വില്‍പ്പന സന്ദേശങ്ങളും സ്‌ക്രീന്‍ഷോട്ടുകളും ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളും വാലറ്റ് ബാക്കപ്പുകളും ഡിലീറ്റ് ചെയ്യണം; ബ്രൗസിങ് ഹിസ്റ്ററി അടക്കം നീക്കണം; ലഹരി കവറുകള്‍ കത്തിച്ച് ചാരം വെള്ളത്തില്‍ അലിയിക്കണം; ഫിംഗര്‍ പ്രിന്റുകള്‍ നശിപ്പിക്കണം; എഡിസണ്‍ കേസില്‍ തെളിവുകള്‍ എല്ലാം ഭസ്മമാക്കാന്‍ ഡാര്‍ക് നെറ്റ്; എഡിസണ്‍ സത്യം പറയുമോ?

Update: 2025-07-07 06:56 GMT

കൊച്ചി: ഡാര്‍ക്ക് വെബ് ലഹരിക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നീക്കം. പോലീസ് അറസ്റ്റ് ചെയ്യാത്ത പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അന്താരാഷ്ട്ര ഡ്രഗ് കാര്‍ട്ടല്‍ വിശദമായ നിര്‍ദേശങ്ങള്‍ നല്‍കി. ഡിജിറ്റല്‍ തെളിവുകള്‍ സമ്പൂര്‍ണമായി നശിപ്പിക്കാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ ഇവര്‍ നല്‍കിയിരിക്കുന്നത്. ഡാര്‍ക്ക് വെബിലെ ഡ്രെഡ് ആപ്പിലൂടെ നടന്ന ചര്‍ച്ചയുടെ തെളിവുകള്‍ പുറത്തു വന്നു. ജൂണ്‍ ഒന്നിന് ആണ് ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണെ എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തിരുന്നു. എഡിസണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനുമാണ് പിടികൂടിയത്. രണ്ടുവര്‍ഷമായി ഇയാള്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നു. എഡിസണ്‍ അറസ്റ്റു ചെയ്ത ശേഷമാണ് ഡാര്‍ക്ക് വെബ് കരുതലിലേക്ക് പോകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയാണ് കെറ്റാമലോണ്‍. ഇതിന്റെ തലവനായിരുന്നു എഡിസണ്‍. 'മെലണ്‍' എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് എന്‍സിബിയുടെ കൊച്ചി യൂണിറ്റ് മയക്കുമരുന്ന് ശൃംഖല തകര്‍ത്തത്. എഡിസണെ വിശദമായി ചോദ്യം ചെയ്യാനാണ് എന്‍സിബി ഒരുങ്ങുന്നത്. എഡിസണ്‍ സത്യം പറഞ്ഞാല്‍ വമ്പന്‍ ലോബി തന്നെ കുടുങ്ങും. ഇത് മനസ്സിലാക്കിയാണ് തെളിവ് നശിപ്പിക്കല്‍ നീക്കം.

എഡിസണ്‍ പിടിയിലായതോടെയാണ് തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള നീക്കം അന്താരാഷ്ട്ര ലഹരി സംഘം നടത്തിയത്. എഡിസണ്‍ പിടിയിലായി രണ്ട് ദിവസത്തിന് ശേഷമാണ് മാധ്യമങ്ങള്‍ പോലും ഈ വിവരം അറിയുന്നത്. അപ്പോഴേക്കും ലഹരി സംഘം തങ്ങളുടെ കൂട്ടാളികളെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. രണ്ട് രീതിയിലാണ് തെളിവുകള്‍ നശിപ്പിച്ചു കളയാന്‍ ഡ്രെഡ് എന്ന ആപ്പ് വഴി നിര്‍ദേശം. ഡാര്‍ക്ക് വെബ് ഉപയോഗിച്ചത് സംബന്ധിച്ച എല്ലാ വിവരങ്ങളും അവരുടെ ഡെസ്‌ക്ടോപ്പില്‍ നിന്ന് നീക്കം ചെയ്യണം. വില്‍പ്പന സംബന്ധിയായ സന്ദേശങ്ങള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍, വാലറ്റ് ബാക്കപ്പുകള്‍, മേല്‍വിലാസങ്ങള്‍ എന്നിവ ബ്രൗസിങ് ഹിസ്റ്ററി അടക്കം നീക്കം ചെയ്യാനാണ് നിര്‍ദേശം്. കൈവശമുള്ള തെളിവുകള്‍ എങ്ങനെ നശിപ്പിക്കണമെന്നതിന് വ്യക്തമായ നിര്‍ദേശങ്ങള്‍ കാര്‍ട്ടല്‍ നല്‍കുന്നുണ്ട്. ലഹരി വാങ്ങിയ കവറുകള്‍ കത്തിച്ച് അവയുടെ ചാരം വെള്ളത്തില്‍ അലിയിച്ച് കളയണം. ഫിംഗര്‍പ്രിന്റുകള്‍ നശിപ്പിച്ചു കളയണമെന്നും പറയുന്നുണ്ട്.

