണ്. എന്‍സിബിക്ക് പുറമെ മറ്റ് ഏജന്‍സികളുടെ സഹകരണത്തോടെയാണ് അന്വേഷണം. മലയാളികള്‍ കണ്ണികളായ ഡ്രഗ് കാര്‍ട്ടല്‍ നാല് ഭൂഖണ്ഡങ്ങളില്‍ പത്തിലേറെ രാജ്യങ്ങളിലാണ് പടര്‍ന്ന് കിടക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ ഈ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ച എട്ട് പേരാണ് ഇതിനകം പിടിയിലായത്. ലഹരിയടങ്ങിയ അഞ്ച് കണ്‍സൈന്‍മെന്റുകളും പിടികൂടി. ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത എന്‍സിബിയെയും ഏജന്‍സികളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രശംസിച്ചു. അതേസമയം മൂവാറ്റുപുഴയിലെ ആഗോള ഡ്രഗ് മാഫിയയുടെ വിവരങ്ങള്‍ അറിഞ്ഞ് കിളി പോയ അവസ്ഥയിലാണ് നാട്ടുകാര്‍.