മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് പഠിച്ച ശേഷം പൂനയിലും ബംഗളൂരുവിലും ഡല്‍ഹിയിലും ജോലി; കുറച്ചു കാലം അമേരിക്കയിലും; മടങ്ങിയെത്തിയ ശേഷം ലഹരിയിടപാടുകളില്‍ ശ്രദ്ധ; 2023ല്‍ സാംബഡയെ തകര്‍ത്തപ്പോള്‍ കെറ്റാമെലോണ്‍; ഡാര്‍ക് നെറ്റ് ലഹരിയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത; എഡിസണിന് പിന്നിലെ ശക്തി ആര്?
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ തലവനായ കെറ്റാമെലോണ്‍ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ശൃംഖല കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. എഡിസണിലൂടെ ലഹരി വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തി. ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് വിവരം. കെറ്റാമെലോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ലഹരിവാങ്ങിയവരെക്കുറിച്ചുള്ള സൂചനകളും എന്‍സിബിക്ക് ലഭിച്ചത്. ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുംഗാദിന്‍, ലോകത്തിലെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ഡോ.സ്യൂസ് എന്നിവയിലെ അംഗങ്ങളെ പിടികൂടാനും നടപടി തുടങ്ങി.
കൊറിയര്‍ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ എഡിസണും കൂട്ടാളികളും അയച്ച പാഴ്സലുകളുടെ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്‍പ്പെടെയാണ് അയച്ചിരുന്നത്. എന്‍സിബിയുടെ വിവിധ യൂണിറ്റുകള്‍ ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തി ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എഡിസന്റെയും കൂട്ടാളിയുടെയും വിദേശനിക്ഷേപങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരുന്നു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. എഡിസണും അരുണ്‍ തോമസിനും പിന്നാലെ അറസ്റ്റിലായ വാഗമണ്ണിലെ റിസോര്‍ട്ട് ഉടമകളായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരുടെ ഓസ്ട്രേലിയന്‍ ഇടപാടുകളിലും പരിശോധന നടക്കുന്നു.
കെറ്റാമെലോണ്‍ മയക്കുമരുന്ന് ഇടപാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സാംബഡ മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെയും എന്‍സിബി ചോദ്യംചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിമരുന്ന് കാര്‍ട്ടലാണ് സാംബഡ. 2023ല്‍ സാംബഡ അംഗങ്ങളെ എന്‍സിബി പിടികൂടിയിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നയാളും ഇതിലുണ്ടായിരുന്നു. കെറ്റാമെലോണുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നും പരിശോധിക്കും. എഡിസണ്‍, സുഹൃത്ത് അരുണ്‍ തോമസ് എന്നിവരെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിച്ചേക്കും. സമാനമായ മറ്റൊരു കേസില്‍ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന വാഗമണ്ണിലെ റിസോര്‍ട്ട് ഉടമകളായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെയും കസ്റ്റഡിയില്‍ വാങ്ങും. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുന്നത്.
ഡാര്‍ക്ക്നെറ്റിന്റെ മുഖ്യസൂത്രധാരന്മാരായ ഡോ. സ്യൂസില്‍നിന്ന് പാഴ്സല്‍വഴിയാണ് എഡിസണ്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ എത്തിച്ചിരുന്നത്. തുടര്‍ന്ന് കെറ്റാമെലോണ്‍വഴി ബന്ധപ്പെടുന്നവര്‍ക്ക് പാഴ്സലുകളില്‍ അയക്കുകയായിരുന്നു പതിവ്. ക്രിപ്റ്റോകറന്‍സിയായ മൊനേറോയിലായിരുന്നു ഇടപാടുകള്‍. എഡിസനെയും കൂട്ടാളിയെയും പിടികൂടിയതിനുപിന്നാലെ രാജ്യവ്യാപകമായി പരിശോധന നടത്തുകയാണ്. കെറ്റാമെലോണ്‍ മയക്കുമരുന്ന് ശൃംഖലയുടെ തലവന്‍ എഡിസനാണെന്നാണ് പ്രാഥമിക ചോദ്യംചെയ്യലിലെ കണ്ടെത്തല്‍. രണ്ടുവര്‍ഷമായി ഇതുവഴി ഇയാള്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നു. ഡാര്‍ക്ക്നെറ്റ് വഴി സ്വന്തം ആവശ്യത്തിനാണ് ആദ്യം മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് കെറ്റാമെലോണ്‍ ഒരുക്കുകയും ഇടപാടിലേക്ക് കടക്കുകയുമായിരുന്നു. നാലുമാസം നീണ്ട 'മെലോണ്‍' ദൗത്യത്തിനൊടുവിലാണ് എന്‍സിബി കൊച്ചി യൂണിറ്റ് കെറ്റാമെലോണ്‍ ശൃംഖല തകര്‍ത്തതും എഡിസനെ പിടിച്ചതും.
എഡിസണ്‍ തലവനായ കെറ്റാമെലോണ്‍ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ശൃംഖല ഈ രംഗത്തേക്ക് കടന്നുവന്നത് സാംബഡയുടെ ഒഴിവില്‍. 2023ല്‍ സാംബഡ എന്ന പേരിലുള്ള മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെ എന്‍സിബി പിടികൂടിയിരുന്നു. ഇന്ത്യയില്‍ മാത്രമായിരുന്നു എഡിസന്റെ ലഹരിവില്‍പ്പന. കൂടുതലും എല്‍എസ്ഡിയാണ് വിറ്റിരുന്നത്. അതിവേഗം ഈ രംഗത്ത് ഇടപാടുകാരുടെ വിശ്വാസ്യത നേടാന്‍ ഇയാളുടെ കെറ്റാമെലോണ്‍ ശൃംഖലക്കായി. കൃത്യമായ അളവില്‍ മയക്കുമരുന്ന് എത്തിച്ചാണ് ലഹരി ഉപയോഗിക്കുന്നവരുടെ വിശ്വാസ്യത നേടിയത്. എന്‍സിബി നേരത്തേ പിടിച്ച സാംബഡ സംഘവും ഡോ. സ്യുസില്‍നിന്നാണ് മയക്കുമരുന്ന് വാങ്ങിയിരുന്നത്.
മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങാണ് എഡിസണ്‍ പഠിച്ചത്. പഠനശേഷം പുണെ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ ജോലിചെയ്തു. കുറച്ചുകാലം അമേരിക്കയിലായിരുന്നു. മടങ്ങിയെത്തിയശേഷമാണ് ലഹരിയിടപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. നാട്ടുകാരുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. ചില ബന്ധുക്കള്‍ എത്തിയിരുന്നെങ്കിലും വീട് പൂട്ടിയനിലയിലാണ്. വീടിന് തൊട്ടുമുന്നില്‍ പുതിയൊരു ബഹുനില കെട്ടിടം നിര്‍മാണം തുടങ്ങിയിട്ടുണ്ട്. പാഴ്സല്‍ വഴിയാണ് എല്‍എസ്ഡി എത്തിച്ചത്. പാഴ്സല്‍ വാങ്ങാന്‍ ഇയാള്‍തന്നെയാണ് പോയിരുന്നത്. ഇത് വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് കെറ്റാമെലോണ്‍ വഴി ബന്ധപ്പെടുന്നവര്‍ക്ക് മയക്കുമരുന്ന് പാഴ്സലുകളില്‍ അയക്കും.