എഡിസണേയും സുഹൃത്തുക്കളും സഹായികളുമായ അരുണ്‍ തോമസ്, കെ.വി.ഡിയോള്‍, ഭാര്യ അഞ്ജു ഡേവിസ് എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാന്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചിട്ടുണ്ട്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സാധാരണ പിടികൂടുന്നതിനെക്കാള്‍ പത്തിരട്ടി ലഹരിയാണ് എഡിസണ്‍ കൈകാര്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലൂടെ കോടിക്കണക്കിന് രൂപയുടെ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ശൃംഖലയുടെ വിവരങ്ങളാകും പുറത്തുവരിക. എഡിസണ്‍ ബാബു, അരുണ്‍ തോമസ്, ഡിയോള്‍ എന്നിവര്‍ സഹപാഠികളാണ്. മൂവാറ്റുപുഴയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലാണ് മൂന്നുപേരും പഠിച്ചത്. അതുകൊണ്ടുതന്നെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള ഇവരുടെ അടുത്ത സുഹൃത്തുക്കളും നിരന്തരമായി ബന്ധപ്പെടുന്നവരും നിലവില്‍ എന്‍സിബിയുടെ അന്വേഷണ പിരിധിയിലാണ്.

2021 മുതലാണ് ലഹരി ഇടപാടുകള്‍ എഡിസണ്‍ തുടങ്ങിയത്. ഏകദേശം ആയിരത്തിനടുത്ത് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ കോടികളാണ് സമ്പാദിച്ചത്. ഇതെല്ലാം പല മേഖലകളില്‍ നിക്ഷേപിച്ചു എന്നതാണ് വിവരം. ഇതിനുള്ള തെളിവുകളെല്ലാം എന്‍സിബിക്ക് കിട്ടിയതായാണ് വിവരം. ബെംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്‌ന, ഡല്‍ഹി, കൂടാതെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് എല്‍എസ്ഡി ഇയാള്‍ അയച്ചിട്ടുണ്ട്. ആറുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴ സ്വദേശിയായ എഡിസണിലേയ്ക്ക് എന്‍സിബി എത്തിയത്. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്സലാണ് എഡിസണ് കിട്ടിയത്.

ഡാര്‍ക്ക്‌നെറ്റ് വഴി ആദ്യം സ്വന്തം ആവശ്യത്തിനാണ് എഡിസണ്‍ മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് 'കെറ്റാമെലോണ്‍' എന്ന പേരില്‍ ലഹരി ഇടപാട് ശൃംഖല ഒരുക്കിയായിരുന്നു വില്‍പ്പന. 2023-ല്‍ സാംബഡ എന്ന പേരിലുള്ള മയക്കുമരുന്ന് ശൃംഖലയിലെ അംഗങ്ങളെ എന്‍സിബി പിടികൂടിയിരുന്നു. ഇതിനുശേഷമാണ് സാംബഡ ബന്ധം പുലര്‍ത്തിയിരുന്ന ലഹരി കേന്ദ്രങ്ങളുമായി എഡിസണ്‍ ബന്ധം സ്ഥാപിച്ചതും കെറ്റാമെലോണ്‍ എന്ന ശൃംഖല ഒരുക്കി വിതരണം ചെയ്തതും. മൊനേരൊ ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു ഇടപാടുകള്‍.

ഓസ്ട്രേലിയയിലേക്ക് ലഹരി കടത്തിയെന്ന കേസിലാണ് ഇടുക്കി പീരുമേടിനുസമീപം പാഞ്ചാലിമേട്ടിലെ റിസോര്‍ട്ടുടമയായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. ഡിയോളും എഡിസനുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം. ഇതോടെയാണ് കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, തന്നെ ഡിയോളിനൊപ്പം ചേര്‍ന്ന് ഓസ്ട്രേലിയയിലേക്ക് കെറ്റമിന്‍ അയയ്ക്കുന്നതില്‍ എഡിസനും പങ്കാളിയായിരുന്നുവെന്നും എന്നാല്‍, തന്റെ കെറ്റാമിലോണ്‍ ശ്യംഖലയെക്കുറിച്ച് എഡിസണ്‍ ഇവരില്‍ നിന്ന് മറച്ചുവെച്ചു എന്നുമാണ് വിവരം.

Tags:    

Similar News